പാലക്കാട്: അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് ഇടത് സർക്കാർ നടത്തിയത്. കൺസൾട്ടൻസി / പൊതുമേഖല നിയമനം കൂടി കണക്കാക്കിയാൽ മൂന്ന് ലക്ഷം പിൻവാതിൽ നിയമനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ താത്കാലിക നിയമനം പൂർണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒഴിവുകൾ റിപ്പോർട്ടു ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 3 മാസം മുതൽ 2 വർഷം വരെ ശിക്ഷ ഉറപ്പാക്കും. താത്കാലിക നിയമനം പൂർണ്ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഒരു അവസരവും ലഭിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലും കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും നടക്കുന്നത്. പിഎസ് സി ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിനും നിയമം കൊണ്ടുവരും. കരട് നിയമം യുഡിഎഫിൽ ചർച്ച ചെയ്യും. ഇതിനു ശേഷം അന്തിമമായ നിയമം തയ്യാറാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാലടി സർവകലാശാലയിലെ നിയമന വിവാദം പുറത്തുകൊണ്ടുവന്നത് ഇന്റർവ്യൂ ബോർഡിലുള്ളവരാണ്. മോഷണം കയ്യോടെ പിടികൂടിയപ്പോൾ പിടിച്ചവരെ മോഷ്ടാവ് ആക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

എംബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിലൂടെ അനധികൃത നിയമനങ്ങളെ ആണ് എതിർക്കുന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച ബോർഡ് അംഗങ്ങൾ കോൺഗ്രസ്സുകാരല്ല. സത്യം കണ്ടു പിടിക്കുന്നവരെ മോഷ്ടാക്കളാക്കുന്നു. ഉപജാപക സിദ്ധാന്തം കൊണ്ടു വരുന്നു. സത്യം പറയുന്നവരെ നിശ്ശബ്ദരാക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം നിലപാട് എന്താണെന്നും മന്ത്രി ജയരാജൻ മാനുഷിക പരിഗണന എന്നാണ് പറയുമ്പോൾ അത് മറ്റ് ഉദ്യോഗാർഥികൾക്ക് ഇത് ബാധകമല്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കിഫ്ബി നിർത്തലാക്കാൻ യുഡിഎഫ് ആലോചിക്കുന്നില്ല. അധികാരത്തിലെത്തിയാലും കിഫ്ബി നിലനിർത്തി തന്നെ മുന്നോട്ട് പോകും . നടപടി ക്രമങ്ങളിലെ വീഴ്ചകൾക്കാണ് പരിഹാരം ഉണ്ടാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു .