- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാർ ശ്രമിച്ചത് മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാൻ; മുഖ്യമന്ത്രിയുടെ കള്ളം കയ്യോടെ പിടികൂടിയില്ലായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനുള്ള ഉടമ്പടിയിൽ സർക്കാർ ഒപ്പുവെച്ചേനെയെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ കള്ളം പ്രതിപക്ഷം കയ്യോടെ പിടികൂടിയില്ലായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കാനുള്ള ഉടമ്പടിയിൽ സർക്കാർ ഒപ്പുവെച്ചേനെയെന്നും ചെന്നിത്തല പറഞ്ഞു. തങ്ങൾ ചെയ്ത പാഴ്‌വേല മുഴുവൻ ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു തവണ ജനങ്ങളുടെ ആരോഗ്യം വിറ്റ് കാശാക്കാൻ ശ്രമിച്ചു. ഇപ്പോൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിട്ട് മത്സ്യസമ്പത്ത് വിറ്റ് കാശാക്കാനാണ് സർക്കാർ ശ്രമിച്ചത്. രണ്ടും കൈയോടെ പിടികൂടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'സാധാരണ ഗതിയിൽ ആർക്കും സന്ദർശനാനുമതി നൽകാത്ത മുഖ്യമന്ത്രിയെ ഇ.എം.സി.സി. പ്രതിനിധികൾ രണ്ടു തവണ കണ്ടു. ഓർമ വരുന്നില്ലെന്നാണ് മുഖ്യമന്ത്രിയും ജയരാജനും മേഴ്‌സിക്കുട്ടിയമ്മയും പറയുന്നത്. മന്ത്രിസഭയിലുള്ളവർക്കെല്ലാം മറവിരോഗം വന്നിരിക്കുകയാണ്. ഒരു ഭാഗത്ത് കേരളത്തിന്റെ സൈന്യമാണെന്ന് മത്സ്യത്തൊഴിലാളികളെ കുറിച്ച് പറയുക. മറുഭാഗത്ത് അവരെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന നടപടികൾ അമേരിക്കൻ കമ്പനിയുമായി ചേർന്ന് നടപ്പാക്കുക.
ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ഒപ്പുവച്ചത് നാടകമായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശരിക്കും നാടകം കളിച്ചത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തങ്ങൾ ചെയ്തതിന്റെ ഉത്തരവാദിത്തമെല്ലാം ഉദ്യോഗസ്സ്ഥരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള പാഴ്‌വേലയാണ് നടക്കുന്നത്. കെ.എസ്‌ഐ.ഡി.സി 5000 കോടി രുപയുടെ കരാർ ഒപ്പുവച്ചതും ചേർത്തല പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം കൊടുക്കാൻ തീരുമാനിച്ചതും നാടകമാണെന്ന് എന്തുകൊണ്ടാണ് പറയാത്തത്.
ടോം ജോസ് ചീഫ് സെക്രട്ടറിയായിരുന്നപ്പോൾ വാഷിങ്ടണിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അസന്റിൽ ഇ.എം.സി.സി ഇല്ലായിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ? അസന്റിൽ പങ്കെടുക്കാതെ എങ്ങനെയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. അതിന്റെ ചിത്രം താൻ പുറത്തുവിട്ടതാണ്. നിയമനങ്ങൾക്ക് മാത്രമല്ല ധാരണപത്രങ്ങൾക്കും ഇപ്പോൾ പിൻവാതിൽ ഉണ്ടോ? ഇതും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ മന്ത്രിസഭയിൽ രഹസ്യമായി പാസാക്കിയെടുത്തേനെയെന്നും ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ