മനാമ: പ്രവാസികളിൽ പലിശക്കെതിരെയുള്ള ബോധവല്ക്കരണത്തിന് കെ എം സി സി മുന്നിട്ടിറങ്ങണമെന്നു  കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ബഹ്‌റിനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് കെ എം സി സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി മനാമ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നല്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫിലും പലിശകാരായ ആളുകളുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇതിനെതിരേ പ്രവാസികൾ തന്നെ മുന്നിട്ടിറങ്ങണം. കേരളത്തിലെ ഗവണ്മെന്റിനു ഒന്നും ചെയ്യാൻ കഴിയില്ല. ഇതിനെതിരായി ഒരു ബോധ വല്കരണം നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം പലിശ നിഷിദ്ധമാണ്. ഇതിനെതിരെ ബോധവല്കരണം നടത്താൻ കെ എം സി സി മുന്നോട്ട് വരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.  നാട്ടിൽ ഇതിന്റെ പേരിൽ ആരെങ്കിലും പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ അത് തന്നെ അറിയിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനല്കി.

കെ എം സി സി യുടെ പ്രവർത്തനങ്ങൾ വളരെ മതിപ്പുളവാക്കുന്നതാണ്. കേരളത്തിൽ രാഷ്ട്രീയ രംഗത്തും പൊതു ജീവിതത്തിലും നിറഞ്ഞു നില്ക്കുന്ന പലരും  ഗൾഫിൽ വരുമ്പോൾ സംഘടനാ പ്രവർത്തനങ്ങൾ മറന്നു പോകാറുണ്ട്. അതിനു വ്യത്യസ്തമായി കെ എം സി സി ഗൾഫ് നാടുകളിലെ മുഴുവൻ രാജ്യങ്ങളിലും യൂണിറ്റ് തലം  വരെ കമ്മിറ്റി രൂപീകരിച്ച്  കേരളത്തിൽ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിരുവനന്തപുരത്തെ സി.എച്ച് .സെന്റർ. അതോടൊപ്പം തന്നെ തിരുവനന്തപുരത്തും കോഴിക്കോടും കാൻസർ രോഗികളെ സഹായിക്കാനുള്ള പദ്ധതികളും. വളരെയേറെ മാതൃകാപരവും സൃഷ്ടിപരവുമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനമായി വളർന്നു വരാൻ കെ എം സി സി ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അമിത വിമാനയാത്രാ നിരക്കുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ബഡ്ജറ്റ് എയർ ലൈനുകൾ ശക്തമാക്കുവാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷുക്കൂർ വധ ക്കേസ് സി ബി ഐ അന്വേഷണത്തിനായി വീണ്ടും ശ്രമിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാന കമ്പനികൾ അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാൻ വിമാന കമ്പനികൾക്കെതിരെയും ഓപ്പറേഷൻ കുബേര തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നു ചടങ്ങിൽ സംസാരിച്ച വി ടി ബൽറാം എംഎൽഎ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ എം സി സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ അധ്യക്ഷനായിരുന്നു. ട്രഷറർ ആലിയ ഹമീദ് ഹാജി, മുൻ പ്രസിഡന്റുമാരായ സി.കെ.അബ്ദുൾറഹ്മാൻ, ടി.അന്തുമാൻ, കേരളീയ സമാജം മുൻ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കുട്ട്യാലി, കെ എം സി സി സംസ്ഥാന ജില്ലാ ഏരിയ നേതാക്കൾ സംബന്ധിച്ചു. ജനറൽ സെക്രടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും സെക്രട്ടറി ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.