ന്യൂഡൽഹി: ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്‌സിജൻ നൽകി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഏകദേശം പത്തു ലക്ഷം മലയാളികൾക്ക് ആശ്രയമരുളുന്ന നമ്മുടെ ഡൽഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തിൽ കൂടെ കടന്നു പോവുകയാണ്. നൂറുകണക്കിന് ആൾക്കാർ ഓക്സിജന്റെ അഭാവംമൂലം പിടഞ്ഞു മരിക്കുകയാണ്. കേരളത്തിൽ നിന്ന് ഒരു എയർ ലോഡ് ഓക്സിജൻ എങ്കിലും എത്തിക്കാനായാൽ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനാവും.

കേരളത്തിൽ ഇപ്പോൾ ആവശ്യത്തിന് ഓക്സിജൻ ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഭാവിയിലെ എമർജൻസി കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അത് കൂടി മനസിലാക്കി സർക്കാർ ഈ ആവശ്യം പരിഗണിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരള ഹൗസിൽ ഓപ്പൺ മെഡിക്കൽ ഫെസിലിറ്റി തുടങ്ങുന്നത് നല്ലതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.