തിരുവനന്തപുരം: കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിന്മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല. കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് വേണ്ടത്. ഇക്കാര്യമാണ് യോഗത്തിൽ പറയാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ലോക്ക്ഡൗൺ വന്നുകഴിഞ്ഞാൽ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലേക്ക് പോകും. കണ്ടെയ്ന്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുയും പൊതുവായ ലോക്ക്ഡൗൺ ഒഴിവാക്കുകയും വേണം. ഞായറാഴ്ചത്തെ നിയന്ത്രണം നന്നായി, അതുപോലുള്ളവ ആവാം. പക്ഷേ കേരളം അടച്ചിടുന്ന നിലവന്നാൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. അത്രമാത്രം രൂക്ഷമായ വ്യാപനുണ്ടോയെന്ന കാര്യം സർക്കാർ പറയുമ്പോൾ ഞങ്ങളുടെ പ്രതികരണം അപ്പോൾ പറയാം'-ചെന്നിത്തല പറഞ്ഞു.

കച്ചവടക്കാർക്ക് എത്രമണിവരെ പ്രവർത്തിക്കാമെന്ന കാര്യത്തിൽ വ്യക്തത വരുത്തണം. 9മണിവരെ നീട്ടിക്കൊടുക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. സമയം നീട്ടിനൽകുമ്പോൾ ആളുകൾ പ്രോട്ടോക്കോളുകൾ പാലിച്ച് എത്തും. എന്നാൽ സമയം കുറവാണെങ്കിൽ ആളുകൾ കൂട്ടംകൂടാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.