- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താൻ ഒറ്റയാൾ പോരാളി; ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഇനിയും ഉയർത്തിക്കൊണ്ടുവരും; താൻ കൊണ്ടുവന്ന പല വിഷയങ്ങളും പിന്നീട് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്; താനും ഈ പദവിയിലൊക്കെ ഇരുന്നയാളാണ്; വി ഡി സതീശനോടുള്ള നീരസം വ്യക്തമാക്കി ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ ശീതയുദ്ധത്തിൽ തന്റെ ഭാഗം വ്യക്തമാക്കി രമേശ് ചെന്നിത്തല. പാർട്ടി നിലപാട് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പറയുന്നതാണെന്ന വിഡി സതീശന്റെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടിയുമായാണ് ചെന്നിത്തല രംഗത്തുവന്നത്. കഴിഞ്ഞ അഞ്ചുവർഷവും താൻ കോൺഗ്രസിലെ ഒറ്റയാൾ പോരാളിയായിരുന്നു. താൻ കൊണ്ടുവന്ന പല വിഷയങ്ങളും പിന്നീട് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഇനിയും ഉയർത്തിക്കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.
താനും ഈ പദവിയിലൊക്കെ ഇരുന്നയാളാണ്. വി ഡി സതീശൻ പറഞ്ഞതിനോട് പ്രതികരിക്കുന്നില്ല. കേരളത്തിന്റെ പൊതുസമൂഹത്തിൽ താൻ ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും പ്രസക്തമായി നിലനിൽക്കുകയാണ്. അല്ലെങ്കിൽ ഗവർണർ നിഷേധിച്ചേനെ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇനിയും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോരാട്ടം തുടരും. സർക്കാരിനെ ഇനിയും തുറന്നുകാട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.
സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ പറഞ്ഞ കാര്യം ശരിയാണെന്നാണോ? മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിലെ സർവകലാശാലകളിൽ സർക്കാരിന്റെ ഇടപെടലുകൾ ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. സർവകലാശാലകളിൽ സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിച്ചുകൊണ്ട് സർവകലാശാലകളെ സർക്കാർ അധഃപതിപ്പിച്ചു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുനർ നിയമനം നൽകാൻ സർക്കാർ തീരുമാനിച്ച കാര്യം ആദ്യം പുറത്തുവിട്ടത് താനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ആർ ബിന്ദു രണ്ട് കത്തുകളാണ് ഗവർണർക്ക് അയച്ചത്. താൻ ഇക്കാര്യം പറഞ്ഞപ്പോൾ പലരും വിശ്വസിക്കാൻ തയ്യാറായില്ല. പിന്നീട് കത്തുകൾ പുറത്തുവന്നപ്പോഴാണ് താൻ പറഞ്ഞകാര്യം ശരിയാണെന്ന് വന്നത്.
ചാൻസലർ പദവി ഒഴിയുകയല്ല, രാഷ്ട്രീയഇടപെടലുകളില്ലാതെ സർവകലാശാലകളുടെ സ്വതന്ത്ര സ്വഭാവത്തെ നിലനിർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടത്. ഫലത്തിൽ ഇപ്പോൾ സർവകലാശാലകളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്. ഇതിനിടയിലാണ് ഡി ലിറ്റ് വിവാദം ഉയർന്നു വന്നത്. താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. ഇക്കാര്യത്തിൽ ഗവർണർ ഇനിയും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ബാധ്യസ്ഥനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മുതിർന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാൽ താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാർട്ടി നിലപാട്. ഡി ലിറ്റ് വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്നുമാണ് നേരത്തെ വി ഡി സതീശൻ പറഞ്ഞത്. ഇതോടെ ഡി ലിറ്റ് വിവാദത്തിൽ ചെന്നിത്തല പറയുന്നതിനെ കെപിസിസി അംഗീകരിക്കുന്നില്ലെന്നായിയരുന്നു സതീശൻ വ്യക്തമക്കിയത്.
മറുനാടന് മലയാളി ബ്യൂറോ