- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടത് സ്ഥാനാർത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ലെന്ന് ചെന്നിത്തല; സഭാ ബന്ധം ഉയർത്തി കാട്ടേണ്ട കാര്യമില്ലെന്ന് ഡൊമിനക് പ്രസന്റേഷനും; സഭാ സ്ഥാനാർത്ഥിയെന്ന വാദം തള്ളി ഡോ. ജോ ജോസഫും
തിരുവനന്തപുരം: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട തൃക്കാക്കരയിലെ കോൺഗ്രസ് പ്രചാരണതന്ത്രത്തിൽ എതിർപ്പുമായി രമേശ് ചെന്നിത്തല. ഇടത് സ്ഥാനാർത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്നും നിക്ഷിപ്ത താൽപര്യക്കാരാണ് കത്തോലിക്ക സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
'ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്ന് വരുന്നുണ്ട്. സഭ ഒരു സ്ഥാനാർത്ഥിയെ നിശ്ചിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ല'. നിക്ഷിപ്ത താൽപര്യക്കാരാണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കിൽ അരുൺകുമാറിനെ സിപിഎം പിൻവലിക്കില്ലായിരുന്നു. രാഷ്ട്രീയ പോരാട്ടത്തിൽ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കേരളം ഭീകരവാദികളുടെ കേന്ദ്രമെന്ന ജെപി നദ്ദയുടെ പരാമർശം തെറ്റാണ്. ധ്രുവീകരണത്തിന് ബിജെപി യും സിപിഎമ്മും ചേർന്ന് ശ്രമിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. പോപ്പുലർ ഫ്രണ്ടുമായി സിപിഎമ്മിന് ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, തൃക്കാക്കരയിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തെ വിമർശിച്ച് മുതിർന്ന നേതാവ് ഡൊമനിക് പ്രസന്റേഷനും രംഗത്തെത്തി. ഇടതു സ്ഥാനാർത്ഥിയുടെ സഭാ ബന്ധം ഉയർത്തി കാട്ടേണ്ട ആവശ്യമില്ലെന്നും അത്തരം പ്രചാരണങ്ങൾ യുഡിഎഫിന് തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. മണ്ഡലത്തിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടത്. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി അല്ലെന്ന് ഇടത് നേതൃത്വം പറഞ്ഞത് വിശ്വസിക്കാമെന്നും ഡൊമനിക് പ്രസന്റേഷൻ വ്യക്തമാക്കി.
അതേസമയം തൃക്കാക്കര തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സഭയുടെ പേര് വലിച്ചിഴക്കുന്നത് നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്നവരാണെന്ന് എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് പ്രതികരിച്ചു. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് അവർ വിവാദങ്ങൾക്ക് ശ്രമിക്കുന്നത്. ജോലിക്കിടെ അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥിത്വത്തെ കുറിച്ചറിഞ്ഞത്. അതിനാലാണ് ജോലിസ്ഥലമായ ആശുപത്രിയിൽ വെച്ചു തന്നെ വാർത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മൾ മുന്നോട്ടുവെക്കുന്നത് പോസിറ്റീവ് പൊളിറ്റിക്സാണ്. നെഗറ്റീവ് പൊളിറ്റിക്സോ വ്യക്തിഹത്യയോ സൈബർ ആക്രമണമോ കണക്കിലെടുക്കുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയവും വികസന സ്വപ്നങ്ങളുമാണ് ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്, അത് ജനങ്ങൾ തിരിച്ചറിയും. എല്ലാവരും പറഞ്ഞത് സഭയുടെ സ്ഥാനാർത്ഥിയാണെന്നാണ്. അതൊന്നും കണക്കിലെടുക്കുന്നില്ല. നെഗറ്റീവ് പറയാനുള്ളവർ നെഗറ്റീവ് പറയട്ടെ, ആക്രമിക്കുന്നവർ അക്രമിക്കട്ടെ.' ഇത്തരം കാര്യങ്ങൾ ഓരോ ദിവസവും ഇനിയുമുണ്ടാകുമെന്നും -ജോ ജോസഫ് കൂട്ടിച്ചേർത്തു.
തൃക്കാക്കര കൂടി പിടിച്ചെടുത്ത് എൽ.ഡി.എഫ്. നൂറ് സീറ്റടിക്കുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണ ഓരോ ദിവസവും ഓരോ നിമിഷവും കൂടിക്കൂടി വരികയാണ്. ജാതിമത ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും ഇടതുപക്ഷത്തോട് അടുത്തുകൊണ്ടിരിക്കുന്ന സമയമാണ്. കാരണം ഇടതുപക്ഷമാണ് ശരിപക്ഷം. കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെ ഇടത് തരംഗം ആഞ്ഞുവീശിയത് കഴിഞ്ഞതവണ നമ്മൾ കണ്ടതാണ്, അത് ഇടതുപക്ഷത്തിന്റെ നിലപാടുകളുടെ വിജയമായിരുന്നു. എന്നാൽ അതിൽനിന്ന് തൃക്കാക്കര മാറി ചിന്തിച്ചു. ഇപ്രാവശ്യം അത് തിരുത്തുമെന്നും ജോ ജോസഫ് ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ