തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബാറുടമ ബിജു രമേശിനെതിരെ വക്കീൽ നോട്ടീസ് അയക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നു കാട്ടിയാണു വക്കീൽ നോട്ടീസ് അയക്കുന്നത്.

ബിജു രമേശിന്റെ ആരോപണങ്ങൾ അപകീർത്തികരമാണ്. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

ബിജു രമേശ് ആരോപണം ഉന്നയിച്ചതു കെപിസിസി പ്രസിഡന്റായിരിക്കെ ചെന്നിത്തലയ്ക്ക് രണ്ടു കോടി രൂപ നൽകിയെന്നാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പണം നൽകിയതെന്നും ചെന്നിത്തല നേരിട്ടാണ് പണം കൈപ്പറ്റിയതെന്നും ബിജു രമേശ് ആരോപിച്ചു. മന്ത്രി ശിവകുമാറിന് 25 ലക്ഷം രൂപയും നൽകിയെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.

പണം നൽകിയതിനു തെളിവൊന്നും ഇല്ല. രസീതും ലഭിച്ചിട്ടില്ല. ഇതു കോഴയായിരുന്നില്ലെന്നും രാഷ്ട്രീയ മാഫിയ പിരിവാണെന്നും ബിജു രമേശ് പറഞ്ഞിരുന്നു. ചെന്നിത്തല നേരിട്ടാണു പണം കൈപ്പറ്റിയത്. പണം കെപിസിസിക്കു നൽകിയോ എന്നറിയില്ല. ബാറുകൾ അടച്ചതുമായി ബന്ധപ്പെട്ടല്ല പണം നൽകിയത്. സ്വസ്ഥമായി കച്ചവടം നടത്താനാണു പണം നൽകിയതെന്നും ബിജു പറഞ്ഞിരുന്നു.

ആരോപണങ്ങൾ രമേശ് ചെന്നിത്തല തള്ളി. രസീതില്ലാതെ പണംവാങ്ങുന്ന ശീലം കെപിസിസിക്കില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ പറഞ്ഞിട്ട് ആരും കെപിസിസിക്ക് പണം നൽകിയിട്ടുമില്ല. തനിക്കെതിരായ ബിജു രമേശിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രവർത്തിക്കുന്നത്. കെപിസിസി കണണക്കുകൾ ഓഡിറ്റ് ചെയ്ത് ഇലക്ഷൻ കമ്മീഷൻ അടക്കമുള്ള എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും അറിയിക്കാറുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.