കൊച്ചി: യുഡിഎഫ് സർക്കാറിന്റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണകരമായില്ലെന്ന അഭിപ്രായവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനയത്തിന്റെ കാര്യത്തിൽ പാർട്ടിയിൽ വീണ്ടും ചർച്ച ആവശ്യമുണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കലാകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

യുഡിഎഫ് സർക്കാറിന്റെ മദ്യനയം വേണ്ടവിധത്തിൽ ഏറ്റില്ലെന്നത് യാഥാർത്ഥ്യമാണ്. ഭാഗികമായി ഗുണം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്ക് തന്റേതായ അഭിപ്രായമുണ്ട്. അത് പാർട്ടിയെ അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്ന മദ്യനയം. ഇത് കേരള ജനത എങ്ങനെ സ്വീകരിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. മദ്യനയം തിരിത്തുന്നതിനെപ്പറ്റി പാർട്ടി ആലോചിക്കേണ്ടതുണ്ട്. പാർട്ടിയിൽ ഇതുസംബന്ധിച്ച ചർച്ച വേണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല വ്യക്തമാക്കി.

യു.ഡി.എഫ് സർക്കാറിന്റെ മദ്യനയംത്തിൽ മാറ്റങ്ങൾ വേണമെന്ന ചർച്ചകൾ ഇടതുപക്ഷ സർക്കാറിനുള്ളിൽ സജീവമാകുമ്പോഴാണ് ചെന്നിത്തല ഇത്തരമൊരു അഭിപ്രായവുമായി രംഗത്തെത്തിയത്. അതേസമയം ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. യുഡിഎഫിന്റെ മദ്യനയം കൂട്ടായെടുത്ത തീരുമാനമാണെന്നും ഇതേക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെന്നും സുധീരൻ മാദ്ധ്യമങ്ങോട് വ്യക്തമാക്കി.

വലിയ കൂടിയാലോചനകൾക്കു ശേഷമുള്ളതായിരുന്നില്ല യുഡിഎഫിന്റെ സർക്കാറിന്റെ മദ്യനയമെന്ന് ആ സമയത്തുതന്നെ വിമർശനമുയർന്നിരുന്നു. യു.ഡി.എഫ് സർക്കാറിന്റെ മദ്യനയത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ കെപിസിസി പ്രസിഡന്റ് തുറന്നു പ്രകടിപ്പിച്ചതോടെ മദ്യനിരോധനം എന്നൊരു നയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിക്കുകയാണുണ്ടായത്.

അതിനുശേഷമാണ് ഇക്കാര്യം കോൺഗ്രസും യു.ഡി.എഫും ചർച്ച ചെയ്തത്. ആ സമയത്തും പല എംഎ‍ൽഎമാർക്കും സർക്കാറിന്റെ മദ്യനയത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ഇതു പരസ്യമായി പ്രകടിപ്പിക്കാൻ ആരും തയ്യാറായിരുന്നില്ല. യുഡിഎഫ്േ സർക്കാറിന്റെ മദ്യനയം തിരുത്തണമെന്ന ഇടതുസർക്കാർ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മദ്യനയത്തിൽ പോരായ്മകളുണ്ട് എന്ന അഭിപ്രായവുമായി പ്രതിപക്ഷ നേതാവ് മുന്നോട്ടുവന്നിരിക്കുന്നത്.