സ്റ്റേജ് അവതരണങ്ങൾക്കൊണ്ടും മിനിസ്‌ക്രീൻ പരിപാടികളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ രമേശ് പിഷാരടി സംവിധായകനാകുന്ന ചിത്രം പഞ്ചവർണ്ണതത്ത ഇതിനോടകം തന്നെ ശ്രദ്ധ നേടി ക്കഴിഞ്ഞു.ധർമജനും പിഷാരടിയും ചേർന്ന് ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരെ അറിയിച്ചത് മുതൽ തന്നെ ഒരോ വിശേഷങ്ങളും ഏറെ പ്രത്യേകതയോടെയാണ് ആരാധകർക്ക് മുന്നിലെത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഷൂട്ടിങ് കഴിഞ്ഞ ചിത്രത്തിന്റെ സംഗീതസംവിധാനം ഔസേപ്പച്ചനാണ്.

അദ്ദേഹത്തിനൊപ്പമുള്ള ചിത്രത്തോടൊപ്പം രമേശ് ഫേസ്‌ബുക്കിൽ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഒപ്പം ആരാധകർക്ക് വമ്പൻ സസ്്‌പെൻസിനുള്ള വഴിയും നടൻ ഒരുക്കിയിട്ടുണ്ട്. ആരാധകരോട് അവർക്കേറ്റവും ഇഷ്ടപ്പെട്ട ഔസേപ്പച്ചന്റെ ഗാനം കമന്റു ചെയ്യാൻ രമേശ് പിഷാരടി ആവശ്യപ്പെട്ടു. 'പഞ്ചവർണ്ണതത്ത'യുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നതിനിടെ ഔസേപ്പച്ചനോട് അദ്ദേഹത്തിന്റെ മനോഹര ഗാനങ്ങളെ പറ്റി സംസാരിച്ചുവെന്നും രമേശ് പിഷാരടി പോസ്റ്റിൽ പറയുന്നു.

അപ്പോൾ തോന്നിയ ഒരു കൗതുകം ഉണ്ടെന്നും നിങ്ങൾക്കിഷ്ടപ്പെട്ട ഔസേപ്പച്ചന്റെ ഗാനം കമന്റു ചെയ്യാനും ആവശ്യപ്പെട്ട രമേശ്, ബാക്കിയെല്ലാം സർപ്രൈസാണെന്നും പോസ്റ്റിൽ പറയുന്നു. എന്താണ് രമേശ് പിഷാരടി കാത്തുവെച്ച സർപ്രൈസ് എന്നറിയാനുള്ള അടങ്ങാത്ത ആകാംക്ഷയിലും ആരാധകർ ഔസേപ്പച്ചന്റെ തങ്ങൾക്കിഷ്ടപ്പെട്ട ഗാനം കമന്റു ചെയ്യുന്നുണ്ട്.

ഈ പോസ്റ്റിന് പിന്നാലെ പഞ്ചവർണപ്പാട്ടിന് പിന്നിലെ അഴകാർന്ന നിറമാർന്ന കഴിവാർന്ന കലാകാരന്മാരെ പരിചയപ്പെടുത്തിക്കൊണ്ട് മ്യൂസിക് മോഷൻ ടീസറും പുറത്തിറക്കിയിട്ടുണ്ട്. മണിയൻപിള്ള രാജു നിർമ്മിക്കുന്ന 'പഞ്ചവർണ്ണതത്ത'യിൽ നായകൻ ജയറാമാണ്. കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹരി പി. നായരാണ് തിരക്കഥ.