- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമജൻ തെളിച്ച വഴിയേ പിഷാരടിയും; ഉറ്റസുഹൃത്തുക്കൾ ഇനി ഒരേമനസ്സായി ഒരുരാഷ്ടീയ പാർട്ടിയിൽ; രമേഷ് പിഷാരടി കോൺഗ്രസിൽ ചേരുന്നു; ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയിൽ ആശംസകളുമായി പിഷാരടി എത്തും; പുതിയ തീരുമാനം കോൺഗ്രസിനെ കൂടുതൽ ചെറുപ്പമാക്കാനുള്ള യുവനേതാക്കളുടെ ഇടപെടൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ വോട്ടാണ് പ്രധാനം. ജയിച്ചുകയറുക എന്നതാണ് പ്രധാനമെന്ന് രാഷ്ട്രീയ കക്ഷികൾക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യവുമില്ല. സിപിഎം ഇന്നസന്റിനെയും മുകേഷിനെയുമൊക്കെ സിനിമാ രംഗത്ത് നിന്ന് പരീക്ഷിച്ചു. ഇത്തവണയും കൊല്ലത്ത് മുകേഷ് മത്സരിക്കുമെന്ന് അറിയുന്നു. ഏറ്റവും ഒടുവിലത്തെ സംഭവം നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ രാഷ്ട്രീയ പ്രവേശനമാണ്. രമേഷ് പിഷാരടി കോൺഗ്രസിൽ ചേരും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയിൽ രമേഷ് പിഷാരടിയുമെത്തും. കോൺഗ്രസ് യുവനേതാക്കളുടെ ഇടപെടലിനെ തുടർന്നാണു തീരുമാനം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പിഷാരടി ചർച്ച നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മൽസരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ജോയ്സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.
നടൻ ധർമജൻ ബോൾഗാട്ടി കോൺഗ്രസിനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾക്കു പിന്നാലെയാണു രമേഷ് പിഷാരടിയുടെ പാർട്ടി പ്രവേശനം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറെന്ന് ധർമജൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മേജർ രവിയും എശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു.
സിനിമാ മേഖലയിൽ നിന്നും മറ്റു മേഖലകളിൽ നിന്നും ഉള്ളവരെ കോൺഗ്രസിന്റെ ഭാഗമാക്കാൻ കഴിയണമെന്ന് നേരത്തെ നേതാക്കൾ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി സജീവ നീക്കങ്ങളാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ നടത്തുന്നത്. ധർമ്മജൻ ബോൾഗാട്ടിയെ ബാലുശേരി മണ്ഡലത്തിലേക്കാണ് യുഡിഎഫ് പരിഗണിക്കുന്നത്. വൈപ്പിൻ മണ്ഡലത്തിലും ധർമ്മജന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ