- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനെ അവസാന നോക്കു കണ്ട് കണ്ണീരണിഞ്ഞ് കാനഡയിൽ നിന്നെത്തിയ മകൻ; പറയാതെ പോയില്ലേ രമേശേട്ടാ.. എന്നു പറഞ്ഞ് അലമുറയിട്ട് കരഞ്ഞ് ഭാര്യയെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കൾ; രമേശ് വലിയശാലക്ക് വിട
തിരുവനന്തപുരം: തലേന്ന് വരെ സിനിമാസെറ്റിൽ സന്തോഷത്തോടെ കാണപ്പെട്ട രമേശ് വലിയശാല ആത്മഹത്യ ചെയ്തതെന്തിനെന്ന ചോദ്യം ബാക്കിനിൽക്കെ ആ ഓർമകൾക്ക് വിട നൽകി സീരിയൽ- സിനിമാ ലോകം. തൈക്കാട് ഭാരത് ഭവനിലും വലിയശാലയിലെ സ്വവസതിയിലും പൊതുദർശനത്തിന് വച്ച മൃതശരീരം തൈക്കാട് ശാന്തിക്കവാടത്തിൽ സംസ്കരിച്ചു.
തലെ ദിവസം വരെ സിനിമാസെറ്റിൽ സന്തോഷവാനായി കാണപ്പെട്ട രമേശ് വലിയശാല ആത്മഹത്യ ചെയ്തതെന്തിനെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. സിനിമാ സീരിയൽ രംഗത്തേയും വിവിധ മേഖലകളിലേയും നിരവധിപേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി വലിയശാലയിലെ വീട്ടിൽ എത്തിച്ചേർന്നു.
എപ്പോഴും സന്തോഷത്തോടെ മാത്രം കാണപ്പെട്ട വ്യക്തിത്വമായിരുന്നു രമേശെന്ന് ചലച്ചിത്രതാരം കൃഷ്ണകുമാർ പറഞ്ഞു. മുമ്പ് ഇതിലും വലിയ പ്രതിസന്ധികൾ വന്നപ്പോൾ തളരാത്ത ആളാണ് അദ്ദേഹം. ഇപ്പോൾ പെട്ടെന്ന് ഇത്തരമൊരു ചിന്ത ഉണ്ടാകാനുള്ള സാഹചര്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ടപ്പോഴും രമേശ് പതിവുപോലെ സന്തോഷവാനായിരുന്നുവെന്നായിരുന്നു പൂജപ്പുര രാധാകൃഷ്ണന്റെ മറുപടി. കുറച്ച് ദിവസം മുമ്പ് നടന്ന തന്റെ മകളുടെ വിവാഹനിശ്ചയത്തിന് തന്റെ അനിയന്റ സ്ഥാനത്ത് നിന്ന് നേതൃത്വം കൊടുത്തത് രമേശായിരുന്നു. അപ്പോഴൊന്നും യാതൊരു ദുഃഖവുമുള്ളതായി തോന്നിയിട്ടില്ല. രമേശ് മരിച്ചെന്ന വാർത്ത കേട്ടപ്പോൾ സ്വന്തം അനിയൻ മരിച്ച വേദനയാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പുതിയ പ്രോജക്ടിൽ രമേശും പങ്കാളിയായിരുന്നുവെന്ന് ചലച്ചിത്ര സംവിധായകൻ ടിഎസ് സുരേഷ് ബാബു പറഞ്ഞു. നാല് ദിവസം മുമ്പ് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. സന്തോഷത്തോടെ അദ്ദേഹം ആ ഓഫർ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴൊന്നും അദ്ദേഹത്തിനൊരു ദുഃഖമുള്ളതായി തോന്നിയിട്ടില്ല. അതിന് ശേഷം എന്ത് സാഹചര്യമാണ് ഇത്തരമൊരു കടുംകൈ ചെയ്യാനുണ്ടായത്? ടിഎസ് സുരേഷ് ബാബു ചോദിച്ചു.
കഴിഞ്ഞ 11-ാം തീയതിയായിരുന്നു രമേശ് വലിയശാല ആത്മഹത്യ ചെയ്തെന്ന വാർത്ത മലയാളികളെ തേടിയെത്തിയത്. പുലർച്ചെ അദ്ദേഹത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണമെന്തായിരുന്നുവെന്ന് ഇനിയും വ്യക്തമല്ല. കാനഡയിൽ നിന്നും മകൻ എത്തിച്ചേരാനുള്ളതുകൊണ്ട് സംസ്കാരം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയോടെ തൈക്കാട് ഭാരത് ഭവനിലാണ് ആദ്യം എത്തിച്ചത്. ഒരു മണിക്കൂറോളം ഭാരത് ഭവനിൽ പൊതു ദർശനത്തിന് വച്ച മൃതശരീരത്തിൽ സിനിമാ സീരിയൽ രംഗത്തെ നടി-നടന്മാരും പിന്നണിപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.
തങ്ങളുടെ പ്രിയസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും അതിരാവിലെ തന്നെ വലിയശാലയിലെ രമേശിന്റെ വീടിന് സമീപം തടിച്ചുകൂടിയിരുന്നു. 11 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെയും ബന്ധുക്കളുടെ കരച്ചിൽ ആരുടെയും ഹൃദയം പിളർക്കുന്നതായിരുന്നു. അലമുറയിട്ടും കയരുന്ന ഭാര്യ മിനിയുടെ കാഴ്ച്ച കണ്ടു നിൽക്കുന്നവരിൽ കണ്ണീരണിയിച്ചു. കാനഡയിൽ നിന്നെത്തിയ മകനും രമേശിന് അന്ത്യാജ്ഞലി അർപ്പിച്ചു.
ഓരോ നിമിഷവും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും സന്തോഷിപ്പിച്ചിരുന്ന രമേശ് വലിയശാലയുടെ സാന്നിദ്ധ്യം ഇനി സീരിയൽ സെറ്റുകളിൽ ഉണ്ടാവില്ല. ചിരിച്ച മുഖത്തോടെ മാത്രം പ്രേക്ഷകരും സുഹൃത്തുക്കളും കണ്ടിട്ടുള്ള രമേശ് ഒടുവിൽ ശാന്തികവാടത്തിലെ നിത്യശാന്തിയിലലിഞ്ഞുചേർന്നു.
മറുനാടന് മലയാളി ബ്യൂറോ