കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തിലേക്കു നിക്ഷേപകരെ ആകർഷിക്കാൻ മുഖ്യപ്രതി കെ.ടി.റമീസ് വാഗ്ദാനം ചെയ്തത് സ്‌കൂൾ ഐടി പദ്ധതിയിൽ കോടികളുടെ കരാർ. സന്ദീപ് നായരെ മുന്നിൽ നിർത്തിയായിരുന്നു നീക്കങ്ങൾ. ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറിവോടെയാണോ ഇതെന്നാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്.

വരിക്കോടൻ അബ്ദുൽ ഹമീദാണ് ഈ നിർണ്ണായക മൊഴി നൽകിയത്. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഉറപ്പിക്കാനാണ് ഹമീദ് തിരുവനന്തപുരത്ത് എത്തിയത്. ഹമീദിനെ കൂട്ടിക്കൊണ്ടുപോയതു സന്ദീപ് നായരുടെ അടുത്തേക്ക് റമീസ് കൊണ്ടു പോയി. ഐടി വകുപ്പിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയായി പരിചയപ്പെടുത്തി. റമീസും സന്ദീപും നടത്തിയ ഈ നീക്കത്തിൽ ശിവശങ്കറിനു പങ്കാളിത്തമുണ്ടോയെന്ന് ഏജൻസികൾ അന്വേഷണം തുടങ്ങി.

2019 നവംബറിൽ തന്നെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി, സ്വർണക്കടത്തിൽ നിക്ഷേപിക്കാൻ സന്ദീപ് ക്ഷണിച്ചെങ്കിലും വിസമ്മതിച്ചു. സ്വർണം ഒളിപ്പിച്ച നയതന്ത്ര പാഴ്‌സൽ ദുബായ് വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിക്കാൻ സഹായിച്ചാൽ ഒരു കിലോഗ്രാം സ്വർണത്തിനു 10,000 രൂപ വീതം നൽകാമെന്ന റമീസിന്റെ വാഗ്ദാനം സ്വീകരിച്ചതായും ഹമീദ് മൊഴി നൽകി. കടത്തിയ സ്വർണത്തിൽ 9 കിലോഗ്രാം ഹമീദ് വാങ്ങിയെന്നാണു കസ്റ്റംസും ദേശീയ അന്വേഷണ ഏജൻസിയും വിലയിരുത്തുന്നത്.

എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഹമീദിന്റെ മൊഴികൾ പരിശോധിക്കുന്നുണ്ട്. സർക്കാരിന്റെ വികസനപദ്ധതികളുടെ ഫയലുകൾ ശിവശങ്കർ സ്വർണക്കടത്തു കേസിലെ പ്രതികൾക്കു ശിവശങ്കർ മുൻകൂട്ടി ചോർത്തിനൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഹമീദിനെ വീണ്ടും ഇഡി ചോദ്യം ചെയ്‌തേക്കും.