കൊച്ചി: നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആളിപ്പടരുമ്പോഴും ദിലീപിന്റെ പുതിയ ചിത്രമായ രാംലീലയുടെ ഒഫീഷ്യൽ ടീസറിന് യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വൻ ജന പിന്തുണ.നിരവധി പേരാണ് ചിത്രത്തിന്റെ ടീസർ കാണുകയും ഇത് ഷെയർ ചെയ്യുകയും ചെയ്യുന്നത്.ദിലീപിന്റെ ഫേസ്‌ബുക് പേജിൽ മാത്രംരണ്ടു മണിക്കൂറിനുള്ളിൽ രണ്ടുലക്ഷത്തിൽപ്പരം പേരാണ് ടീസർ കണ്ടിരിക്കുന്നത്.

ലയൺ എന്ന ചിത്രത്തിന് ശേഷം ദിലീപ് അവതരിപ്പിക്കുന്ന ശക്തമായ രാഷ്ട്രീയ കഥാപാത്രം കൂടിയാണ് അരുൺ ഗോപിയുടെ രാംലീലയിലേത്.രാധിക ശരത്കുമാറാണ് ചിത്രത്തിൽ ദിലീപിന്റെ അമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നത്.രാഗിണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രാധിക അവതരിപ്പിക്കുന്നത്.24 വർഷത്തിന് ശേഷമാണ് രാധിക മലയാളത്തിൽ അഭിനയിക്കുന്നത്.

'പുലിമുരുക'ന്റെ വമ്പൻ വിജയത്തിന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രാംലീല എന്നൊരു സവിശേഷതയുമുണ്ട്.മുകേഷ്,സലിംകുമാർ,രഞ്ജി പണിക്കർ തുടങ്ങിയവരും 'രാംലീല'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സലിംകുമാർ ഒരു മുഴുനീള ഹാസ്യകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ഇരുവരും വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.പ്രയാഗ മാർട്ടിനാണ് നായിക.