- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംസാൻ മാസപ്പിറവി: ഞായറാഴ്ച സന്ധ്യയിൽ ചന്ദ്രക്കല നിരീക്ഷിക്കാൻ സൗദി ആഹ്വാനം
ജിദ്ദ: ഹിജ്‌റാബ്ദം 1442 (ക്രിസ്തുവർഷം 2021) ലെ വിശുദ്ധ മാസാരംഭം കുറിക്കുന്ന റംസാൻ ചന്ദ്രക്കല നിരീക്ഷിക്കാൻ ആഹ്വാനം. ഞായറാഴ്ച സന്ധ്യയിൽ ചന്ദ്രപ്പിറവി ദൃശ്യമാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനും സൗദി സുപ്രീം ജുഡീഷ്യറിയാണ് പൊതുജനങ്ങളെ ആഹ്വാനം ചെയ്തത്. സൗദിയുടെ ഔദ്യോഗിക ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം റംസാനിന് മുമ്പുള്ള ശഅബാൻ മാസം ഇരുപത്തി ഒമ്പതാണ് ഞായറാഴ്ച.
ഞായറാഴ്ച സന്ധ്യയിൽ ചന്ദ്രപ്പിറവി ദൃശ്യമായതായി സ്ഥിരീകരിക്കപ്പെട്ടാൽ തിങ്കളാഴ്ച മുതൽ വിശ്വാസികൾക്ക് ഒരു പൂർണ മാസം വൃതാനുഷ്ഠാനമായിരിക്കും. ഞായറാഴ്ച ചന്ദ്രക്കല ദൃശ്യമായതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ, തിങ്കളാഴ്ച സന്ധ്യയിലും മാസപ്പിറവി നിരീക്ഷിക്കണമെന്നും സുപ്രീം ജുഡീഷ്യറി പ്രസ്താവന ആവശ്യപ്പെട്ടു. ഒമ്പത് വർഷം മുമ്പ് ഇറങ്ങിയ രാജകീയ ഉത്തരവ് പ്രകാരം മാസപ്പിറവി കലണ്ടർ പ്രകാരമുള്ള ഇരുപത്തി ഒമ്പതിനും തൊട്ടടുത്തുമുള്ള സന്ധ്യകളിൽ നിരീക്ഷിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. മുൻ മാസങ്ങളിൽ വന്നിരിക്കാൻ സാധ്യതയുള്ള പിശകുകൾ തിരുത്താൻ വേണ്ടിയാണ് ഇത്.
ഞായറാഴ്ചയിൽ ചന്ദ്രപ്പിറവി നഗ്‌ന ദൃഷ്ടികൊണ്ടോ ഉപകരണം മുഖേനയോ ദർശിക്കുന്നവർ അക്കാര്യം ഏറ്റവും അടുത്തുള്ള കോടതിയിലോ അനുബന്ധ കേന്ദ്രങ്ങളിലോ വിവരം അറിയിക്കണമെന്നും വെള്ളിയാഴ്ച വൈകീട്ട് പുറത്തിറക്കിയ ആഹ്വാനത്തിൽ സുപ്രീം ജുഡീഷ്യറി അഭ്യർത്ഥിച്ചു.
സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾ മുൻ പ്രസിദ്ധീകൃത ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരമാണെങ്കിലും, റംസാൻ വ്രതം, ഹജ്ജ്, പെരുന്നാളുകൾ എന്നിവ മാസപ്പിറവിയുടെ ദർശനം സ്ഥിരപ്പെടുത്തുന്നത് അനുസരിച്ചാണ്. പ്രവാചക വചനം അനുസരിച്ചാണ് ഇത്.