ജിദ്ദ: സൗദി അറേബ്യയിൽ എവിടെയും ഞായറാഴ്ച അസ്തമിച്ച ശേഷം ചന്ദ്രപ്പിറവി ദൃശ്യമായാതായ യാതൊരു റിപ്പോർട്ടും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സുപ്രീം ജുഡീഷ്യറി വെളിപ്പെടുത്തി. അതിനാൽ, ഹിജ്‌റാബ്ദം 1442 (ക്രിസ്തുവർഷം 2021) ലെ റംസാൻ വൃതം ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ചർച്ച ചെയ്യാൻ സുപ്രീം ജുഡീഷ്യറി തിങ്കളാഴ്ച സമ്മേളിക്കും. അതേസമയം, വ്രതാരംഭം ചൊവാഴ്ചയാണെന്ന് ചില ജനകീയ സമിതികൾ അഭിപ്രായപ്പെട്ടു. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ശഅബാൻ ഇരുപത്തി ഒമ്പത് ആയ ഞായറാഴ്ച സന്ധ്യയിൽ നഗ്‌ന നേത്രം കൊണ്ടോ ഉപകരണം മുഖേനയോ ചന്ദ്രപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കാനും ദൃശ്യമായാൽ അക്കാര്യം അധികൃതരെ അറിയിക്കാനും സുപ്രീം ജുഡീഷ്യറി പൊതുജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ച്, വിവിധ സ്ഥലങ്ങളിൽ വിവിധയിടങ്ങളിൽ പൊതുജനങ്ങളും മാസ നിരീക്ഷണ തല്പരരും സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചിരുന്നു. റംസാൻ പിറവി ഞായറാഴ്ചയിൽ കാണാനായില്ലെന്ന് തുമൈർ, ഹോത്ത സുദൈർ തുടങ്ങിയ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികൾ അറിയിച്ചു.

ഞായറാഴ്ച ചന്ദ്രക്കല ദൃശ്യമായതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ, തിങ്കളാഴ്ച സന്ധ്യയിലും മാസപ്പിറവി നിരീക്ഷിക്കണമെന്നും സുപ്രീം ജുഡീഷ്യറി പ്രസ്താവന ആവശ്യപ്പെട്ടിരുന്നു. ഒമ്പത് വർഷം മുമ്പ് ഇറങ്ങിയ രാജകീയ ഉത്തരവ് പ്രകാരം മാസപ്പിറവി കലണ്ടർ പ്രകാരമുള്ള ഇരുപത്തി ഒമ്പതിനും തൊട്ടടുത്തുമുള്ള സന്ധ്യകളിൽ നിരീക്ഷിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. മുൻ മാസങ്ങളിൽ വന്നിരിക്കാൻ സാധ്യതയുള്ള പിശകുകൾ തിരുത്താൻ വേണ്ടിയാണ് ഇത്

സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾ മുൻ പ്രസിദ്ധീകൃത ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരമാണെങ്കിലും, റംസാൻ വ്രതം, ഹജ്ജ്, പെരുന്നാളുകൾ എന്നിവ മാസപ്പിറവിയുടെ ദർശനം സ്ഥിരപ്പെടുത്തുന്നത് അനുസരിച്ചാണ്. പ്രവാചക വചനം അനുസരിച്ചാണ് ഇത്.