രു മാസം നീണ്ട ഇടക്കാല മാന്ദ്യത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകൾ ഇന്ന് മുതൽ വീണ്ടും സജീവമാവുകയാണ്. പെരുന്നാൾ ചിത്രങ്ങളായി അഞ്ച് മെഗാ താരങ്ങളുടെ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നതോടെ കേരളത്തിലെ പ്രദർശന ശാലകൾ പൂരമ്പറമ്പായി മാറും. സ്‌കൂൾ തുറക്കലിന് മുന്നോടിയായി എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം സ്‌കൂൾ ബസ് റിലീസായി ഒന്നരമാസക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മെഗാ താരങ്ങളുടെ ചിത്രങ്ങൾ പെരുന്നാൾ റീലിസായി എത്തുന്നത്. മമ്മൂട്ടിച്ചിത്രം കസബ, കുഞ്ചാക്കോ ബോബനും അമലാപോളും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാജഹാനും പരീക്കുട്ടിയും, ബിജു മേനോനും ആസിഫ് അലിയും അച്ഛനും മകനുമായി അഭിനയിക്കുന്ന അനുരാഗ കരിക്കിൻ വെള്ളം, മഞ്ജുവാര്യർ പ്രധാന വേഷമവതരിപ്പിക്കുന്ന കരിങ്കുന്നം സിക്‌സസ് എന്നിവയാണ് പെരുന്നാൾ പ്രമാണിച്ച് തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ. ഒപ്പം അന്യഭാഷയിൽ നിന്ന് സൽമാൻ ഖാൻ ചിത്രം സുൽത്താനാണ് തിയേറ്ററിൽ എത്തുന്നുണ്ട്.

കോമഡിയുമായി ഷാജഹാനും പരീക്കുട്ടിയും ഇന്നെത്തും

പെരുന്നാൾ റിലിസിൽപ്പെടുന്നവയിൽ തീർത്തും കോമഡി ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് ജയസൂര്യയും കുഞ്ചാക്കോയും അമല പോളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഷാജഹാനും പരീക്കുട്ടിയും.റോമൻസിന്റെ വിജയത്തിന് ശേഷം ബോബൻ സാമുവൽ വൈ.വി. രാജേഷ് ടീം ഒന്നിക്കുന്ന ഈ കോമഡി ചിത്ം റംസാൻ ചിത്രങ്ങളിൽ ആദ്യമെത്തും. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഇന്ന് മുതൽ നൂറോളം കേന്ദ്രങ്ങളിൽ സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ് ചെയ്യും. ഹ്യൂമറും റൊമാൻസും സസ്‌പെൻസുമൊക്കെ നിറഞ്ഞ കളർഫുൾ എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ് സൂചന.

താരറീലിസുകൾക്കിടിയിൽ ജയമുറപ്പിക്കാൻ മഞ്ജുവിന്റെ കരിങ്കുന്നം സിക്‌സസ്

മമ്മൂട്ടി നായകനായി എത്തിയ ഫയർമാൻ എന്ന ചിത്രത്തിന് ശേഷം ദീപുകരുണാകരൻ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സികസസ് എന്ന മഞ്ജുവാര്യർ ചിത്രവും പെരുന്നാൾ ചിത്രങ്ങൾക്കിടിയിൽ ഏറ്റുമുട്ടാനായി എത്തുകയാണ്. മഞ്ജുവിന്റെ തിരിച്ചുവരവിലെ ചിത്രങ്ങൾ ഹൗ ഓൾഡ് ആർ യു മാത്രമാണ് തിയേറ്ററിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞത്. പിന്നാലെ എത്തിയറാണി പത്മിനി, ജോ ആൻഡ് ദ ബോയ്, വേട്ട എന്നിവയൊന്നും കാര്യമായ പ്രതീക്ഷ നല്കുന്നവയായിരുന്നില്ല. അതുകൊണ്ട് തന്നെ കരിങ്കുന്നം സിക്‌സസ് മഞ്ജുവിന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം ഉള്ളതാണ്.

ഒരു വോളിബോൾ കോച്ചായിട്ടാണ് മഞ്ജു എത്തുന്നത്.. തടവുകാരുടെ വോളിബോൾ കോച്ചായി വന്ദന എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തുക..മഞ്ജുവിനൊപ്പം അനൂപ് മേനോൻ, ചെമ്പൻ വിനോദ്, മണിയൻപിള്ള രാജു, ബാബു ആന്റണി, ബൈജു, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അരുൺലാൽ രാമചന്ദ്രന്റെ കഥയ്ക്ക് ദീപുവാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

സി ഐ രാജൻ സക്കറിയ നാളെ മുതൽ തിയേറ്ററുകൾ കീഴടക്കും

ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം കസബ നാളെ റിലീസ് ചെയ്യും. നവാഗതനായ നിഥിൻ രൺജിപണിക്കർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി സിഐ രാജൻ സക്കറിയയെന്ന നെഗറ്റീവ് ഷേഡുള്ള പൊലീസ് ഓഫീസറായാണ് പ്രത്യക്ഷപ്പെടുന്നത്.ഫേസ്‌ബുക്കിലെ ട്രോളുകളും തമാശകളും കൊണ്ട് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളമാണ്.

ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.വരലക്ഷ്മി ശരത് കുമാർ, നേഹാ സക്‌സേന, സമ്പത്ത്, ജഗദീഷ്, സിദ്ദിഖ്, അലൻസിയർ, അബു സലീം, ബിജുപപ്പൻ, മക്‌ബൂൽ സൽമാൻ, ഷഹീൻ സിദ്ദിഖ്, ശശി കലിംഗ, ശ്രുതിബാല, സ്വാതി എന്നിവരാണ് മറ്റ് താരങ്ങൾ.

അച്ചൻ മകൻ കൂട്ടുകെട്ടിൽ ബിജു മേനോനും ആസിഫും

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ സന്തോഷ് ശിവൻ, ഷാജി നടേശൻ, പൃഥ്വിരാജ് സുകുമാരൻ, ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന അനുരാഗ കരിക്കിൻ വെള്ളം ഒരച്ഛന്റെയും മകന്റെയും ഹൃദയബന്ധത്തിന്റെ കഥ പറയുന്നു. ആശാ ശരത്തും പുതുമുഖം രജീഷാ വിജയനുമാണ് നായികമാർ. കാമറാമാൻ ഷൈജു ഖാലിദിന്റെ സഹോദരൻ ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ രചന. ചിത്രം നാളെ റീലിസ് ചെയ്യും.

പൊലീസ് വേഷമാണ് ബിജു മേനോൻ കെകാര്യം ചെയ്യുന്നത്. ആസിഫ് അലിയുടെ അച്ഛന്റെ റോളിലാണ് ബിജു മേനോൻ അഭിനയിക്കുന്നത്. പ്രണയവും കുടുംബ ബന്ധങ്ങളും പ്രമേയ വിഷയമാകുന്ന ചിത്രത്തിൽ നർമ്മത്തിന് പ്രാധാന്യം നല്കുന്നുണ്ട്. റഹ്മാൻ ഖാലിദിന്റെ ആദ്യ സംവിധാന സംരംഭത്തിനായി പണം മുടക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ്.

സുൽത്തനായി സൽമാനും നാളെ തിയേറ്ററിലേക്ക്
സുൽത്താനായി സല്ലൂഭായി സൽമാൻ ഖാനും അനുഷ്‌ക്കാ ശർമ്മയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുൽത്താൻ ബോളിവുഡിലെ പ്രധാന ഈദ് റിലീസ് ചിത്രമാണ്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് ഗുസ്തിക്കഥയാണ്. സൽമാൻഖാനും അനുഷ്‌ക്കാ ശർമ്മയും ഈ സിനിമയിൽ ഗുസ്ത്തിക്കാരായിട്ടാണ് എത്തുന്നത്.