നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. പ്രൊസിക്യൂഷൻ സാക്ഷികളായിരുന്ന ഇരുവരും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, ഇന്നലെ കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

സിദ്ദിഖും ഭാമയും കൂറുമാറിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രമ്യാ നമ്പീശൻ രം​ഗത്തെത്തി. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ഒടുക്കം സത്യം ജയിക്കുമെന്നും രമ്യ നമ്പീശൻ ഫേസ്‌ബുക്കിൽ കുറിച്ചു. അതിജീവിക്കുന്നവൾക്കും മറ്റെല്ലാ സ്ത്രീകൾക്കും വേണ്ടി പോരാട്ടം തുടരുകയാണെന്നും അവൾക്കൊപ്പം ഹാഷ്ടാഗോടുകൂടി രമ്യ കൂട്ടിച്ചേർത്തു.

രമ്യാ നമ്പീശന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

സത്യം വേദനിപ്പിക്കുന്നു, പക്ഷേ വിശ്വാസവഞ്ചനയോ? നിങ്ങളുമായി ചേർന്ന് ഒരാൾ പോരാടുന്നുവെന്ന് കരുതിയ ഒരാൾ പെട്ടെന്ന് നിറം മാറുമ്പോൾ, അത് വേദനിപ്പിക്കുന്നു. ആഴത്തിൽ. കേസുകളിൽ സാക്ഷികൾ കൂറുമാറുന്നതായി ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അതിജീവിച്ചയാൾ നിങ്ങളുടേതാകുമ്പോൾ എങ്ങനെ നിങ്ങൾക്ക് ഒറ്റിക്കൊടുക്കാനാകും ? പോരാട്ടം യാഥാർഥ്യമാണ്. ആത്യന്തികമായി സത്യം വിജയിക്കും. അതിജീവിച്ചവർക്കും സ്‍ത്രീകൾക്കും വേണ്ടി പോരാട്ടം തുടരും.