കാസർഗോഡ്: ബദിയടുക്കയ്ക്ക് ഈ ദുഃഖം താങ്ങാനാവുന്നില്ല. ബദിയടുക്ക പിലാങ്കട്ടയിലെ ഹമീദ് റിയാന ദമ്പതികളുടെ മകൻ റംസാൻ (നാല്), ഹമീദിന്റെ സഹോദരൻ ഷബീർ നാഫിയ ദമ്പതികളുടെ മകൻ നസ്‌വാൻ (രണ്ട്) എന്നിവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ഈ ഗ്രാമം. വീട്ടിനടുത്ത കിണറ്റിലാണ് രണ്ട് സഹോദന്മാരുടെ മക്കൾ വീണു മരിച്ചത്.

ജന്മനാ സംസാരശേഷിയില്ലായിരുന്ന പിലാങ്കട്ട ഉബ്രങ്കളയിലെ ഹമീദിന്റെ മകൻ റംസാന്(നാല്) സംസാര ശേഷിതിരിച്ചുകിട്ടിയത് മൂന്ന്മാസം മുമ്പ്. ലക്ഷങ്ങൾ ചെലവഴിച്ച് ബംഗളൂരുവിലും മംഗളൂരുവിലും നടത്തിയ ചികിൽസക്കൊടുവിലാണ് ഈ കുട്ടി സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ കുഞ്ഞു വർത്തമാനംകേട്ട് കൊതിതീരും മുമ്പേ റംസാൻ മടങ്ങിയത് കുടുംബത്തിന് തീരാ ദുഃഖമായി.

ഇന്നലെ രാവിലെ ഒമ്പതരയോടെ കുട്ടിയുടെ പിതൃസഹോദരന്റെ മകൻ നസാനോപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കിണറ്റിൽ വീണ് ഇരുവരും മരിച്ചത്. രണ്ട് കുട്ടികളുടേയും അച്ചന്മാർ സൗദിയിലാണ്. ഹമീദും ഷബീറും അടക്കമുള്ള കുടുംബം ഒരേവീട്ടിലാണ് താമസം. ബാവിക്കരയിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചതിന്റെ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുമ്പാണ് ബദിയടുക്കയെ നടുക്കി ദുരന്തമെത്തിയത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്നു കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ അയൽപക്കത്തുംമറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് വീട്ടുകിണറിൽ മരിച്ചനിലയിൽ കണ്ടത്. ആൾമറയുള്ള കിണറിന്റെ സമീപം കോൺക്രീറ്റ് ജെല്ലി കൂട്ടിവച്ചിരുന്നു. ഇതുവഴിയായിരിക്കാം കുട്ടികൾ കിണറിന് മുകളിൽ കയറിയതെന്ന് സംശയിക്കുന്നു.

ബദിയടുക്ക മുള്ളേരിയ പിലാങ്കട്ട ഉബ്രങ്കള റോഡിന് സമീപമാണ് ഇവരുടെ വീട്. വിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തി പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബദിയടുക്ക ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

കുട്ടികളെ കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹം കിണറിൽ കണ്ടെത്തിയത്. നഫാനയാണ് റംസാന്റെ സഹോദരി. ആദ്യം വീട്ടുകാർ വിചാരിച്ചത് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു. ഒരുമണിക്കൂറിന് ശേഷമാണ് പരിസരവാസികളിൽ ഒരാൾ കിണറ്റിന്റെ മുകളിൽ വിരിച്ച നെറ്റ് കുഴിയായി കണ്ടത്. തുടർന്നാണ് കിണറ്റിൽ കുട്ടികളുടെ മൃതദേഹം കാണപ്പെട്ടത്.