- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന് റംസിയുടെ പിതാവ് റഹീം; മകൾ അനുഭവിച്ച യാതനകൾ എത്രത്തോളമായിരുന്നു എന്ന് മനസ്സിലായത് ശബ്ദ സന്ദേശം പുറത്ത് വന്നതോടെ; ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്നും ആവശ്യം; പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാതെ തനിക്ക് സമാധാനമായി ഉറങ്ങാനാകില്ലെന്നും റഹീം
കൊട്ടിയം: മകൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന് റംസിയുടെ പിതാവ് റഹീം. മകളുടെ ശബ്ദ സന്ദേശം പുറത്ത് വന്നതോടെയാണ് മകൾ അനുഭവിച്ച യാതനകൾ എത്രത്തോളമായിരുന്നു എന്ന് മനസ്സിലായതെന്നും ആ പിതാവ് കണ്ണീരോടെ പറയുന്നു. റംസിയുടെ മരണത്തിൽ ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്നും റഹീം ആവശ്യപ്പെട്ടു. ഷൂട്ടിങ്ങിനായി പോകുമ്പോൾ പലപ്പോഴും റംസിനെയും നടി കൂടെ കൂട്ടുമായിരുന്നു. കുഞ്ഞിനെ നോക്കണമെന്നും കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോകുക. ദിവസങ്ങൾക്കു ശേഷം ഹാരിസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗർഭച്ഛിദ്രം നടത്താൻ അവളെ കൊണ്ടുപോയത് സീരിയൽ നടിയാണ്. അവരെ പൊലീസ് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അടുത്തിടെയാണ് സാമ്പത്തികമായി ഭേദപ്പെട്ട ഒരു പെൺകുട്ടിയുമായി ഹാരിസ് അടുപ്പത്തിലാകുന്നത്. ആ പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ഹാരിസിന്റെ തീരുമാനം എന്നറിഞ്ഞ റംസി, ഹാരിസിന്റെ വീട്ടിൽ പോയിരുന്നു. അന്ന് എന്റെ മകളെ അടിച്ച് പുറത്താക്കുകയായിരുന്നു ഹാരിസിന്റെ ഉമ്മ. പണം മോഹിച്ചാണ് പുതിയ ബന്ധത്തിന് അവർ തയാറായതും. എന്റെ കുഞ്ഞിനെ ശാരീരികവും മാനസികവും ദുരുപയോഗിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തവർ മറുപടി പറഞ്ഞേ മതിയാകൂ എന്നും റഹീം പറയുന്നു. ചതിക്കപ്പെടുകയാണെന്നറിഞ്ഞ എന്റെ പൊന്നുമോൾ ഹൃദയം തകർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്റെ കുഞ്ഞിനെ അവർ കൊന്നു കളഞ്ഞതാണ്. എന്റ കുഞ്ഞിന്റെ മരണത്തിൽ ആ കുടുംബത്തിന് ഒന്നാകെ പങ്കുണ്ട്. അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാതെ എനിക്ക് സമാധാനമായി ഉറങ്ങാനാകില്ല- മകളെ നഷ്ടപ്പെട്ട ഹൃദയ വേദനയിൽ ആ പിതാവ് വ്യക്തമാക്കി.
പത്ത് വർഷത്തോളം ഉള്ള പ്രണയമാണ്. ഹാരിസില്ലാതെ പറ്റില്ലെന്നു പറഞ്ഞതു കൊണ്ടാണ് കല്യാണത്തിനു സമ്മതിച്ചത്. മകളുടെ കല്യാണക്കാര്യം പറഞ്ഞ് പല തവണ ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിയും. ഇളയമകളുടെ കല്യാണം നടത്തണം. വയസ്സിനു മൂത്തവളെ നിർത്തിയിട്ട് ഇളയവളെ പറഞ്ഞയ്ക്കാനാവില്ല. എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോഴാണ് വളയിടൽ ചടങ്ങ് നടത്താമെന്ന് പറഞ്ഞത്. ലക്ഷണക്കിനു രൂപയുടെ സമ്മാനങ്ങളും പള്ളിമുക്കിൽ ഒരു വർഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ തുകയും നൽകിയെന്നും റഹീം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പള്ളിമുക്ക് സ്വദേശി റംസി (24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. തുടക്കത്തിൽ ഇതു വെറുമൊരു ആത്മഹത്യയാക്കാൻ ശ്രമവും നടന്നു. അതിനിടെയാണ് തെളിവുകൾ പുറത്തു വന്നത്. അടുത്തിടെയാണ് ഹാരിഷ് പോളയത്തോട് സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെട്ടതെന്നാണ് റംസി സഹോദരി അൻസിയോട് പറഞ്ഞിരുന്നത്. ആദ്യമൊക്കെ ഹാരിഷ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുകയാണ് എന്ന് പറഞ്ഞിരുന്നത് തമാശയായിട്ടാണ് റംസി കരുതിയത്. എന്നാൽ പിന്നീടാണ് കളിയല്ല കാര്യമാണ് എന്ന് മനസ്സിലായത്.
ഫോൺ വഴിയാണ് പോളയത്തോടുകാരിയായ പെൺകുട്ടിയെ ഹാരിഷ് പരിചയപ്പെട്ടത്. പെൺകുട്ടി സാമ്പത്തിക ഭദ്രതയുള്ള വീട്ടിലുള്ളതായിരുന്നു. വർക്ക്ഷോപ്പ് തുടങ്ങി കടം കയറിയ ഹാരിഷ് പെൺകുട്ടിയെ വളച്ചെടുത്ത് വിവാഹം കഴിക്കാമെന്നായിരുന്നു ഉദ്ദേശം. അങ്ങനെ പെൺകുട്ടിയെ പ്രണയത്തിലാക്കുകയും വിവാഹം കഴിക്കാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ഹാരിഷ് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞു. റംസിയുടെ വീട്ടിൽ സാമ്പത്തികമില്ലാത്തതിനാൽ അവർക്ക് പുതിയ ബന്ധത്തിൽ താൽപര്യമുണ്ടായി. തുടർന്ന് വിവാഹത്തിനായുള്ള ആലോചനകൾ നടത്തി. ഇതിനിടയിലാണ് റംസിയോട് ഈ വിവരങ്ങൾ ഹാരിഷ് പറയുന്നത്.
ഇത് കേട്ട് റംസി ആകെ തളർന്ന് പോയി. ഒന്നര വർഷം മുൻപ് വിവാഹം ഉറപ്പിച്ച് വളയിടീലും കഴിഞ്ഞിട്ടാണ് ഹാരിഷ് വിവാഹത്തിൽ നിന്നും പിന്മാറാൻ പറയുന്നത്. മാത്രമല്ല, പല സ്ഥലങ്ങളിലും കൊണ്ടു പോകുകയും ഗർഭിണിയാകുകയും ചെയ്തപ്പോൾ അബോർഷൻ വരെ നടത്തി. കൂടാതെ റംസിയുടെ പേരിൽ വിവിധ സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളിൽ നിന്നും പണം ലോണെടുത്തിട്ടുമുണ്ട്. ഇതെല്ലാം ചെയ്തിട്ടാണ് ഒരു സുപ്രഭാതത്തിൽ വിവാഹത്തിൽ നിന്നും പിന്മാറുകയാണ് എന്ന് പറയുന്നത്. റംസി കാലു പിടിച്ചു കരഞ്ഞിട്ടും ഹാരിഷ് തീരുമാനത്തിൽ നിന്നും പിന്മാറിയില്ല.
ഇതോടെ മാനസികമായി ഏറെ തളർന്ന റംസി വീടിനുള്ളിൽ തന്നെ കഴിഞ്ഞ് കരയുകയായിരുന്നു. വിവരമറിഞ്ഞ അൻസിയുടെ ഭർത്താവ് മുനീർ ഹാരിഷുമായി സംസാരിച്ചെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. ദിവസങ്ങളോളം റംസിയുടെ വിഷമം കൊണ്ട് സഹോദരി അൻസി തന്റെ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. വ്യാഴാഴ്ച ഭർതൃ ഗൃഹത്തിലേക്ക് പോയപ്പോഴാണ് റംസി കടുംകൈ ചെയ്തത്. ഒന്നര വർഷം മുൻപ് നടത്തിയ വളയിടീൽ ചടങ്ങിൽ മീൻ കച്ചവടക്കാരനായ റംസിയുടെ പിതാവ് റഹീം ഐഫോൺ-9, ഒന്നര ലക്ഷം രൂപയോളം വിലവരുന്ന റാഡോ വാച്ച്, പണം എന്നിവ ഹാരിഷിന് നൽകിയിരുന്നു. പിന്നീട് പള്ളിമുക്കിൽ കാർ വർക്കഷോപ്പ് തുടങ്ങാനായും പണം നൽകി. ഇതിനൊക്കെ പുറമേ ആയിരുന്നു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുപ്പിച്ചതും.
ഇത്തരത്തിൽ എല്ലാവിധത്തിലും ചൂഷണം ചെയ്ത ശേഷമാണ് ഹാരിഷ് പെൺകുട്ടിയെ നിസ്സാരമായി ഉപേക്ഷിച്ചത്. ഇതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് മാതാവ് ആരിഫയാണ്. ആരിഫയുമായാണ് റംസി അവസാനമായി സംസാരിച്ചത്. ഈ ഫോൺ സംഭാ,ണത്തിൽ എല്ലാ വിവരങ്ങളും ഉണ്ട്. കൂടാതെ ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് നിരവധി തവണ റംസിയെ ഷൂട്ടിങ് ലൊക്കേഷനുകളിൽ വിളിച്ചു കൊണ്ടു പോയിട്ടുണ്ട്. ഇവിടേക്ക് കൊണ്ടു പോകുകയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഹാരിഷിനൊപ്പം ദിവസങ്ങളോളം പറഞ്ഞു വിട്ടിട്ടുമുണ്ട്. നടിയുടെ നേതൃത്വത്തിലാണ് റംസിയുടെ മൂന്ന് മാസമായ ഗർഭം അലസിപ്പിച്ചത്. ഗർഭം അലസിപ്പിക്കാനായി അടുത്തുള്ള ജമാഅത്തിന്റെ വ്യാജ വിവാഹ സർട്ടിഫിക്കറ്റും ഇയാൾ നിർമ്മിച്ചിരുന്നു.
ഹാരിഷിന്റെ മാതാവ് ആരിഫയെയും സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരും ബന്ധുക്കളും ആവിശ്യപ്പെടുന്നത്. ഇവർക്ക് രണ്ടുപേർക്കും റംസിയുടെ മരണത്തിൽ കൃത്യമായ പങ്കുണ്ടെന്നാണ് ആരോപണം. അതേസമയം കൊട്ടിയം എസ്.എച്ച.ഒ ദിലീഷിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അമൽ, അൽത്താഫ്, അഷ്ടമൻ എന്നിവർ ഹാരിഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തിയത് സൈബർ സെൽ എസ്‌ഐ അനിൽകുമാറാണ്.
പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം തെളിവെടുപ്പ് നടത്തുകയാണ്. വൈകുന്നേരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമായി കസ്റ്റഡിയിൽ വാങ്ങും. സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും ആരിഫയേയും ചോദ്യം ചെയ്യാനായി പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്
മരിക്കുന്നതിനു മുൻപ് പ്രതി ഹാരിസും ഹാരിസിന്റെ ഉമ്മയുമായി റംസി ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോൾ എന്നെ വേണ്ടെന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ്. എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്റെ മയ്യത്ത് പോലും കാണാൻ വരരുതെന്നും റംസി ഹാരിസിനോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.
മറുനാടന് ഡെസ്ക്