- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാസ്കറ്റ് ബോളിലും സോഫ്റ്റ്ബോളിലും ഹാൻഡ് ബോളിലും തിളങ്ങിയ വനിതാ കരുത്ത്; പവർലിഫ്ടിങ്ങിൽ യൂണിവേഴ്സിറ്റ് മെഡൽ; ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരന്റെ ചതിയിൽ കുടുങ്ങി ആത്മഹത്യ ചെയ്തതുകൊല്ലം എസ്എൻ വിമൻസ് കോളജിലെ പഴയ ഓൾറൗണ്ടർ; സീരിയൽ നടിയെ രക്ഷിക്കാനുള്ള ലോക്കൽ പൊലീസിന്റെ നീക്കത്തിൽ പ്രതിഷേധം വ്യാപകം; പ്രത്യേക സംഘത്തെ നിയോഗിച്ച് പുതിയ ഇടപെടൽ; റംസി കേസിൽ ലക്ഷ്മി പ്രമോദിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് അന്വേഷണ സംഘം
കൊട്ടിയം: കൊല്ലം കൊട്ടിയത്തെ റംസിയുടെ മരണത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. കൊട്ടിയം, കണ്ണനല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം. സൈബർ സെൽ അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉൾപ്പെടെ ഒൻപത് പേരാണ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. കുടുംബാംഗങ്ങളുടെ പങ്ക് ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. സീരിയൽ നടി ലക്ഷ്മി പ്രമോദ് അടക്കം സംശയ നിഴലിലാണ്. ലക്ഷ്മിയുടെ ഭർതൃ സഹോദരനാണ് റംസിയെ പ്രണയചതിയിൽ കുടുക്കിയ ഹരീഷ്.
അതിനിടെ വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം വാഗ്ദാന ലംഘനം നടത്തുകയും റംസിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ ഹാരിഷിനും കുടുംബത്തിനുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു പിഡിപി ആവശ്യപ്പെട്ടു. സംഭവത്തിൽ ഹാരീസിന്റെ മാതാപിതാക്കൾക്കും സഹോദരന്റെ ഭാര്യയ്ക്കും പങ്കുണ്ടെന്നും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ രോപിച്ചു. ലക്ഷ്മി പ്രമോദിനെതിരെ ഓഡിയോ തെളിവുകളും പുറത്തു വന്നിരുന്നു. എന്നാൽ ഇതൊന്നും ആദ്യ അന്വേഷണ സംഘം കാര്യമായെടുത്തില്ല.
നടി ലക്ഷ്മി പ്രമോദിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് ഇവരുടെ ഫോൺ കസ്റ്റഡിയിലെടുത്തതായാണ് സൂചന. കേസിൽ അറസ്റ്റിലായ പ്രതി കൊല്ലൂർവിള പള്ളിമുക്ക് ഇക്‌ബാൽനഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിഷ് മുഹമ്മദിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ഇവർ. ജമാഅത്തിന്റെ പേരിൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി യുവതിയെ എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയി ഗർഭഛിദ്രം നടത്തിയതിൽ ഇവർക്ക് പങ്കുണ്ടെന്ന് യുവതിയുടെ വീട്ടുകാർ പരാതിപ്പെട്ടിരുന്നു. യുവതിയെ പലപ്പോഴും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത് ഇവരായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. അറസ്റ്റിലായ ഹാരിഷ് യുവതിയെ കരുവാക്കി ബാങ്കുകളിൽനിന്ന് വായ്പകളും തരപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
യുവതിയെ വിവാഹം ഉറപ്പിച്ച് സ്വർണവും പണവും കൈപ്പറ്റിയതിനും യുവതിയെ നിരവധി തവണ കൊണ്ടുനടന്ന് പീഡിപ്പിച്ചതിനും ഹാരിഷിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന ആക്ഷേപം ശക്തമായതിനാൽ അവരെയും ഉടൻ പുതിയ അന്വേഷണ സംഘം ചോദ്യം ചെയ്യും. സംഭവത്തിൽ അറസ്റ്റിലായ ഹാരിഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് നടപടികൾ നടത്തി വരികയാണ്. ആത്മഹത്യ ചെയ്ത റംസിയെയും കൊണ്ട് ഹാരിഷ് പോയിട്ടുള്ള സ്ഥലങ്ങളിലെല്ലാം പോയി തെളിവെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ പോയിട്ടുള്ളതായാണ് വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും പൊലീസ് വിശദമായ അന്വേഷണം നടത്തുക.
സ്‌കൂൾതലം മുതൽ കായിക മേഖലയിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിരുന്നു റംസി. കൊല്ലം എസ്എൻ വിമൻസ് കോളജിൽ പഠിക്കുമ്പോൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്. ബാസ്‌ക്കറ്റ് ബോൾ, സോഫ്റ്റ് ബോൾ, ഹാൻഡ് ബോൾ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പവർലിഫ്റ്റിങ്ങിൽ യൂണിവേഴ്‌സിറ്റി മെഡലും നേടിയിട്ടുണ്ട്. 6 മാസം ദിവസവേതനാടിസ്ഥാനത്തിൽ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ റംസിയെ കണ്ടത്. ഹാരീസുമായി റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വളയിടൽ ചടങ്ങുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കഴിഞ്ഞശേഷം യുവാവ് വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. റംസി മരിക്കുന്നതിന് മുമ്പ് ഹാരീഷിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
താൻ മരിക്കാൻ പോവുകയാണെന്ന് ഹാരീസിന്റെ അമ്മയോട് റംസി പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ