കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്തത വിവാദത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. കേസിൽ അറസ്റ്റിലായ ഹാരിഷിന്റെ സഹോദരന്റെ ഭാര്യയാണു സീരിയൽ നടിയായ ലക്ഷ്മി പ്രമോദ്.

അതിനിടെ റിമാൻഡിലുള്ള പ്രതി ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു പൊലീസ് കോടതിയെ സമീപിച്ചു. രണ്ടു സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരിഷിന്റെ സഹോദരന്റെയും ഭാര്യയുടെയും ഒപ്പം മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കും. ഇവരെല്ലാം കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. അഞ്ചലിലെ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിന് സമാനമാണ് റംസിയുടെ ആത്മഹത്യയെന്നും വിലയിരുത്തലുണ്ട്.

സ്വത്ത് കിട്ടാനായി വിവാഹ നിശ്ചയം ഉറപ്പിച്ച പെൺകുട്ടിയെ വഞ്ചിച്ചുവെന്നാണഅ നിഗമനം. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിനായി കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂർ എസിപി നിയോഗിച്ചു. ഒൻപതംഗ സംഘത്തിൽ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരുമുണ്ട്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനു പൊലീസ് അപേക്ഷ നൽകി. ഹാരീഷിന്റെ ചോദ്യം ചെയ്യലും നിർണ്ണായകമാകും.

ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഹാരിസ് പെൺകുട്ടിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി. ഗർഭിണിയായ റംസിയെ അബോർഷന് വിധേയമാക്കിയിരുന്നു. ഇതിന് ലക്ഷ്മി പ്രമോദും വേണ്ട സഹായം ചെയ്തു. സീരിയൽ രംഗത്തെ ബന്ധങ്ങൾ ഉപയോഗിച്ചാണ് റംസിയുടെ അബോർഷന് ലക്ഷ്മി പ്രമോദ് സംവിധാനമൊരുക്കിയതെന്നാണ് സൂചന.

കഴിഞ്ഞ മൂന്നിനാണ് ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽനിന്ന് കൊട്ടിയം കൊട്ടുമ്പുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന റഹിമിന്റെയും -നദീറയുടെയും മകൾ റംസി (25)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ചശേഷം വരൻ ഹാരിഷ്് പിന്മാറിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. റംസിയുമായി ഹാരിഷ്് തമിഴ്‌നാട്ടിലും ബംഗളുരുവിലും പോയിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തി. ഹാരിസ് ജമാഅത്തിന്റെ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ഉൾപ്പെടെ പൊലീസ് അന്വേഷണത്തിലാണ്. സീരിയൽ നടി ഉൾപ്പെടെ ഹാരിസിന്റെ ബന്ധുക്കൾക്കും സംഭവത്തിൽ പങ്കുള്ളതായി റംസിയുടെ അച്ഛനമ്മമാർ ആരോപണമുയർത്തിയിട്ടുണ്ട്.

മരിക്കുന്നതിനു മുൻപ് പ്രതി ഹാരിസും ഹാരിഷിന്റെ ഉമ്മയുമായി റംസി ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോൾ എന്നെ വേണ്ടെന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ്. എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്റെ മയ്യത്ത് പോലും കാണാൻ വരരുതെന്നും റംസി ഹാരിഷിനോട് പറയുന്നശബ്ദ രേഖയും പുറത്തായിരുന്നു. പത്ത് വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നൽകണമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാൽ പിന്നീട് വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു.

വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിഷ് വിവാഹത്തിൽ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിനെ തുടർന്നാണ് റംസി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ പറയുന്നത്.