താൻ നായകനായി അഭിനയിച്ച രണം വിജയമായില്ലെന്ന പൃഥ്വിരാജിന്റെ പരാമർശത്തിനെതിരെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റഹ്മാൻ രംഗത്തെത്തി. മോഹൻലാൽ നായകനായ രാജാവിന്റെ മകനിലെ ഒരു ഡയലോഗുമായി ബന്ധപ്പെടുത്തിയായിരുന്നു റഹ്മാന്റെ വിമർശനം. രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ അതെന്റെ കുഞ്ഞനുജൻ ആണെങ്കിൽ കൂടി എന്റെ ഉള്ള് നോവും. കുത്തേറ്റവനെ പോലെ ഞാൻ പിടയും''- റഹ്മാൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകൻ. അന്നും ഇന്നും.

ദാമോദർ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാൾക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു.... അതുകണ്ട് കാണികൾ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് രണമെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ.... അതെന്റെ കുഞ്ഞനുജനാണെങ്കിൽ കൂടി, എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാൻ പിടയും..