ചിലയിടത്ത് മാരണം ചിലയിടത്ത് മനോഹരം! പൃഥ്വീരാജ് സുകുമാരനെന്ന യുവ സൂപ്പർതാരത്തിന്റെ 'രണം' എന്ന പുതിയ പടത്തെ ഒറ്റവാക്കിൽ ട്രോളിയാൽ അങ്ങനെയാണ്. ഒട്ടും സ്ഥിരതയില്ലാത്ത ചിത്രമാണ് ഛായാഗ്രാഹകൻ കൂടിയായ നിർമ്മൽ സഹദേവ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ ഒരുക്കിയത്. ചില രംഗങ്ങൾ കാണുമ്പോൾ ഒരു ഹോളിവുഡ്ഡ് പടമോ, കിം കി ഡുക്കിന്റെ ഫെസ്റ്റിവൽ സിനിമയോ എന്ന് ഓർത്തുപോകും. മറ്റു ചില ഭാഗങ്ങൾ കണ്ടാൽ ഛർദി വരും.നാം എത്രയോ തവണ കണ്ട ജോഷി, ഐ വി ശശി പടങ്ങളിലെ സീനുകളും, ഗോഡൗൺ ക്ലൈമാകസുമൊക്കെ. ചില സീനുകളിൽ അമിത വൈകാരികത, എന്നാൽ ഒരു പ്രധാന കഥാപാത്രമായ ഒരു പെൺകുട്ടി മരിക്കുന്നതടക്കമുള്ള സീനുകളിൽ യാതൊരു ഫീലും കിട്ടുന്നില്ല. സാമ്പ്രദായിക ചലച്ചിത്രങ്ങളെ തള്ളിക്കളയുന്ന രീതയിൽ ബുദ്ധിപൂർവമായ രംഗങ്ങൾ ചിലയിടത്ത് കാണാം. എന്നാൽ തൊട്ടുടുത്ത സീനിൽ തന്നെ തലച്ചോറിന്റെ ലോജിക്ക് നിയന്ത്രിക്കുന്ന ഭാഗം നിങ്ങൾ തുരന്നു മാറ്റേണ്ടിവരും.

പുതുമായർന്ന ഈ പ്രമേയംവെച്ച് തിരക്കഥയിൽ കാര്യമായ ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ രണത്തിന്റെ വിധി മറ്റൊന്നാവുമായിരുന്നു. അമേരിക്കൻ മലയാളികളെകുറിച്ച് പല ഫാമിലി ഓറിയന്റഡ് സബ്ജക്റ്റകളും വന്നിട്ടുണ്ടെങ്കിലും ഈ ചിത്രത്തിന്റെ പ്രത്യേകത, അത് എലിക്കെണിയിൽ അകപ്പെട്ടപോലെ ആ രാജ്യത്ത് കുടുങ്ങിയ മലയാളികളുടെ കഥയാണ്. അമേരിക്കൻ പ്രാഞ്ചികളെ ഒരുപാട് കേട്ട നമുക്ക്, എങ്ങുമെത്താത്തതും ഒന്നുമാവാത്തവരുമായ യു എസ് മലയാളികളുടെ കഥ അന്യമാണ്. ഒരുകാലത്ത് അമേരിക്കയുടെ എന്നല്ല ലോകത്തിന്റെ തന്നെ വാഹന നിർമ്മാണ തലസ്ഥാനമായിരുന്നു ഡെട്രോയിറ്റ് നഗരത്തിന്റെ അധോലോകത്തെക്കുറിച്ചാണ് രണം പറയുന്നത്. തകർന്നു തുടങ്ങിയ ആ നഗരത്തിൽ ലഹരി മാഫിയിലേക്ക് എത്തിപ്പെടുന്ന കുടിയേറ്റക്കാർക്കൊപ്പമുള്ള മലയാളി ജീവിതം. ഈ പുതുമായാർന്ന പ്രമേയത്തെ റിയലിസ്റ്റിക്കായും യുക്തിസഹമായും വികസിപ്പിക്കുന്നിടത്താണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ പരാജയപ്പെട്ടിരിക്കുന്നത്. 

നടൻ റഹ്മാന്റെ മരണമാസ്സ് പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. എവിടെയായിരുന്നു ഈ നടൻ എന്ന് അറിയാതെ ചോദിച്ചുപോവും. പ്രൃഥ്വീരാജിൻെ നായക കഥാപാത്രം ആദി, ശ്യാമപ്രസാദിന്റെ 'ഇവിടെ'യിലും, അഞ്ജലിമേനോന്റെ 'കൂടെ'യിലും കണ്ട കഥാപാത്രത്തിന്റെ ലാഞ്ചനകൾ പേറുന്നുണ്ട്. എന്നാലും ആക്ഷൻ രംഗങ്ങളിലൊക്കെ മസ്‌ക്കുലിൻ ഹീറോ എന്ന നിലയിൽ പൃഥ്വി തകർക്കുന്നുണ്ട്. പക്ഷേ ടോട്ടാലിറ്റിയിൽ പൃഥ്വീരാജിന്റെ ആരാധകർ തീർത്തും നിരാശരാണെന്ന് തീയേറ്റർ പ്രതികരണങ്ങളിൽ നിന്ന് വ്യക്താമാണ്. ശരാശരി മാർക്ക് മാത്രമേ ഈ പടത്തിന് കൊടുക്കാൻ കഴിയൂ. ഇതു കണ്ടില്ലെങ്കിലും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല.

ഒരു അധോലോകം പിറക്കുന്നത് ഇങ്ങനെയാണ്
ചിത്രം തുടങ്ങൂന്നതൊക്കെ കണ്ടാൽ, ട്രെയിലറിലും ടീസറിലുമൊക്കെ കണ്ട അതേ ഹോളിവുഡ്ഡ്് ഫീൽ കിട്ടുന്നുണ്ട്. വെടിയും കുത്തുമേറ്റ് ചോരയൊലിപ്പിച്ച് നടുറോഡിൽ തളർന്നു വീഴുന്ന മരണാസന്നനായ പൃഥ്വീരാജിന്റെ കഥാപാത്രത്തിൽനിന്ന്, അയാളുടെ വോയ്സ് ഓവറിൽ ഡെട്രായിറ്റിന്റെ ചരിത്രം പറഞ്ഞു തുടങ്ങുകയാണ്. വടക്കൻ കേരളത്തിലെ ചില തറവാടുകളോടാണ് ഈ നഗരത്തെ നായകൻ ഉപമിക്കുന്നത്്. കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോവുമ്പോഴും, ദുരഭിമാനം മൂലം കടം മേടിച്ചും മുണ്ടുമുറുക്കിയും എല്ലാ ഭദ്രമാണെന്ന് സ്വയം ധരിപ്പിക്കുന്നവർ. പക്ഷേ ഒരുനാൾ എല്ലാം പടിവിട്ടുപോവും.

അടിച്ചമർത്തപ്പെട്ട കറുത്ത വർഗക്കാരുടെ കലാപവും മറ്റും ഡെട്രായിറ്റിനെയും തകർത്തു. തങ്ങൾക്കും ചുറ്റും സമ്പത്ത് കൂമ്പാരം കൂടുമ്പോഴും ദരിദ്രരായി ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ പ്രതിഷേധം കൂടിയായിരുന്നു അത്. പ്രമുഖ വാഹനനിർമ്മാതാക്കാൾ ഡെട്രായിറ്റിനെ കൈവിട്ട് കൊറിയയിലേക്കും ജപ്പാനിലേക്കും ജർമ്മനിയിലേക്കും കൂടിയേറിയതോടെ, ഇതൊരു ഉപേക്ഷിക്കപ്പെട്ട നഗരംപോലെയായി. പക്ഷേ അപ്പോൾ അവിടെ ഒന്നുമാത്രം തഴച്ചു വളർന്നു; മയക്കുമരുന്ന് മാഫിയ.

ഈ ഇൻട്രാഡക്ഷനും കിടലൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ചടുലമായ ക്യാമറയുമൊക്കെയാവുമ്പോൾ ആദ്യത്തെ അഞ്ചുമിനിട്ടിൽ നാം ത്രില്ലടിച്ചുപോകും. എന്നാൽ പിന്നീടങ്ങോട്ട് ആ പഞ്ച് കിട്ടുന്നില്ല. മയക്കുമരുന്ന് മാഫിയയിലേക്ക് അറിഞ്ഞും അറിയാതെയും എത്തിപ്പെടുന്നവരിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കുടിയേറിയവരും ഉണ്ട്. റെഡെക്സ് എന്ന മാരക ഡ്രഗിന്റെ കച്ചവടക്കാരനായ ദാമോദർ രത്നം എന്ന ശ്രീലങ്കൻ വംശജനും (റഹ്മാൻ) അയാളിൽനിന്ന് വേർപിരിഞ്ഞു രക്ഷപ്പെട്ടുപോകാൻ ശ്രമിക്കുന്ന ആദിയും (പൃഥ്വിരാജ് ) ഇവർക്കിടയിൽപ്പെടുന്ന മനുഷ്യരുമാണ് രണത്തിലെ കഥാപാത്രങ്ങൾ

സ്ത്രീപുരുഷ ബന്ധത്തിലും മലയാള സിനിമ സൃഷ്ടിച്ച വാർപ്പ് മാതൃകകളിൽനിന്ന് ഈ ചിത്രം മാറിനടക്കുന്നു. 16വയസ്സുള്ള ഒരു മകളുള്ള ചെറുപ്പത്തിൽ വിവാഹിതയായ അമ്മയുടെ വേഷത്തിലാണ് ഇഷാ തൽവാർ ഈ പടത്തിലെത്തുന്നത്. ഇവർ പൃഥ്വീരാജിന്റെ ആദിയുമായി അടുപ്പത്തിലാകുന്നതും അവർ ഒന്നിച്ച് ജീവിക്കുന്നതുമൊക്കെ യുക്തിസഹമായും മനോഹരമായുമാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.

അമേരിക്കയിലുള്ളതും തമ്പി കണ്ണന്താനത്തിന്റെ അധോലോകം!
വ്യത്യസ്തമായ ഒരു കഥയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കുയാണ് സംവിധായകൻ ചെയ്തിരിക്കുന്നതെന്ന് ചിത്രം പുരോഗമിക്കുമ്പോൾ മനസ്സിലാവും. ഗ്യാങ്ങ് വാറുകളും അന്വേഷണവുമൊക്കെ പതിവ് ഇന്ത്യൻ രീതിയിലാണ്. മർദൈൻ കാർട്ടൽ, എൻദാങ്്ഗ്രത്തേ, യാക്കുസ തുടങ്ങിയ ലോകത്തിലെ മനുഷ്യക്കടത്ത്-മയക്കമരുന്ന് മാഫിയകളുടെ ചെറുപതിപ്പാണ് ഡെട്രായിറ്റിലൊക്കെയുള്ളത്. അത് ജോഷിയുടെയും തമ്പികണ്ണന്താനത്തിന്റെയും തുക്കാടാ അധോലോകമല്ല. അവിടെയാണ് ചിത്രം പൂർണമായും പാളിയത്. ഭൂമിക്കടിയിൽ തുരങ്കങ്ങൾ ഉണ്ടാക്കി അതിലൂടെ സഞ്ചരിച്ച് മയക്കമരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങളുണ്ട്. ഭരണകൂടത്തെപോലും നിയന്ത്രിക്കുന്നവർ. പക്ഷേ എവിടെപോയാലുമുള്ള ഇന്ത്യൻ നിലവാരം നാം ഇവിടെയും കാത്തു. അമേരിക്കൻ അധോലേകത്തിനും ഇന്ത്യൻ രീതിയാണ്!

്ഈപടം കണ്ടാൽ തോന്നുക ഇത്ര ലളിതമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെ ഒതുക്കാൻ കഴിയാത്ത വിധം മണ്ടന്മാരാണോ അമേരിക്കൻ പൊലീസ് എന്നാണ്. പിന്നെ ഗുസ്തി ഇന്ത്യൻ സിനിമയുടെ ഒരു പരമ്പാരഗത കലാപരിപാടിയാണ്. തോക്ക് തട്ടിക്കളഞ്ഞ് പരസ്പരം അതിഭീകരമായി അടികൂടിയശേഷം മാത്രമേ നായകൻ വില്ലനെ കൊല്ലാവൂ. അല്ലാതെ ഒറ്റവെടിക്ക് തീർക്കരുത്. ഇനി നായകന് പ്രതികാരത്തിന് പഞ്ച് കിട്ടണമെങ്കിലോ, അയാളുടെ പ്രിയപ്പെട്ടവരെ തട്ടണം. ഈ ക്ലീഷേകളിൽ നിന്നൊന്നും ഒരു സെന്റീമീറ്റർ മാറ്റിപ്പിടിക്കാൻ സംവിധായകന് ആവുന്നില്ല. അവസാനത്തെ ഗോഡൗൺ ക്ലൈമാകസ്പോലുള്ള രംഗം കൂടിയായതോടെ ഭേഷായി. എന്തൊരു പ്രതിഭാ ദാരിദ്രം.അതുപോലെതന്നെ ഇടക്ക് നോൺലീനയറും ഇടക്ക് ഫ്ളാഷ്ഫോർവേഡുമായുള്ള ആഖ്യാനരീതികൾ പരീക്ഷിച്ചതുകൊണ്ട് കൂടിയാവണം, വൈകാരികമായ രംഗങ്ങളിൽ പ്രേക്ഷകർക്ക് യാതൊരു ഫീലും കിട്ടുന്നില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പെൺകുട്ടി മയക്കുമരുന്ന് ഓവർഡോസായി മരിക്കുന്ന രംഗങ്ങൾ ഉദാഹരണം.

റഹ്മാൻ ഇത്രയും കാലം എവിടെയായിരുന്നു
നടൻ റഹ്മാനാണ് ഈ ചിത്രത്തിലെ യഥാർഥ മരണമാസ്സ്! ദാമോദർ രത്നം എന്ന ശ്രീലങ്കൻ വംശജനായ മയക്കുമരുന്ന് മാഫിയാതലവന്റെ പവറും സ്്റ്റൈലും ഒന്നുവേറെയാണ്. ക്ലൈമാക്സിലടക്കം പൃഥ്വീരാജിന്റെ മുകളിൽ പോവുന്നുണ്ട് റഹ്മാൻ. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ചോദിക്കുന്നത് ഈ നടൻ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നാണ്. എൺപതുകളിൽ ജൂനിയർ മമ്മൂട്ടി എന്ന് അറിയപ്പെടിരുന്ന റഹ്മാൻ മലയാളത്തിന്റെ റൊമാന്റിക്ക് ഹീറോകൂടി ആയായിരുന്നു. അടുത്ത സൂപ്പർസ്റ്റാർ എന്ന് നിസ്സംശയം മാധ്യമങ്ങൾ വാഴ്‌ത്തിയ ഈ നടന് ഇടക്ക് കാലിടറി. പിന്നെ വല്ലപ്പോഴും ഒരു മിന്നലാട്ടമാണ് മലയാളത്തിൽ. പക്ഷേ ചെയ്യുന്നതെല്ലാം സൂപ്പർ. രാജമാണിക്യം, ബ്ലാക്ക്, ബാച്ചിലർ പാർട്ടി, മുംബൈ പൊലീസ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. തുടർച്ചയായി മലയാളത്തിൽ നിൽക്കാത്തതാണ് റഹ്മാന്റെ പ്രശ്നമെന്ന് തോന്നുന്നു. രഞ്ജിത്തിന്റെ ബ്ലാക്ക് എന്ന ചിത്രത്തിൽ ലാൽ അവതരിപ്പിച്ച ഡെവിൾ കാർലോസ് പടവീടൻ എന്ന കഥാപാത്രത്തിന്റെ സാമ്യം ഈ പടത്തിലെ റഹ്മാന്റെ ദാമോദർ രത്നത്തിലുമുണ്ട്.

തന്റെ കഥാപാത്രത്തോട് നൂറുശതമാനം നീതി പുലർത്താൻ പൃഥ്വീരാജിനും ആയിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെയുണ്ടായ ഗാർഹിക ദുരന്തം വേട്ടയാടുന്ന സദാ വിഷാദഛായയുള്ള കഥാപാത്രത്തെ ഈ നടൻ ശരിക്കും ഉൾക്കൊള്ളുന്നുണ്ട്. സംഘട്ടന രംഗങ്ങളിലൊക്കെയുള്ള ആ ഫയർ എടുത്തു പറയേണ്ടതാണ്.ആദിയുടെ അമ്മാവനായി എത്തുന്ന നന്ദുപൊതുവാളും,പ്രദേശത്തെ മലയാളി മീഡിയേറ്റർ ആയി സംവിധായകൻ ശ്യാമപ്രസാദും നല്ല പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.ശ്യാമപ്രസാദിൽ ഒരു നല്ല നടൻ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് ഈ ചിത്രവും അടിവരയിടുന്നു.നായികയായ ഇഷാ തൽവാറിന്റെ മിതവും സത്യസന്ധവുമായ പ്രകടനം ചിത്രത്തിന് മുതൽക്കൂട്ടാണ്്. ഭൂട്ടാൻ സ്വദേശി ജിഗ്മെ ടെൻസിങ്ങിനെ ഛായാഗ്രാഹണവും ജേക്ക്സ് ബിജോയിയുടെ സംഗീകതവും ചിത്രത്തിന്റെ മൂഡിന് അനുസരിച്ച് തന്നെയാണ്.

വാൽക്കഷ്ണം: മലയാളികൾ എവിടെ കുടിയേറിയാലും അവിടുത്തെ ലോകത്തെ സ്വാശീകരിക്കുന്നതിനു പകരം സ്വന്തം നാടിനെ അവിടെ പുനസൃഷ്ടിക്കുമെന്നാണ് പറയുക.അതായത് അമേരിക്കയിൽ കയറി മലയാളി അവിടെ ഒരു കൊച്ചു തിരുവല്ലയുണ്ടാക്കാൻ നോക്കും.അവന്റെ എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവിടേക്ക്കൂടി വ്യാപിപ്പിക്കും.ഈ പടത്തിലെ അധോലോകത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചതെന്ന് തോനുന്നു.യു എസിലെ അധോലോകത്തെ ചിത്രീകരിക്കുന്നതിനുപകരം നാം നമ്മുടെ നാട്ടിൽ കേട്ടറിവുള്ള അധോലോകത്തെ അവിടെ സൃഷ്ടിച്ചു.ഭീകരന്മാരായ മയക്കുമരുന്ന് കാർട്ടലുകൾക്ക് പകരം ജോഷിയുടെയം തമ്പികണ്ണന്താനത്തിന്റെയും തുക്കടാ അധോലോകത്തെ അങ്ങോട്ട് പറിച്ചു നട്ടു.മലയാളിയുടെ മാനസിക പ്രശ്നം തന്നെയാണ.അല്ലാതെന്തു പറയാൻ.