ബോളിവുഡിലെ ഹോട്ട് കമിതാക്കളായ രൺബീർ കപൂറും കത്രീന കെയ്ഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട് പുറത്ത് വന്നിട്ട് ഏറെ ദിവസങ്ങളായി. വാർത്തകൾ പ്രചരിച്ചപ്പോഴൊന്നും വായ തുറക്കാതെയിരുന്ന ബോളിവുഡ് സുന്ദരി കത്രീന കെയ്ഫ് ഇപ്പോൾ എല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്. രൺബീർ കപൂറും താനും തമ്മിലുള്ള വിവാഹനിശ്ചയമോ മോതിരം കൈമാറ്റമോ നടന്നിട്ടില്ലെന്നാണ് താരമിപ്പോൾ പറയുന്നത്.

പുതുവർഷത്തിൽ ലണ്ടനിൽവച്ച് രൺബീറിന്റെയും കത്രീനയുടെയും വീട്ടുകാരുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹനിശ്ചയം
നടന്നുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ ശക്തമായിരുന്നു.

ഇത്തവണ കത്രീന പുതുവർഷം ആഘോഷിച്ചത് കുടുബാംഗങ്ങളോടൊപ്പം ലണ്ടനിലായിരുന്നു. രൺബീർ കപൂറും കത്രീനയോടൊപ്പം പുതുവർഷം ആഘോഷിക്കാൻ ലണ്ടനിലേക്ക് പോയിരുന്നു. ഈ സമയത്ത് കത്രീനയുടെയും രൺബീറിന്റെയും വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹനിശ്ചയം നടന്നതായിട്ടാണ് റിപ്പോർട്ട്. വാർത്തപുറത്ത് വന്നിട്ട് ഇതുവരെ ആരും പ്രതികരിക്കാതെ യിരുന്നതോടെ പലരും വാർത്ത സത്യമാണെന്നു ധരിച്ചിരിക്കുമ്പോഴാണ് നടിയുടെ പുതിയ വെളിപ്പെടുത്തൽ.

അതേസമയം, രൺബീർ ഈ വിഷയത്തെപ്പറ്റി ഇതുവരെ മിണ്ടിയിട്ടില്ല. വിവാഹം കഴിക്കാതെ മുംബൈയിൽ സ്വന്തമായി അപ്പാർട്ട്മെന്റ് വാങ്ങി താമസിച്ചുവരികയാണ് ഇരുവരും. അടുത്തിടെ ഒരു ചടങ്ങിൽ കത്രീനയുടെ കൈവിരലിൽ ഡയമണ്ട് മോതിരം കണ്ടിരുന്നു. ഇതെല്ലാം വച്ചിട്ടാണ് ഇവർക്കെതിരേ വ്യാജവാർത്ത വന്നത്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗ ജസൂസ് എന്ന ചിത്രത്തിൽ രൺബീർ കപൂറിന്റെ നായികയായി അഭിനയിച്ചുവരികയാണ് കത്രീന ഇപ്പോൾ. കഴിഞ്ഞ വർഷം ബോളിവുഡിൽ ഏറെ ചർച്ചചെയ്യപ്പെട്ട പ്രണയ ജോഡികളായിരുന്നു ഇവരുടേത്.

അതിനിടെ രൺബീറിന്റെ വിവാഹാഭ്യർത്ഥന കത്രീന നിരസിച്ചു എന്ന ന്യുസുകളും പ്രചരിക്കുന്നുണ്ട്. പ്രണയമാകാമെന്നും വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാൻ തനിക്ക് താൽപര്യമില്ലെന്നുമാണത്രേ കത്രീന പറഞ്ഞത്. വിവാഹത്തിലും വലുതായി താൻ കാണുന്നത് സിനിമയെയാണെന്നും കത്രീന രൺബീറിനോട് പറഞ്ഞുവെന്നാണ് സൂചന.