വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിലെത്തിയ പത്മാവതി മികച്ച പ്രകടനം നേടി ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയ്‌ക്കൊപ്പം ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തിനും നിറഞ്ഞ കൈയടി നേടുന്നു. നായികയായെത്തിയ ദീപികയ്ക്കും നാനാഭാഗത്ത് നിന്നും സിനിമയിലെ പ്രകടനത്തിന് ആശംസകൾ ലഭിക്കുന്നുണ്ട്. എന്നാൽ തനിക്ക് ലഭിച്ച സ്‌പെഷ്യൽ സമ്മാനത്തെക്കുറിച്ച് നടി ട്വിറ്ററിൽ പങ്ക് വച്ചു.

പത്മാവതിലെ ദീപികയുടെ പ്രകടനത്തെ അഭിനന്ദിച്ച് താരത്തിന്റെ മുൻകാമുകൻ രൺബീർ കപൂറിന്റെ മാതാപിതാക്കളായ ഋഷി കപൂറും നീതു സിംഗും അയച്ച ആശംസാ കാർഡാണ് ദീപിക പങ്കുവച്ചിരിക്കുന്നത്. മഹത്തരമായ പ്രകടനം. നിന്നിൽ ഞങ്ങൾ അഭിമാനിക്കുന്നു. സ്‌നേഹത്തോടെ ഋഷിയും നീതുവുംഎന്നാണ് കാർഡിലുള്ളത്. പത്മാവതിന്റെ സ്പഷ്യൽ ഷോയ്ക്ക് ഇരുവരും എത്തിയിരുന്നു.

രൺബീർ കപൂറും ദീപികയും ഏറെക്കാലം പ്രണയത്തിലായിരുന്നു. പ്രണയം വിവാഹത്തോട് അടുത്തപ്പോഴാണ് ഇരുവരും വേർപിരിഞ്ഞത്. രൺബീറിന്റെ കുടുംബവുമായി വളരെ അടുത്ത സൗഹൃദത്തിലായിരുന്നു ദീപിക. ആ പ്രണയ പരാജയം തന്നെ ഡിപ്രഷനിലെത്തിച്ച കാര്യം താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ രൺവീർ സിംഗിന്റെ കാമുകിയാണ് ദീപിക. ഇരുവരുടെയും വിവാഹം അടുത്തു തന്നെ ഉണ്ടാകുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം. പത്മാവതിൽ വില്ലനായി മികച്ച പ്രകടനമാണ് രൺവീർ സിങ് കാഴ്ചവച്ചത്. ഷാഹിദ് കപൂറാണ് ചിത്രത്തിൽ ദീപികയുടെ ജോഡിയായി എത്തിയത്.