പ്രാണൻ വിട്ടു പോയിട്ടും സൗന്ദര്യം സൂര്യ തേജസ്സോടെ വിളങ്ങി നിന്ന മുഖമായിരുന്നു ശ്രീദേവിയുടേത്. എന്തോ ആ ശരീരത്തെ വിട്ടു പോകാൻ ആ അഴകിന് ഒരു താത്പര്യവും ഇല്ലാത്തതു പോലെ. സൗന്ദര്യത്തെ ഏറെ സ്‌നേഹിച്ച ആ താരത്തെ അവസാനമായി യാത്രയാക്കിയതും ഇഷ്ടമുള്ള മേക്ക് അപ്പുകൾ കൊണ്ട് അണിയിച്ചൊരുക്കിയായിരുന്നു.

ശ്രീദേവിയെ അവസാനമായി അണിയിച്ചൊരുക്കിയത് ബോളിവുഡ് താരം റാണി മുഖർജിയും സെലിബ്രിറ്റി മേക്കപ്പ്മാൻ രാജേഷ് പാട്ടീലും ചേർന്നായിരുന്നു. ശ്രീദേവിയുടെ ഇഷ്ടപ്പെട്ട മേക്ക് അപ്പ്മാനായിരുന്നു രാജേഷ് പാട്ടീൽ. അഞ്ചു മിനിറ്റിലാണ് ശ്രീദേവിയെ ഒരുക്കിയതെന്നു റാണി പറഞ്ഞു.

സിന്ദൂരപ്പൊട്ടും കൺമഷിയും ശ്രീയ്ക്കു ഏറെ പ്രിയപ്പെട്ടതായിരുന്നു. ശ്രീയ്ക്കു ഏറെ ഇഷ്ടപ്പെട്ട സിന്ദൂരവും കടുംചുവപ്പിലുള്ള ലിപ്സ്റ്റിക്കുമാണ് ഇവർ ഉപയോഗിച്ചത്. മജന്തയും ഗോൾഡും നിറങ്ങളിൽ കാഞ്ചീവരം സാരിയെക്കുറിച്ച് ഓർമ്മിപ്പിച്ചത് ഹെയർ സ്‌റ്റൈലിസ്റ്റ് നൂർജഹാനാണ്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബാംഗങ്ങൾ തളർന്നു പോയപ്പോൾ പ്രിയതാരത്തെ അണിയിച്ചൊരുക്കാൻ റാണി മുഖർജി കടമയായി ഏറ്റെടുക്കുകയായിരുന്നു.