- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് ആറരയ്ക്ക്; പിന്തുണച്ച് ഭരണ പ്രതിപക്ഷ കക്ഷികൾ; മഹിന്ദ രാജപക്സെയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും മൂലം ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ യുഎൻപി നേതാവ് റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകും. ഇന്ന് വൈകുന്നേരം ആറരയ്ക്ക് വിക്രമസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് വിക്രമസിംഗെ. പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം. സമവായ നീക്കത്തിന്റെ ഭാഗമായാണ് സിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നത്.
ബുധാനാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഗോതബായ രജപക്സെ സ്ഥാനത്ത് നിന്ന് ഒഴിയാൻ വിസ്സമിതിച്ചു. പകരം പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 73കാരനായ റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കിയത്. വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നതിൽ ഭരണകക്ഷിയായ ശ്രീലങ്കൻ പൊതുജന പെരുമനയും പ്രതിപക്ഷമായ എസ്ജെബിയും പിന്തുണച്ചു.
225 അംഗ പാർലമെന്റിൽ വിക്രമസിംഗെയാണ് യുഎൻപിയുടെ ഏക അംഗം.2020ലെ പൊതു തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) തകർന്നടിഞ്ഞിരുന്നു. വിക്രമസിംഗെ പ്രസിഡന്റ് ഗോതബായ രജപക്സെയുമായി ബുധനാഴ്ച ചർച്ച നടത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുൻപായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തു കളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്നും പാർലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയിൽ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും രൂപപ്പെട്ട സാഹചര്യത്തിലാണ് ഗോട്ടബയയുടെ പുതിയ അനുനയ നീക്കം. റനിലുമായി പ്രസിഡന്റ് ചർച്ച നടത്തുകയും ചെയ്തിരുന്നു.
വിക്രമസിംഗെ നാലുതവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. 2018ൽ പ്രധാനമന്ത്രി പദത്തിൽ നിന്ന് അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന സിംഗെയെ പുറത്താക്കിയിരുന്നു. പിന്നീട് മൂന്നുമാസങ്ങൾക്ക് ശേഷം തിരിച്ചെടുത്തു.
അതേസമയം, പ്രക്ഷോഭകാരികളെ ഭയന്ന് ഒഴിവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യം വിടുന്നത് ശ്രീലങ്കൻ സുപ്രീംകോടതി വിലക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ സൈന്യത്തെയും പാർട്ടിയേയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു എന്ന കേസിലാണ് രജപക്സെ രാജ്യം വിടുന്നത് സുപ്രീംകോടതി വിലക്കിയത്.
മഹിന്ദയുൾപ്പെടെ 13 പേർക്കാണ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഗോൾഫേസിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.
മഹിന്ദ രജപക്സൈയുടെ വസതി പ്രക്ഷോഭകാരികൾ അഗ്‌നിക്കിരയാക്കിയിരുന്നു. ഇതേത്തുടർന്ന് സൈന്യം ഇദ്ദേഹത്തെ നാവികസേനാ താവളത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് രക്ഷപ്പെടാതിരിക്കാൻ പ്രക്ഷോഭകാരികൾ താവളം വളഞ്ഞിരിക്കുകകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അപ്രമാദിത്വം പുലർത്തി പോന്ന രജപക്സെ കുടുംബം ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മഹിന്ദയുടെ ഇളയസഹോദരൻ ഗോതബയ രജപക്‌സെയാണ് ശ്രീലങ്കയുടെ പ്രസിഡന്റ്. വിപുലമായ എക്സിക്യൂട്ടീവ് അധികാരങ്ങളും സുരക്ഷാ സേന കമാൻഡുമാറായ ഗോതാബയ മാത്രമാണ് ഇന്ന് അധികാരത്തിൽ ബാക്കിയുള്ള രജപക്‌സെ കുടുംബാംഗം.
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിട്ടിട്ടുണ്ട്. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്.




