ന്യൂഡൽഹി: അസമിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ചു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയി. 'ഞാനൊരു രാഷ്ട്രീയ നേതാവല്ല. അങ്ങനൊരു ആഗ്രഹവും എനിക്കില്ല. ആരും അത്തരം വാഗ്ദാനവുമായി എന്നെ സമീപിച്ചിട്ടുമില്ല. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗവും സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധിയും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് മനസ്സിലാകാത്തത് വളരെ നിർഭാഗ്യകരമാണ്' -ഗൊഗോയി പറഞ്ഞു.

ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് രംഗത്തുവന്നത്. രാജ്യസഭയിലേക്ക് എന്നെ നാമനിർദ്ദേശം ചെയ്തപ്പോൾ ഞാൻ അത് സ്വീകരിച്ചത് വളരെ ബോധപൂർവ്വം തന്നെയാണ്. കാരണം എന്റെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് എനിക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ എന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ അവസരം ലഭിക്കുമല്ലോ. അത് എങ്ങനെയാണ് എന്നെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

രഞ്ജൻ ഗൊഗോയി അസം തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയാണ് ആരോപിച്ചത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ രഞ്ജൻ ഗൊഗോയിയുടെ പേരും ഉണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അയോധ്യ, റാഫേൽ, ശബരിമല, എൻ.ആർ.സി തുടങ്ങി നിർണായകമായ കേസുകളിൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയ വിധി പ്രസ്താവത്തിന് ശേഷമാണ് നവംബറിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിച്ചത്. വിരമിച്ച് നാല് മാസത്തിന് ശേഷമാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് രാജ്യസഭ ടിക്കറ്റ് ലഭിക്കുന്നത്. ജസ്റ്റിസ് രഞജൻ ഗൊഗോയ് വിരമിക്കുന്നതിനു മുൻപ് പരിഗണിച്ച വിധി പ്രസ്താവങ്ങൾ എല്ലാം നിർണായകവും ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയതുമായിരുന്നു.

അതേസമയം രഞ്ജൻ ഗൊഗോയി അസമിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന വാർത്തയിൽ പ്രതികരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ പ്രചരണമാണ് തരുൺ ഗൊഗോയിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബിജെപി അസം പ്രസിഡണ്ട് രഞ്ജീത് കുമാർ പറഞ്ഞു.  'പ്രായമാകുന്തോറും ആളുകൾ യാതൊരു കഴമ്പുമില്ലാത്ത മണ്ടത്തരങ്ങൾ വിളിച്ചുപറയും. തരുൺ ഗൊഗോയിയുടെ പ്രസ്താവന അത്തരത്തിലുള്ളതാണ്' നിരവധി മുൻ മുഖ്യമന്ത്രിമാരെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ തരുൺ ഗൊഗോയിയെപ്പോലെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യത്തിന്റെ ഒരംശം പോലുമില്ലാത്ത പ്രസ്താവനയാണ് തരുൺ ഗൊഗോയിയുടേതെന്നും രഞ്ജീൻ കുമാർ പറഞ്ഞു.