രാജ്കോട്ട്: മേഘാലയക്കെതിരായ രഞ്ജി ട്രോഫിയിൽ ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. എലൈറ്റ് ഗ്രൂപ്പ് എയിൽ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോൾ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിലാണ്. സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലിന്റെ (107) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. പി രാഹുൽ (91), ജലജ് സക്സേന (4) എന്നിവരാണ് ക്രീസിൽ.

നേരത്തെ മേഘാലയയുടെ ഒന്നാം ഇന്നിങ്സ് 148ന് അവസാനിച്ചിരുന്നു. ഏതൻ ആപ്പിൾ ടോമിന്റെ നാല് വിക്കറ്റ് പ്രകടനമാണ് മേഘാലയയെ തകർത്തത്. മനു കൃഷ്ണൻ മൂന്നൂം എസ് ശ്രീശാന്ത് രണ്ട് വിക്കറ്റും വീഴ്‌ത്തി.

ട്വന്റി20 ശൈലിയിൽ അടിച്ചുതകർത്ത് സെഞ്ചുറി നേടിയ ഓപ്പണർ രോഹൻ എസ്. കുന്നുമ്മലിന്റെ ഇന്നിങ്‌സും പി. രാഹുലിനൊപ്പമുള്ള ഓപ്പണിങ് കൂട്ടുകെട്ടുമാണ് ആദ്യ ദിനത്തിൽ കേരളത്തിന് ലീഡ് സമ്മാനിച്ചത്. കേരളത്തിന് ഒൻപത് വിക്കറ്റ് കയ്യിലിരിക്കെ 57 റൺസിന്റെ ലീഡ്.

സെഞ്ചുറി പൂർത്തിയാക്കിയ രോഹൻ 107 റൺസെടുത്ത് പുറത്തായി. 97 പന്തിൽ 17 ഫോറും ഒരു സിക്‌സും സഹിതമാണ് രോഹിൻ 107 റൺസെടുത്തത്. ചിരാഗ് ഖുറാനയുടെ പന്തിൽ രവി തേജയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് രോഹൻ പുറത്തായത്. ട്വന്റി20 ശൈലിയിൽ തകർത്തടിച്ച രോഹൻ വെറും 73 പന്തിൽനിന്നാണ് സെഞ്ചുറി തികച്ചത്. ഓപ്പണിങ് വിക്കറ്റിൽ രാഹുലിനൊപ്പം 201 റൺസിന്റെ കൂട്ടുകെട്ട് തീർക്കാനും രോഹനായി. 214 പന്തിൽനിന്നാണ് ഇരുവരും 201 റൺസ് അടിച്ചുകൂട്ടിയത്.

ഇതുവരെ 117 പന്തുകൾ നേരിട്ട രാഹുൽ 13 ഫോറും ഒരു സിക്‌സും സഹിതമാണ് 91 റൺസെടുത്തത്. ജലജ് സക്‌സേന മൂന്നു പന്തിൽ ഒരു ഫോർ സഹിതം നാലു റൺസോടെയും ക്രീസിൽ.

നേരത്തെ അരങ്ങേറ്റക്കാരൻ ഏദന്റെ പ്രകടനമാണ് കേരളത്തിന് മേൽക്കൈ നൽകിയത്. എറിഞ്ഞ ആദ്യ പന്തിൽ തന്നെ താരം വിക്കറ്റ് നേടി. പിന്നാലെ മധ്യനിരയിലെ മൂന്ന് വിക്കറ്റുകൽ കൂടി താരം സ്വന്തമാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ ശക്തമായ കൂട്ടുകെട്ട് പോലും മേഘാലയയുടെ ഇന്നിങ്സിൽ പിറന്നില്ല. 93 റൺസെടുത്ത ക്യാപ്റ്റൻ പുനിത് ബിഷ്്ട് മാത്രമാണ് പിടിച്ചുനിന്നത്. ബിഷ്ടിനെ മനുവാണ് പുറത്താക്കിയത്. മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിയതും മനു തന്നെ. വാലറ്റത്തെ ശ്രീശാന്ത് ചുരുട്ടികെട്ടിയതോടെ മേഘാലയ കൂടാരം കയറി. വിലക്കിന് ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവും ശ്രീശാന്ത് ആഘോഷമാക്കി.

മറ്റൊരു മത്സരത്തിൽ സൗരാഷ്ട്രയ്ക്കെതിരെ മുംബൈ ശ്ക്തമായ നിലയിലാണ്. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇന്ത്യൻ സീനിയർ താരം അജിൻക്യ രഹാനെയുടെ സെഞ്ചുറിയാണ് മുംബൈയ്ക്ക് കരുത്തായത്. 108 റൺസുമായി താരം ക്രീസിലുണ്ട്. 121 റൺസ് നേടിയ സർഫറാസ് ഖാനാണ് രഹാനെയ്ക്ക കൂട്ട്. ഒന്നാംദിനം സ്റ്റംപ് എടുക്കുമ്പോൾ മൂന്നിന് 263 എന്ന നിലയിലാണ് മുംബൈ. 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്സ്.

ഈ ഇന്നിങ്സ് താരത്തിന്റെ ആത്മവിസ്വാസം വർധിപ്പിക്കും. നിലവിൽ ടീമിൽ നിലനിൽപ്പില്ലാത്ത അവസ്ഥയാണ് രഹാനെയ്ക്ക്. ഐപിഎല്ലിൽ രഹാനെയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ രഹാനെയെ അഭിനന്ദിക്കാനും അവർ മറന്നില്ല. ഫോമിലില്ലാത്ത മറ്റൊരു താരം ചേതേശ്വർ പൂജാര എതിർടീമിലും കളിക്കുന്നുണ്ട്. ഫോമിലില്ലാത്ത താരങ്ങളോട് രഞ്ജി കളിച്ച് മടങ്ങിയെത്താൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും പറഞ്ഞിരുന്നു.

ഇന്ത്യയുടെ അണ്ടർ 19 ടീം ക്യാപ്റ്റൻ യഷ് ദുൾ നേടിയ സെഞ്ചുറിയാണ് രഞ്ജി മത്സരങ്ങളിലെ മറ്റൊരു സവിശേഷത. ഡൽഹിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. തമിഴ്‌നാടിനെതിരായ മത്സരത്തിൽ 113 റൺസാണ് ദുൾ നേടിയത്. ഇതോടെ സവിശേഷ പട്ടികയിലും താരം ഇടം നേടി. രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറിയെന്നുള്ള നേട്ടമാണ് ദുള്ളിനെ തേടിയെത്തിയത്. അതും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുമെല്ലാമുള്ള പട്ടികയിൽ. ഡൽഹിയുടെ ഓപ്പണറായിട്ടാണ് ദുൾ ക്രിസീലെത്തിയത്. എന്നാൽ അവർ രണ്ടിന് ഏഴ് എന്ന നിലയിൽ പരുങ്ങി. പിന്നാലെ നിതീഷ് റാണയുമൊത്ത് 60 റൺസിന്റെ കൂട്ടുകെട്ടുണ്ടക്കാനും ദുളിന് സാധിച്ചു.

കൂട്ടുകെട്ട് എം മുഹമ്മദ് പൊളിച്ചു. പിന്നാലെ ജോണ്ടി സിദ്ദുവിനൊപ്പം താരം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 119 റൺസാണ് കൂട്ടിച്ചേർത്തത്. പിന്നാലെ ദുൾ മടങ്ങി. മുഹമ്മദിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. 18 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അണ്ടർ 19 ലോകകപ്പിൽ നാല് മത്സങ്ങളിൽ നിന്ന് 229 റൺസാണ് ദുൾ നേടിയത്. ഇതിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറിയും ഉൾപ്പെടും. പിന്നാലെ താരം ഐപിഎൽ മെഗാ താരലേലത്തിന് രജിസ്റ്റർ ചെയ്തു. ഡൽഹി കാപിറ്റൽസ് 50 ലക്ഷത്തിലാണ് താരത്തെ സ്വന്തമാക്കിയത്.

ഒന്നാം ദിനം അവസാനിക്കുമ്പോൾ ഏഴിന് 291 എന്ന നിലയിലാണ് ഡൽഹി. ദുള്ളിന് പുറമെ ജോണ്ടി സിദ്ദു 71 റൺസ് നേടി. തമിഴ്‌നാടിന്റെ മലയാളി പേസർ സന്ദീപ് വാര്യർ, മുഹമ്മദ്, ബാബാ അപരാജിത് എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി