- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരട്ട സെഞ്ചുറിയുമായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം; അമോൽ മസുംദാറിന് ശേഷം ചരിത്ര നേട്ടം കുറിച്ച് മുംബൈയുടെ സുവേദ് പാർക്കർ; സെഞ്ചുറിയുമായി സർഫ്രാസും; മുംബൈയ്ക്ക് കൂറ്റൻ സ്‌കോർ

മുംബൈ: ഇരട്ട സെഞ്ചുറിയുമായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം അവിസ്മരണീയമാക്കി മുംബൈയുടെ 21-കാരനായ സുവേദ് പാർക്കർ. ഉത്തരാഖണ്ഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുംബൈക്കായി അരങ്ങേറിയ സുവേദ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ മുംബൈ താരമെന്ന നേട്ടവും സ്വന്തമാക്കി. രഞ്ജി അരങ്ങേറ്റത്തിൽ തന്നെ 200 തികയ്ക്കുന്ന 12-ാമത്തെ ഇന്ത്യൻ താരമായും സുവേദ് മാറി.
ടീമിന്റെ മുഖ്യപരിശീലകൻ കൂടിയിയ അമോൽ മസുംദാറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ മുംബൈ താരം. അമോലിനു പിന്നാലെ രഞ്ജി ട്രോഫി നോക്കൗട്ട് ഘട്ടത്തിലെ അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് സുവേദ്. 1993-94 സീസണിൽ ഹരിയാനക്കെതിരെയായിരുന്നു അമോൽ മസുംദാറിന്റെ അരങ്ങേറ്റ ഇരട്ട സെഞ്ചുറി (260).
ഉത്തരാഖണ്ഡിനെതിരേ 447 പന്തിൽ നിന്ന് നാലു സിക്സും 21 ഫോറുമടക്കം 252 റൺസെടുത്ത സുവേദിന് പുറമെ തകർപ്പൻ സെഞ്ചുറി നേടിയ സർഫ്രാസ് ഖാന്റെയും ബാറ്റിങ് മികവിൽ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിൽ 647 റൺസ് എന്ന സ്‌കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
ഐപിഎല്ലിനിടെ പരിക്കേറ്റ അജിങ്ക്യ രഹാനെയ്ക്ക് കളിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സുവേദിന് നോക്കൗട്ട് സ്റ്റേജിൽ മുംബൈ ടീമിലേക്ക് വിളിയെത്തിയത്. നേരത്തെ ക്യാപ്റ്റൻ പൃഥ്വി ഷാ നിരാശപ്പെടുത്തിയെങ്കിലും അരങ്ങേറ്റക്കാരൻ സുവേദും സർഫ്രാസും ക്രീസിൽ ഉറച്ചു നിന്നതോടെ മുംബൈ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു.
രണ്ടാം ദിനം കളി നിർത്തുമ്പോൾ മുംബൈയുടെ കുറ്റൻ സ്‌കോർ പിന്തുടരുന്ന ഉത്തരാഖണ്ഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിൽ ബാറ്റിങ് തകർച്ചയിലാണ്. 27 റൺസുമായി കമാൽ സിംഗും എട്ട് റൺസോടെ കുനാൽ ചന്ദോലയും ക്രീസിൽ. ക്യാപ്റ്റൻ ജയ് ഗോകുൽ ബിസ്റ്റയുടെയും(0), മായങ്ക് മിശ്രയുടെയും വിക്കറ്റുകളാണ് ഉത്തരാഖണ്ഡിന് നഷ്ടമായത്.
യശസ്വി ജയ്സ്വാൾ(35), അർമാൻ ജാഫർ(60), ഷാംസ് മുലാനി(59) എന്നിവരും മുംബൈക്കായി ബാറ്റിംഗിൽ തിളങ്ങി. 447 പന്തിൽ 252 റൺസെടുത്ത പാർക്കർ റണ്ണൗട്ടാവുകയായിരുന്നു. 205 പന്തിൽ 14 ബൗണ്ടറിയും നാല് സിക്‌സും പറത്തിയാണ് സർഫ്രാസ് 153 റൺസടിച്ചത്. ഉത്തരാഖണ്ഡിനായി ദീപക് ദഫോല മൂന്ന് വിക്കറ്റുമായി ബൗളിംഗിൽ തിളങ്ങി.


