- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഞ്ജുവും ഉത്തപ്പയും പുറത്ത് ; സച്ചിൻ ബേബി നയിക്കും; രഞ്ജി ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രഞ്ജി ട്രോഫി ടൂർണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ടീമിന്റെ നായകൻ. വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റൻ. മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് ടീമിൽ ഇടം നേടിയപ്പോൾ മറ്റൊരു മുൻ ഇന്ത്യൻ താരമായ റോബിൻ ഉത്തപ്പ ടീമിൽ നിന്ന് പുറത്തായി. പരിക്കാണ് ഉത്തപ്പയുടെ വഴിയടച്ചത്.
സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ കേരളത്തിനായി കളിക്കില്ല. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമയിൽ ശാരീരികക്ഷമതാ പരിശോധനയിലുള്ള സഞ്ജു 17-ാം തീയതി മാത്രമേ രാജ്‌കോട്ടിൽ ടീമിനൊപ്പം ചേരുകയുള്ളു.
ജൂനിയർ ക്രിക്കറ്റിൽ തിളങ്ങിയ 17കാരൻ പേസർ ഏദൻ ആപ്പിൾ ടോം ആണ് ടീമിലെ ജൂനിയർ. അണ്ടർ-19 ടീമിൽ മികവ് കാട്ടിയ വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാർ, ആനന്ദ് കൃഷ്ണൻ എന്നിവരാണ് ടീമിലെ മറ്റ് പുതുമുഖങ്ങൾ. വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് അസ്ഹറുദ്ദീനും ടീമിൽ ഇടം നേടാനായില്ല.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം എലീറ്റ് ഗ്രൂപ്പ് എയിൽ ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്റെ എതിരാളികൾ. മത്സരങ്ങൾ രാജ്‌കോട്ടിൽ നടക്കും. ഗ്രൂപ്പ് ജേതാക്കൾ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഒൻപത് വേദികളിലായി 38 ടീമുകൾ ഇക്കുറി മാറ്റുരയ്ക്കും. നാല് ടീമുകളുള്ള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ.


