രാജ്‌കോട്ട്: രഞ്ജി ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്തിനെ എട്ട് വിക്കറ്റിന് കീഴടക്കി കേരളം. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഓപ്പണർ രോഹൻ എസ്. കുന്നുമ്മലാണ് അനായാസം ജയത്തിലെത്തിച്ചത്. 214 പന്തിൽ ആറ് റൺ ശരാശരിയോടെയാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം വിജയലക്ഷ്യം മറികടന്നത്. രോഹൻ 87 പന്തിൽ നിന്നും പുറത്താകാതെ 106 റൺസ് നേടി. പന്ത്രണ്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെട്ട തകർപ്പൻ ഇന്നിങ്‌സ്. സ്‌കോർ ഗുജറാത്ത് - 388 & 264, കേരളം - 439 & 214/2

രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് മത്സരത്തിലെ താരം. രഞ്ജിയിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. മേഘാലയയെയാണ് കേരളം ആദ്യമത്സരത്തിൽ തോൽപ്പിച്ചത്. തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന കേരളത്തിന്റെ ആദ്യ താരമായി രോഹൻ മാറി.

ട്വന്റി20 ശൈലിയിൽ തകർത്തടിച്ചു മുന്നേറിയ രോഹൻ 44 പന്തിൽനിന്നാണ് അർധസെഞ്ചുറിയും 82 പന്തിൽ സെഞ്ചുറിയും പൂർത്തിയാക്കി. നായകൻ സച്ചിൻ ബേബി 76 പന്തിൽ 62 റൺസ് എടുത്തു. 30 പന്തിൽ 28 റൺസ് എടുത്ത സൽമാൻ നിസാർ രോഹന് മികച്ച പിന്തുണ നൽകി. ഓപ്പണർ പി. രാഹുലാണ് കേരള നിരയിൽ ആദ്യം പുറത്തായത്. 21 പന്തുകൾ നേരിട്ട രാഹുൽ ഒരു ഫോർ സഹിതം ഏഴു റൺസെടുത്താണ് പുറത്തായത്. ചിന്തൻ ഗജയുടെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രാഹുൽ മടങ്ങിയത്.

ഒന്നാം ഇന്നിങ്‌സിലും രോഹൻ സെഞ്ചുറി നേടിയിരുന്നു. 171 പന്തിൽ 16 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടെ 129 റൺസാണ് ഒന്നാം ഇന്നിങ്‌സിൽ രോഹൻ നേടിയത്. പി രാഹുലിനൊപ്പം രോഹൻ നൽകിയ മികച്ച തുടക്കമാണ് കേരളത്തിന് ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്‌കോർ പടുത്തുയർത്താൻ അടിത്തറ നൽകിയത്.

നേരത്തെ, 51 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ രണ്ടാം ഇന്നിങ്‌സിൽ കേരള ബോളർമാർ 264 റൺസിന് എറിഞ്ഞിട്ടതോടെയാണ് കേരളത്തിനു മുന്നിൽ 214 റൺസ് വിജയലക്ഷ്യം ഉയർന്നത്. മത്സരത്തിന്റെ അവസാന ദിനത്തിലായിരുന്നു കേരളത്തിന്റെ ജയം.

85.5 ഓവറിലാണ് ഗുജറാത്ത് രണ്ടാം ഇന്നിങ്‌സിൽ 264 റൺസെടുത്തത്. 85 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഗുജറാത്തിന്, ആറാം വിക്കറ്റിൽ ഉമാങ് കുമാർ കരൺ പട്ടേൽ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് രക്ഷയായത്. 287 പന്തുകൾ ക്രീസിൽ നിന്ന ഇരുവരും സ്‌കോർ ബോർഡിലെത്തിച്ചത് 138 റൺസ്! കരൺ പട്ടേൽ 150 പന്തിൽ ഒൻപതു ഫോറുകൾ സഹിതം 81 റൺസെടുത്തു. ഉമാങ് കുമാറാകട്ടെ, 175 പന്തിൽ എട്ടു ഫോറും ഒരു സിക്‌സും സഹിതം 70 റൺസെടുത്തും പുറത്തായി. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിലായിരുന്ന ഗുജറാത്തിന്, അവസാന അഞ്ച് വിക്കറ്റുകൾ 42 റൺസിനിടെയാണ് നഷ്ടമായത്.

റൂഷ് കലേറിയ (0), സിദ്ധാർഥ് ദേശായി (19 പന്തിൽ 7), നഗ്വാസ്വല്ല (13 പന്തിൽ നാല്) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ഗുജറാത്ത് താരങ്ങൾ. കേരളത്തിനായി ജലജ് സക്‌സേന നാലു വിക്കറ്റ് വീഴ്‌ത്തി. 17 ഓവറിൽ 53 റൺസ് വഴങ്ങിയാണ് സക്‌സേന നാലു വിക്കറ്റ് പിഴുതത്. സിജോമോൻ ജോസഫ് മൂന്നും ബേസിൽ തമ്പി രണ്ടും രണ്ടും എം.ഡി. നിധീഷ് ഒരു വിക്കറ്റും വീഴ്‌ത്തി.

മത്സരത്തിന്റെ മൂന്നാം ദിനം ഗുജറാത്തിന്റെ അഞ്ച് വിക്കറ്റ് പിഴുതതോടെ കേരളം വിജയപ്രതീക്ഷയിലായിരുന്നു. അവസാന ദിനമായ ഇന്ന് ആദ്യ സെഷനിൽ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി എത്രയും വേഗം വീഴ്‌ത്തി വിജയം പിടിക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകളാണ് ഉമാങ് കരൺ സഖ്യം തകർത്തത്. ഓപ്പണർമാരായ സൗരവ് ചൗഹാൻ (25 പന്തിൽ 19), കതൻ പട്ടേൽ (32 പന്തിൽ 20), ക്യാപ്റ്റൻ ഭാർഗവ് മെരായ് (18 പന്തിൽ 11), ചിരാഗ് ജുനേജ (11 പന്തിൽ ആറ്), ഹേത് പട്ടേൽ (27 പന്തിൽ ആറ്) എന്നിവരാണ് ഗുജറാത്ത് നിരയിൽ ഇന്നലെ പുറത്തായത്.

നേരത്തെ, രോഹൻ കുന്നുമ്മലിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദും സെഞ്ചുറി നേടി (113) തിളങ്ങിയതോടെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെതിരെ കേരളം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. ഗുജറാത്തിന്റെ 388 റൺസ് പിന്തുടർന്ന കേരളം ഒന്നാം ഇന്നിങ്‌സിൽ 439 റൺസിൽ പുറത്തായി. 51 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്.

4ന് 277 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തെ ലീഡിലേക്കെത്തിച്ചത് വിഷ്ണു വിനോദും വത്സൽ ഗോവിന്ദും (25) ചേർന്നുള്ള കൂട്ടുകെട്ടാണ്. 5ാം വിക്കറ്റിൽ ഇവർ 98 റൺസ് നേടി. വത്സൽ പുറത്തായശേഷവും വാലറ്റക്കാരെ കൂട്ടുപിടിച്ച് വിഷ്ണു സ്‌കോറുയർത്തി.