- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രഞ്ജി ട്രോഫിയിൽ ഒൻപത് വർഷത്തെ ഇടവേളയ്ക്കുശേഷം ആദ്യ വിക്കറ്റ്; പിച്ചിനു പ്രണാമമർപ്പ് ശ്രീശാന്ത്; ആഘോഷ വിഡിയോ വൈറൽ; പരുക്കേറ്റ് മടങ്ങിയെങ്കിലും ഉടൻ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് താരം

രാജ്‌കോട്ട്: നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവിൽ മേഘാലയയ്ക്കെതിരെ നടന്ന മത്സരത്തിൽ കേരളത്തിനായി ആദ്യ വിക്കറ്റ് നേടിയ മലയാളി പേസ് ബോളർ എസ്. ശ്രീശാന്തിന്റെ വ്യത്യസ്തമായ ആഘോഷത്തിന്റെ വിഡിയോ വൈറലാകുന്നു. മേഘാലയയ്ക്കെതിരായ മത്സരത്തിലെ വിക്കറ്റ് നേട്ടത്തിന്റെയും ആഘോഷത്തിന്റെയും വിഡിയോ ശ്രീശാന്ത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഫെബ്രുവരി 17 മുതൽ 20 വരെ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ബോളർമാരും ബാറ്റർമാരും ഒരുപോലെ തിളങ്ങിയ മത്സരം കേരളം ഇന്നിങ്‌സിനും 166 റൺസിനും ജയിച്ചിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയുടെ ആര്യൻ ബോറയെ പുറത്താക്കിയാണ് ശ്രീശാന്ത് ഒൻപതു വർഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫിയിലെ ആദ്യ വിക്കറ്റ് നേടിയത്.
എട്ടാമനായി കളത്തിലെത്തിയ ബോറയെ ശ്രീശാന്തിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. 14 പന്തിൽ ഒരു റൺ മാത്രമെടുത്തായിരുന്നു ബോറയുടെ മടക്കം. വിക്കറ്റ് വീഴ്‌ത്തിയതിനു പിന്നാലെ പിച്ചിൽ കമിഴ്ന്നു കിടന്നാണ് ശ്രീശാന്ത് ആഘോഷിച്ചത്. ഇടവേളയ്ക്കു ശേഷമുള്ള വിക്കറ്റ് നേട്ടത്തിന് പിച്ചിനു പ്രണാമമർപ്പിക്കുകയായിരുന്നു താനെന്ന് ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.
Now that's my 1st wicket after 9 long years..gods grace I was just over joyed and giving my Pranaam to the wicket ..❤️❤️❤️❤️❤️❤️❤️ #grateful #cricket #ketalacricket #bcci #india #Priceless pic.twitter.com/53JkZVUhoG
- Sreesanth (@sreesanth36) March 2, 2022
പിന്നാലെ അതേ ഓവറിൽ മറ്റൊരു വാലറ്റക്കാരൻ ചെങ്കം സാങ്മയേയും പുറത്താക്കി ശ്രീശാന്ത് മേഘാലയ ഇന്നിങ്‌സിന് വിരാമമിടുകയും ചെയ്തു. രണ്ടു പന്തു മാത്രം നേരിട്ട സാങ്മയും ശ്രീശാന്തിന്റെ പന്തിൽ വിഷ്ണു വിനോദിനു ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. ഇതോടെ 40.5 ഓവറിൽ മേഘാലയയുടെ ഇന്നിങ്‌സ് 148 റൺസിൽ അവസാനിച്ചു.
ഒന്നാം ഇന്നിങ്‌സിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 505 റൺസെടുത്ത കേരളത്തിനെതിരെ മേഘാലയ രണ്ടാം ഇന്നിങ്‌സിലും 191 റൺസിനു പുറത്തായി. ഇതോടെ കേരളം ഇന്നിങ്‌സിനും 166 റൺസിനും ജയിച്ചു. മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്‌ത്തി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം ഗംഭീരമാക്കിയ പതിനേഴുകാരൻ ഏദൻ ആപ്പിൾ ടോമായിരുന്നു കളിയിലെ കേമൻ. ഈ മത്സരത്തിനു പിന്നാലെ പരുക്കേറ്റ ശ്രീശാന്ത് നാട്ടിലേക്കു മടങ്ങിയിരുന്നു. ഇപ്പോൾ കൊച്ചിയിൽ ചികിത്സയിലാണ് താരം.
പരുക്കേറ്റ് നാട്ടിലേക്കു മടങ്ങേണ്ടി വന്നെങ്കിലും ഉടൻ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. പരുക്കേറ്റ് പിന്മാറേണ്ടി വന്നെങ്കിലും തന്നെ എഴുതിത്ത്തള്ളരുതെന്നും ശ്രീശാന്ത് അഭ്യർത്ഥിച്ചു. മേഘാലയയ്ക്കെതിരായ മത്സരത്തിൽ ബോൾ ചെയ്യുന്നതിന്റെ വിഡിയോ സഹിതമാണ്, തന്നെ എഴുതിത്ത്തള്ളരുതെന്ന മുപ്പത്തൊൻപതുകാരനായ ശ്രീശാന്തിന്റെ അഭ്യർത്ഥന.
ഒൻപത് വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള രഞ്ജി ടീമിൽ ഇടം പിടിച്ച ശ്രീശാന്ത് ആദ്യ മത്സരത്തിൽ മേഘാലയയ്‌ക്കെതിരെ കളത്തിലിറങ്ങിയെങ്കിലും പിന്നാലെ പരുക്കേറ്റ് പുറത്താവുകയായിരുന്നു. ശ്രീശാന്തിന്റെ പ്രായവും ഇപ്പോഴേറ്റ പരുക്കും ഫോം നഷ്ടവും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിനിടെയാണ് തിരിച്ചുവരുമെന്ന താരത്തിന്റെ പ്രഖ്യാപനം.
'കഴിഞ്ഞ മത്സരത്തിൽ ന്യൂബോളിൽ എന്റെ പ്രകടനമാണിത്. എന്റെ ബോളിങ് കാണാതെ സ്‌കോർ കാർഡ് മാത്രം നോക്കി ദയവു ചെയ്ത് എന്നെ എഴുതിത്ത്തള്ളരുത്. നിങ്ങൾ എല്ലാവരോടും എനിക്ക് അതിരറ്റ ബഹുമാനവും സ്‌നേഹവുമുണ്ട്. ക്രിക്കറ്റിനായി ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ എനിക്കാകും. ഞാൻ ഒരിക്കലും പാതിവഴിയിൽ നിർത്തിപ്പോകില്ല' ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.
ഈ കുറിപ്പിനൊപ്പമാണ് മേഘാലയയ്ക്കെതിരായ മത്സരത്തിലെ ബോളിങ്ങിന്റെ വിഡിയോയും ശ്രീശാന്ത് പങ്കുവച്ചത്. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ഈ മത്സരത്തിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശ്രീശാന്ത് ഒന്നാം ഇന്നിങ്‌സിൽ 11.5 ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ സഹിതം 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഒൻപത് ഓവറിൽ 57 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.


