- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃഗസ്നേഹികൾക്കൊപ്പം പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്; നഗരസഭാ ചെയർപേഴ്സന്റെ ജാതിയോ മതമോ ഒന്നും എനിക്കറിയില്ല; അപകീർത്തിപ്പെടുത്തുന്ന ഒന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തിട്ടുമില്ല; തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയുടെ പരാതിയിൽ രഞ്ജിനി ഹരിദാസിന്റെ പ്രതികരണം
തൃക്കാക്കര: അവതാരക രഞ്ജിനി ഹരിദാസിനും അഭിനേതാവ് അക്ഷയ് രാധാകൃഷ്ണനുമെതിരെ തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പൻ പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്. അപകീർത്തിപ്പെടുത്തുയെന്ന് കാണിച്ചായിരുന്നു തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പന്റെ പരാതി. എന്നാൽ, ഈ പരാതി അടിസ്ഥാന രഹിതമാണെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.
നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തിൽ മൃഗസ്നേഹികൾക്കൊപ്പം പ്രതഷേധിക്കുക മാത്രമാണ് ഞാൻ ചെയ്തത്. നഗരസഭാ ചെയർപേഴ്സന്റെ ജാതിയോ മതമോ ഒന്നും എനിക്കറിയില്ല. നഗരസഭാദ്ധ്യക്ഷയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഒന്നും സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
തെരുവു നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തിൽ രഞ്ജിനിയുടെ നേതൃത്വത്തിൽ മൃഗസ്നേഹികൾ തൃക്കാക്കര നഗരസഭാ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധക്കാർ തന്റെ ചിത്രമടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം നടത്തുകയാണെന്ന് അജിതാ തങ്കപ്പന്റെ പരാതിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും പരാതിയിൽ വ്യക്തമാക്കി.
തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിഷേധിച്ച മൃഗസ്നേഹികൾ മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് രഞ്ജിനി ഹരിദാസ് ആവശ്യപ്പെടുകയുണ്ടായി. തെരുവുനായ്ക്കളെ കൊലപ്പെടുത്തുന്നവരെ ശിക്ഷിക്കാൻ ശക്തമായ നിയമം കേരളത്തിൽ നിലവിലില്ല. 50 രൂപ നൽകിയാൽ ജാമ്യം ലഭിക്കുന്ന അവസ്ഥയാണുള്ളത്. ഇതിന് മാറ്റം ഉണ്ടാകണം. തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നൂറിലധികം തെരുവുനായ്ക്കളെ ആണ് കൊന്നു കുഴിച്ചു മൂടിയത്. മാലിന്യ സംസ്കരണ കേന്ദ്രം സെമിത്തേരിക്ക് സമാനമായി മാറിയതായും രഞ്ജിനി ഹരിദാസ് പ്രതിഷേധത്തിൽ പങ്കാളിയായി പറഞ്ഞിരുന്നു.
തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടറെ ചോദ്യം ചെയ്യാൻ ആണ് പൊലീസിന്റെ തീരുമാനം . ഇയാളുടെ നിർദ്ദേശപ്രകാരമാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി. കേസിൽ ജൂനിയർ ഹെൽത് ഇൻസ്പെക്ടറും പ്രതി ആകാനാണ് സാധ്യത. നായ്ക്കളെ കൊലപ്പെടുത്തിയ കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ്, രഘു , രഞ്ജിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓരോ നായയെയും പിടികൂടുന്നതിന് ഉദ്യോഗസ്ഥർ കൂലി നൽകിയിരുന്നതായി ഇവർ പൊലീസിനു നൽകിയ മൊഴിനൽകിയിട്ടുണ്ട്. നഗരസഭയുടെ കമ്മ്യണിറ്റിഹാളിൽ താമസസൗകര്യമോരുക്കിയതും ഉദ്യോഗസ്ഥർ ആണെന്നും അറസ്റ്റിലായവർ പറഞ്ഞിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ