തിരുവനന്തപുരം: പ്രമുഖ സിനിമാ നിരൂപകൻ മനീഷ് നാരായണന്റെ ഫേസ്‌ബുക്ക് പേജിൽ സംവിധായകൻ രഞ്ജിത്തിന്റെ 'ക്ലോസറ്റ് എഴുത്ത്'. രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയെ വിമർശിച്ചതിനോടുള്ള പ്രതികരണമായിട്ടാണ് മനീഷ് നാരായണന്റെ ഫേസ്‌ബുക്ക് പേജിൽ രഞ്ജിത്ത് കമന്റിട്ടത്. മനീഷ് നാരായണന്റെ വിവാഹ ഫോട്ടോയ്ക്ക് താഴെയാണ് രഞ്ജിത്തിന്റെ കമ്മന്റ്.

രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയെ കുറിച്ച് മനീഷ് നാരായണൻ ഓൺലൈൻ റിവ്യൂ എഴുതിയിരുന്നു. ഇതിനെ കുറിച്ചാണ് രഞ്ജിത്തിന്റെ കമന്റ്. 'നിനക്ക് മധുവിധുവിന്റെ ശീതളിമ' ഒരു സിനിമ ചെയ്തവർക്ക് പുലഭ്യത്തിന്റെ വേനൽ തീയും, ഇനിയെങ്കിലും നന്നായികൂടെ മനീഷ് നാരായണാ' എന്നായിരുന്നു രഞ്ജിത്തിന്റെ കമ്മന്റ്.

രഞ്ജിത്തിന് മറുപടിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കടുത്ത വിമർശനങ്ങളാണ് രഞ്ജിത്തിനെതിരെ ഫേസ്‌ബുക്കിൽ ഉയരുന്നത്. ലീല വിമർശനങ്ങൾക്ക് അതീതമല്ലെന്നും സിനിമയെ വിമർശിക്കുന്നവർക്കെതിരെ അസഭ്യം പറഞ്ഞ് നേരിടുന്നതിനെതിനെതിരെയും പ്രമുഖരായ പലരും മറുപടിയുമായി എത്തിയിട്ടുണ്ട്.

പലർക്കെതിരെയും വിമർശനങ്ങളുമായി രംഗത്തെത്താറുള്ള രഞ്ജിത്ത് തനിക്കെതിരെയുള്ള വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് മിക്കപ്പോഴും നേരിടുന്നത്. ലീലയെ തകർക്കാൻ പലരും ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നായിരുന്നു നേരത്തേ രഞ്ജിത്തിന്റെ ആരോപണം.