തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പം തന്റെ പരിശീലകനെ കൂടി അയക്കണമെന്നു ട്രിപ്പിൾ ജംപ് താരം രഞ്ജിത് മഹേശ്വരി. പരിശീലകനെ അയച്ചില്ലെങ്കിൽ ഒളിമ്പിക്‌സിൽ മത്സരിക്കാനില്ലെന്നും രഞ്ജിത് പറഞ്ഞു.

മികച്ച പ്രകടനത്തിന് പരിശീലകന്റെ സാന്നിധ്യം അനിവാര്യമാണ്. അതിനാൽ തന്റെ പരിശീലകൻ നിഷാദ് കുമാറിനെ സംഘത്തിൽ ഉൾപ്പെടുത്തണം. ബന്ധപ്പെട്ടവർ തീരുമാനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ തന്റെ തീരുമാനത്തിനും മാറ്റമില്ലെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു.

അധികൃതരുടെ നടപടി അംഗീകരിക്കാനാകില്ല. കഴിഞ്ഞ രണ്ട് ഒളിംപിക്സുകൾക്ക് പരിശീലകനില്ലാതെ പോയപ്പോൾ തന്റെ പ്രകടനം മോശമായിരുന്നു. മറ്റു പലരും പരിശീലകരെ കൊണ്ടുപോകുന്നുണ്ട്. അക്കൂട്ടത്തിൽ തന്റെ പരിശീലകനെയും ഉൾപ്പെടുത്തണമെന്ന് രഞ്ജിത് മഹേശ്വരി പറഞ്ഞു.

തന്നോടെന്തോ വിദ്വേഷമുള്ളത് പോലെയാണ് അധികൃതരുടെ പെരുമാറ്റം. ഒളിംപിക്‌സ് യോഗ്യത നേടിയത് സ്വന്തം പരിശ്രമത്തിലൂടെയാണ്. സർക്കാരിന്റെ പണം ധൂർത്തടിച്ചെന്നോ നശിപ്പിച്ചെന്നോ പറയാനാകില്ലെന്നും രഞ്ജിത് പറഞ്ഞു.

ദേശീയ റെക്കോഡ് മറികടന്ന പ്രകടനവുമായാണ് രഞ്ജിത് മഹേശ്വരി ട്രിപ്പിൾ ജംപിൽ റിയോ ഒളിമ്പിക്സ് യോഗ്യത നേടിയത്.