- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺജീത് വധക്കേസ്: നാല് എസ് ഡി പി ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ; രണ്ട് പേർ കൊലയാളി സംഘാംഗങ്ങളാണെന്ന് പൊലീസ്; ഇതുവരെ പിടിയിലായത് പത്ത് പേർ; പ്രതികൾക്ക് വ്യാജ സിം കാർഡുകൾ കൈമാറിയ പ്രതിയും കസ്റ്റഡിയിൽ
ആലപ്പുഴ: ബിജെപി. ഒ.ബി.സി.മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസൻ വധക്കേസിൽ നാല് എസ് ഡി പി ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ഇതിൽ രണ്ടുപേർ കൊലയാളി സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂരിൽ നിന്ന് ഇന്നലെ രാത്രിയാണ് കൊലയാളി സംഘത്തിൽ ഉൾപ്പെട്ട ഇരുവരെയും പിടികൂടിയത്.
വ്യാജ സിം കാർഡ് നൽകിയ കടയുടമ മുഹമ്മദ് ബാദുഷയും അറസ്റ്റിലായി. ആകെ 10 പേരാണ് പിടിയിലായിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്ക് വ്യാജ സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയത് മുഹമ്മദ് ബാദുഷയാണ്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളിൽ നിന്നും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. രൺജീതിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് വലിയമരം സ്വദേശി സെയ്ഫുദ്ദീനെ അറസ്റ്റ് ചെയ്തത്.
രൺജീത് വധക്കേസിൽ രാവിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ രൺജീതിനെ ആക്രമിച്ച സംഘത്തിലെ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സംഘത്തിലെ എട്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. 12 അംഗ സംഘമാണ് രൺജീതിനെ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികൾ മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നെന്ന നിഗമനത്തെതുടർന്ന് അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതിനിടെയാണ് രണ്ട് പേർ പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. കേസിൽ രണ്ട് മുഖ്യപ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൂടി പിടിയിലായത്.
ഇവർ രണ്ട് പേരും കൊല്ലപ്പെട്ട രഞ്ജിത്തിന്റെ വീടിനോട് ചേർന്ന പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകരാണെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായവർ എസ്ഡിപിഐയുടെ പ്രാദേശിക ഭാരവാഹികളായിരുന്നു. റിമാൻഡ് ചെയ്യപ്പെട്ട ഇവരെ പൊലീസ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.
രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചു. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത കൂടുതൽ പ്രതികളിലേക്ക് പൊലീസ് എത്തിയതായാണു സൂചന. കൊലപാതകികളെക്കുറിച്ചും ഇവർ ഒളിവിൽ കഴിയുന്ന താവളങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
പിടിയിലായവരിൽനിന്നാണ് കൂടുതൽ പ്രതികളെക്കുറിച്ചും ഒളിത്താവളങ്ങളെക്കുറിച്ചുമുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് അറിയുന്നത്. രണ്ടുപേരെയും അറസ്റ്റുചെയ്തത് ബെംഗളൂരുവിൽനിന്നാണ്. ഇവരുടെ ശക്തികേന്ദ്രങ്ങളിലായിരുന്നതിനാൽ പ്രതികളെ അറസ്റ്റുചെയ്ത് നാട്ടിലെത്തിക്കുകയെന്നത് പൊലീസിനു വെല്ലുവിളിയായിരുന്നു. കർണാടക പൊലീസിന്റെ സ്‌പെഷ്യൽ ടീമിന്റെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്. അറസ്റ്റിലായ രണ്ടുപേരുടെയും പേരുവിവരങ്ങളോ ചിത്രങ്ങളോ ഇതേവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
രഞ്ജിത്ത് വധക്കേസിൽ ഗൂഢാലോചനയിലുൾപ്പെടെ 25 ഓളം പേർ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ അന്വേഷണം മുന്നോട്ട് പോയപ്പോൾ രഞ്ജിത്ത് വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടാൻ കഴിയാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് അന്വേഷണം പലയിടങ്ങളിലേക്ക് വ്യാപിപ്പിച്ചതും കൂടുതൽപേർ പിടിയിലാകുന്നതും.
അതേസമയം, രൺജീത് വധക്കേസിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്നാരോപിച്ച് ആലപ്പുഴ എസ്‌പി ഓഫിസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. പ്രതികളെ പൊലീസിന് പിടിക്കാനായില്ലെങ്കിൽ ബിജെപി പ്രവർത്തകർ പിടിച്ചുതരാമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി.രമേശ് പറഞ്ഞു. എന്നാൽ പ്രതികളുടെ ശരീരത്തിൽ കേടുപാടുകളുണ്ടാകുമെന്നും രമേശ് മുന്നറിയിപ്പ് നൽകി.
മറുനാടന് മലയാളി ബ്യൂറോ