ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ. കേസിലെ മുഖ്യപ്രതികളായ രണ്ട് മണ്ണഞ്ചേരി സ്വദേശികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതുവരെ 16 പേരാണ് പിടിയിലായത്.

ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മുഖ്യപ്രതികൾ അടക്കം ഇനിയും കൂടുതൽ പേർ പിടിയിലാകാനുമുണ്ട്. കേസിൽ 25 ലേറെ പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിൽ അന്വേഷണം തുടരുകയാണ്.

ഇതിന് മുൻപ് തന്നെ കേസിലെ മുഖ്യപ്രതികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ 12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. ഇനിയും നാല് പ്രതികളെയാണ് പിടികൂടാനുള്ളത്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. കേസിൽ ആകെ 25 പേരോളം പ്രതികളുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്കായും അന്വേഷണം പുരോഗമിക്കുകയാണ്.

നിലവിൽ കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മുഴുവൻ പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് രൺജീതിനെ പോപ്പുലർഫ്രണ്ട് ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരാൻ മുഴുവൻ പ്രതികളും അറസ്റ്റിലാകേണ്ടതുണ്ട്.

ഡിസംബർ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടിൽ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിൽ വച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോർച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രൺജീത് ശ്രീനിവാസൻ.

എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് പകരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടർന്ന് തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികൾക്കായി കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാൽ പ്രതികൾ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാൻ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.