- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായി മുഴുവൻ വൈദ്യുതി സോളാർ പാനലിൽ നിന്നും ലഭിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്കും വീട്ടിൽ ആയിക്കൂടാ? വീട്ടിലെ വൈദ്യുതി കണക്ഷൻ സോളറിലേക്ക് മാറ്റിയതോടെ സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വൈദ്യുതി ബിൽ 14000ൽ നിന്നും 100 രൂപയിലേയ്ക്ക് കുറഞ്ഞു; 'പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ'വെന്ന് രഞ്ജിത്ത്; ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിന്റെ കാലത്ത് സോളാർ എനർജി സാധാരണക്കാർക്ക് മുന്നിൽ തുറക്കുന്നത വലിയ സാധ്യതകൾ
കൊച്ചി: സോളാർ എനർജിയെ കുറിച്ചു കേരളം ചർച്ച ചെയ്തു തുടങ്ങിയിട്ട് കാലം കുറേയായി. സോളാർ എനർജിയിലേക്ക് കടന്നാൽ വൈദ്യുതി ബിൽ ലാഭിക്കുന്നതിനൊപ്പം തന്നെ പ്രകൃതി സംരക്ഷണത്തിലും പങ്കാളിയാകാൻ സാധിക്കും. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിന്റെ കാലത്ത് സോളാർ എനർജി നൽകുന്ന സാധ്യതകൾ വളരെ വലുതാണ്. വീട്ടിലെ വൈദ്യുതി കണക്ഷൻ സോളറിലേക്ക് മാറ്റിയതോടെ സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വൈദ്യുതി ബില്ലിൽ വൻ കുറവാണ്. കഴിഞ്ഞ മാസം ആകെ അദ്ദേഹത്തിന് ബിൽ ഇനത്തിൽ ചെലവായത് വെറും 100 രൂപ. രഞ്ജിത് തന്നെയാണ് സമൂഹമാധ്യമത്തിൽ ഇതു സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
'സോളറിലേക്ക് മാറിയതിനു ശേഷമുള്ള ആദ്യ ബിൽ. പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ' ബിൽ പങ്കു വച്ച് അദ്ദേഹം കുറിച്ചു. നിരവധി ആളുകളാണ് സോളറിലേക്ക് മാറിയതിനെ അഭിനന്ദിച്ചും വിശദവിവരങ്ങൾ തിരക്കിയും പോസ്റ്റിനു താഴെ കമന്റ് രേഖപ്പെടുത്തിയത്. പതിനാലായിരം രൂപയോളമാണ് കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി ബില്ലായി സംവിധായകന് ലഭിച്ചുകൊണ്ടിരുന്നത്. ഒരു പരീക്ഷണമെന്നപോലെ സോളാർ വച്ചു നോക്കിയതാണെന്നും ഇത് ഇത്രയും വിജയമാകുമെന്ന് കരുതിയില്ലെന്നും രഞ്ജിത് പറയുന്നു.
രഞ്ജിത്തിന്റെ വാക്കുകൾ പൊതുവേ എല്ലാവർക്കും സഹായകരമായ കാര്യമാണ്. നേരത്തെ ലോക്ക് ഡൗൺ കാലത്ത് ഷോക്കടിപ്പിക്കുന്ന കറന്റ് ബിൽ കിട്ടിയവരിൽ നിരവധി താരങ്ങൾ ഉണ്ടായിരുന്നു. കാർത്തിക നായരായിരുന്നു ഇവരിൽ പ്രധാനി. ജൂൺ മാസം ഒരു ലക്ഷം രൂപയോളം അടുപ്പിച്ചുണ്ടായിരുന്നു കാർത്തികയ്ക്കു മുംബൈയിൽ ലഭിച്ച കറന്റ് ബിൽ. പരമാവധി 1700 രൂപ ബിൽ വരാറുണ്ടായിരുന്ന സംവിധായകൻ അനീഷ് ഉപാസനയ്ക്ക് 11,273 രൂപയുടെ ബിൽ ലഭിച്ചതും വാർത്തയായിരുന്നു.
കേരളത്തിന് മാതൃക സിയാൽ
നൂറു കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകൾ സ്ഥാപിച്ച് സിയാലിൽ 2013ൽ ആരംഭിച്ച ഊർജോൽപ്പാദന സംരംഭങ്ങളുടെ ഇപ്പോഴത്തെ സ്ഥാപിത സൗരോർജ ശേഷി 40 മെഗാവാട്ടാണ്. കൊച്ചിൻ വിമാനത്താവളം മുഴുവനായും പ്രവർത്തിക്കുന്നത് സൗരോർജ്ജത്തിലാണ്. ഇത് ലോകം തന്നെ അംഗീകരിക്കപ്പെട്ട മാതൃകയാണ്. ഈ മാതൃകയിലേക്ക് കേരളവും കടക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിലും പ്രവർത്തനങ്ങളിലും എന്നും പുതുമകൾ സൃഷ്ടിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ)ക്ക് ആഗോളതലത്തിലെ അംഗീകാരമായി ഐക്യരാഷ്ട്ര സംഘടനയുടെ 2018ലെ ചാംപ്യൻ ഓഫ് എർത്ത് പുരസ്കാരവും ലഭിച്ചിരുന്നു. സക്കാർ നിയന്ത്രണത്തിലാണെങ്കിലും ധീരമായ പരീക്ഷണങ്ങൾ നടത്താനും അതു വിജയകരമായി നടപ്പാക്കാനായതുമാണ് സിയാലിന്റെ ഊർജോൽപാദന മേഖലയിലെ മുന്നേറ്റത്തിനും ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തിൽ സൂര്യശോഭയിൽ പ്രകാശിക്കാൻ കഴിയുന്നതിനും കാരണമായത്.
2013ൽ പഴയ രാജ്യാന്തര ടെർമിനലിന്റെ അറൈവൽ ബ്ലോക്കിനു മുകളിൽ 100 കിലോവാട്ട് ശേഷിയുള്ള പാനലുകൾ സ്ഥാപിച്ചായിരുന്നു സിയാൽ സൗരോർജ രംഗത്തേക്കുള്ള പടികൾ ചവിട്ടിയത്. തുടർന്ന് ഏവിയേഷൻ അക്കാദമി പരിസരത്തു പ്ലാന്റ് സ്ഥാപിച്ചു. 2015ൽ കാർഗോ പരിസരത്ത് 12 മെഗാവാട്ട് ശേഷിയുള്ള കൂറ്റൻ പ്ലാന്റ് സ്ഥാപിച്ചതോടെ സിയാൽ ഊർജ സ്വയംപര്യാപ്തത കൈവരിച്ചു. ആ വർഷം തന്നെ സമ്പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതി കൂടി സിയാലിന്റെ പേരിനൊപ്പം ചാർത്തപ്പെട്ടു. അതേസമയം പുതിയ ടെർമിനലുകൾ നിർമ്മിക്കുകയും പഴയവ നവീകരിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിന്റെ ഊർജാവശ്യങ്ങൾ കുതിച്ചുയർന്നു. കഴിഞ്ഞ വർഷം 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ രാജ്യാന്തര ടെർമിനൽ പ്രവർത്തനം തുടങ്ങിയതോടെ വിമാനത്താവളത്തിന്റെ പ്രതിദിന ഊർജ ഉപഭോഗം 1.1 ലക്ഷം യൂണിറ്റായി ഉയർന്നു.
വിമാനത്താവള റൺവേയുടെ തെക്കു വശത്തുള്ള ചെങ്ങൽത്തോടിന്റെ കരകളിൽ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളുടെ മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. സാധാരണ തെക്കോട്ടാണു സൗരോർജ പാനലുകൾ ചരിച്ചുവയ്ക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇതു സാധ്യമാകില്ല. ഈ പ്രശ്നം പരിഹരിക്കാൻ സൂര്യന്റെ ചലനത്തിനൊപ്പം ദിശമാറുന്ന ട്രാക്കിങ് പാനലുകളും മധ്യ-വടക്കു ദിശകളിലുള്ള പാനലുകളും സിയാൽ സ്ഥാപിച്ചിട്ടുണ്ട്.
കെഎസ്ഇബിക്കു നൽകുന്നത് പ്രതിദിനം 30,000 യൂണിറ്റ് വൈദ്യുതി
പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതി നിലനിർത്തണമെങ്കിൽ കൂടുതൽ സൗരോർജ സാധ്യതകൾ സിയാലിനു കണ്ടെത്തേണ്ടതായി വന്നു. അതോടെ വിമാനത്താവളത്തിൽ വെളിച്ചം കിട്ടുന്ന എവിടെയും സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ സിയാൽ ഉപയോഗപ്പെടുത്തുകയായിരുന്നു. മേൽക്കൂരകൾ, ഹാംഗർ, കാർഗോ പരിസരങ്ങൾ, കാർപോർട്, കനാൽ എന്നിവയ്ക്കു പുറമേ, റൺവേയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തും സൗരോർജ പാനലുകൾ സ്ഥാപിച്ചു. വിമാനത്താവള ടെർമിനലുകളുടെ മുൻഭാഗത്തു വെറുതെ കിടക്കുന്ന സ്ഥലങ്ങളിലും പാനലുകൾ സ്ഥാപിക്കുകയാണ്. ഇവയെല്ലാം അടുത്ത മാസം പ്രവർത്തനക്ഷമമാകുന്നതോടെ സിയാലിന്റെ മൊത്തം സൗരോർജ സ്ഥാപിതശേഷി 40 മെഗാവാട്ട് ആകും. പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി ഇതിൽനിന്നു സിയാലിനു ലഭിക്കും. വിമാനത്താവളത്തിന്റെ പ്രതീക്ഷിക്കുന്ന പ്രതിദിന ഊർജ ഉപഭോഗമായ 1.3 ലക്ഷം യൂണിറ്റ് കഴിഞ്ഞ് 30,000 യൂണിറ്റ് വൈദ്യുതിയെങ്കിലും സിയാലിനു കെഎസ്ഇബിക്കു കൈമാറാൻ കഴിയും.
നിലവിൽ ലോകത്തെ വലിയ കാർപോർട് സിയിലിലേതാണ്. പുതിയ രാജ്യാന്തര ടെർമിനലിനു മുന്നിലെ കാർപാർക്കിങ് ഏരിയ മുഴുവൻ സിയാൽ മേൽക്കൂര സ്ഥാപിക്കുകയും ഇവിടെ സൗരോർജ പാനലുകൾ സ്ഥാപിക്കുകയും ചെയ്തു. 1400 കാറുകൾക്കു പാർക്ക് ചെയ്യാം. ഈ പാർക്കിങ് മേഖലയിൽ നിന്നും 2.7 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ