- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ; കസ്റ്റഡിയിൽ ഉള്ളരവരിൽ രണ്ട് പേർ കൃത്യത്തിൽ പങ്കെടുത്തവരെന്ന് സൂചന; ഒരാളെ കസ്റ്റഡിയിൽ എടുത്തത് ബെംഗളുരുവിൽ നിന്നും; നിർണായക അറസ്റ്റുകളിലേക്ക് കടക്കാൻ അന്വേഷണ സംഘം
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പൊലീസിന്റെ കസ്റ്റഡിയിൽ. എസ്ഡിപിഐ പ്രവർത്തകരായ ഇവരിൽ രണ്ടുപേർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗികമായ സ്ഥിരീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായിട്ടാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ബെംഗളൂരുവിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. അനൂപ്, അഷ്റഫ് എന്നിങ്ങനെ പേരുള്ള കൃത്യത്തിൽ പങ്കെടുത്ത രണ്ടുപേരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക.
കൊലപാതകത്തിൽ നേരിട്ട് 12 പേരാണ് പങ്കെടുത്തത് എന്നാണ് നിഗമനം. പിടിയിലായവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വഴി മറ്റുള്ള പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ചില പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിനെ ബാധിക്കുമെന്നതിനാൽ വിശദാംശം ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് ആലപ്പുഴ എസ്പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനിടെ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്. ആലുവ ജില്ലാ പ്രചാരകിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13-ാം വാർഡ് കുറുങ്ങാടത്ത് വളപ്പിൽവീട്ടിൽ കെ.വി. അനീഷിനെയാണ് (39) ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്പി. കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതിയായ മുരുകേശനെ ഒളിവിൽ താമസിക്കാൻ അനീഷ് സഹായിച്ചെന്ന് പൊലീസ് പറയുകയുണ്ടായി. ആലുവയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഷാനിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയിലടക്കം ആർ.എസ്.എസ്. നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഷാനെ വധിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി മാസങ്ങളുടെ ഗൂഢാലോചനയും നടന്നു. ഷാനിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർ.എസ്.എസ്. നേതാക്കൾക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കി എന്നാണ് അറസ്റ്റിലായ അനീഷിനെതിരെ കുറ്റം.
അന്വേഷണ സംഘം വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയിലാകുമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. ഷാൻ, രഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നുണ്ട്. കണ്ണൂരിൽനിന്നുള്ള ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ജില്ലയിലെത്തിയ അതേദിവസമാണ് ഷാന്റെ കൊലപാതകം നടന്നുവെന്നതടക്കമുള്ള കാര്യവും പൊലീസ് പരിശോധിക്കും. അറസ്റ്റിലായ ആർ.എസ്.എസ് ജില്ല പ്രചാരകിൽനിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയുണ്ട്.
ഷാൻ വധക്കേസിൽ ആദ്യം അറസ്റ്റിലായ രാജേന്ദ്രപ്രസാദും രതീഷും ആർ.എസ്.എസ് കാര്യാലയത്തിൽ ജില്ല പ്രചാരകിന്റെ മുറിയിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉന്നത ആർ.എസ്.എസ് നേതാക്കൾ അറിഞ്ഞുള്ള ആസൂത്രണത്തിന് നേതൃത്വം നൽകിയത് ആലപ്പുഴ ജില്ല പ്രചാരക് ശ്രീനാഥാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ഒരു കൊലക്കേസിൽ പ്രതിയും കൊല്ലം സ്വദേശിയുമായ ഇയാൾ ഒളിവിലാണ്. ആലപ്പുഴ തൊണ്ടംകുളങ്ങരയിലെ ആർ.എസ്.എസ് കാര്യാലയത്തിലെ ശ്രീനാഥിന്റെ മുറിയിലാണ് ഗൂഢാലോചന നടന്നതും പദ്ധതി അന്തിമമായി രൂപപ്പെടുത്തി കൊലപാതകം നടത്തിയതും.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്തുന്നതിനൊപ്പം രാഷ്ട്രീയ കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായവരേയും കണ്ടെത്താനാണ് നീക്കം. കൃത്യത്തിൽ പങ്കെടുത്തവരും ഇവർക്ക് സഹായം നൽകിയവരെയും പിടികൂടാൻ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. ഡിസംബർ 18ന് രാത്രി 7.30ന് മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിലാണ് വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ (38) പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ