പത്തനംതിട്ട: സ്വന്തം വോട്ട് അസാധുവാക്കിയിട്ടും പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവതിയാണ് കോട്ടാങ്ങൽ പഞ്ചായത്ത് എട്ടാം വാർഡ് അംഗം ടിഐ ഷാഹിദാബീവി. ഘടക കക്ഷിയല്ലാതിരുന്നിട്ടു കൂടി കേരളാ കോൺഗ്രസ് (എം) അനുകൂലിച്ച് വോട്ട് ചെയ്തതും ബിജെപി അംഗങ്ങൾ വിട്ടു നിന്നതുമാണ് ഭാഗ്യമായത്.

ഷാഹിദാബീവിക്ക് ഏഴ് വോട്ടുകളും സിപിഎമ്മിലെ ആനി രാജുവിന് മൂന്ന് വോട്ടുകളും ലഭിച്ചു. വോട്ട് ചെയ്യുന്നവർ ബാലറ്റ് പേപ്പറിൽ പേരെഴുതി ഒപ്പിടണമെന്നതാണ് നിയമം. ഷാഹിദാബീവി പേരെഴുതിയില്ല. ഒപ്പ് മാത്രമാണ് ഇട്ടത്. ഇതുസംബന്ധിച്ച് എൽഡിഎഫ്. പ്രവർത്തകർ തർക്കം ഉന്നയിക്കുകയും റിട്ടേണിങ് ഓഫീസർ അത് അംഗീകരിക്കുകയും ചെയ്തു. അതിനാൽ പ്രസിഡന്റിന്റെ വോട്ട് അസാധുവായി.

ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കേരളാ കോൺഗ്രസ് (എം) യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. സഹകരണ സംഘം അസിസ്റ്റന്റ് ഓഡിറ്റ് ഡയറക്ടർ ഷാജി വരണാധികാരിയായിരുന്നു.

കക്ഷിനില യുഡിഎഫ്: 8. കോൺഗ്രസ് 4, കേരളാ കോൺഗ്രസ്- എം 2, മുസ്ലിം ലീഗ് 2, സിപിഎം. 3, ബിജെപി. 2. പ്രസിഡന്റായിരുന്ന ആലീസ് സെബാസ്റ്റ്യൻ ധാരണ പ്രകാരം രാജി വച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.