റാന്നി : പഴവങ്ങാടി പഞ്ചായത്ത് നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ബിജെപി നിലനിർത്തിയെന്നതിന് നാട്ടുകാരുടെ സ്‌നേഹ പിന്തുണയുടെ കരുത്തുണ്ട്. 2015ൽ ഇവിടെ ജയിച്ചത് പ്രകാശനായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ അച്ഛൻ തങ്കപ്പൻ പിള്ളയും. 'ചാച്ചൻ' അങ്കം ജയിച്ചെത്തി കൈ പിടിച്ചപ്പോൾ മൂന്നാം അഗ്‌നിപരീക്ഷയും ജയിച്ച സന്തോഷമായിരുന്നു പ്രകാശിന്. തനിക്ക് ചെയ്യാനാകാത്തത് അച്ഛൻ ചെയ്യുന്നതിന്റെ ആഹ്ലാദം

റാന്നിയിൽ ബിജെപിയുടെ മുൻ നിര പ്രവർത്തകനായിരുന്നു പ്രകാശൻ. ജനപിന്തുണയുള്ള നേതാവ്. ഇതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അത്യപൂർവ്വമായ സംഭവങ്ങളായിരുന്നു അതിന് ശേഷം നടന്നത്. അങ്ങനെ ജയിച്ച വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ഉപതെരഞ്ഞെടുപ്പുമെത്തി. പഞ്ചായത്ത് അംഗത്വം പ്രകാശ് രാജിവച്ചിരുന്നുമില്ല. അങ്ങനെ തികച്ചും വ്യത്യസ്തമായ കഥ.

2015 നവംബറിലെ തിരഞ്ഞെടുപ്പിൽ പഴവങ്ങാടി പഞ്ചായത്ത് നാലാം വാർഡിൽ (കണ്ണങ്കര) ബിജെപിക്കു വേണ്ടി മൽസരിച്ചതു ചേത്തയ്ക്കൽ കണ്ണന്താനത്ത് പ്രകാശാണ്. പ്രചാരണത്തിനിടയിൽ ഒക്ടോബർ 23ന് ആണ് നാൽപ്പത്തിനാലുകാരനായ പ്രകാശിന്റെ കാതിനുള്ളിൽ ചെറുപ്രാണി പാഞ്ഞു കയറിയത്. പിറ്റേന്ന് കോഴഞ്ചേരിയിലെ ആശുപത്രിയിൽ പ്രാണിയെ പുറത്തെടുത്തു. വേദന സഹിച്ച് പ്രകാശ് വീണ്ടും പ്രചാരണത്തിനിറങ്ങി.

നവംബർ അഞ്ചിനു വോട്ടെടുപ്പ് കഴിഞ്ഞും ചെവിയിലെ വേദന തുടർന്നു. പ്രകാശ് വീണ്ടും ആശുപത്രിയിലേക്ക്. ചെവിയിലെ വേദന ഉടലിനെ പിടിച്ചു കുടയുന്നതിനിടയിലാണ് ജയമെത്തിയത്. അപ്പോഴും വേദനയോട് മല്ലിട്ട് ആശുപത്രിയിൽ. വേദന കടുത്തപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും അണുബാധയുണ്ടെന്നു കണ്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. നാലു വലിയ ശസ്ത്രക്രിയകളും എട്ടു ചെറു ശസ്ത്രക്രിയകളും നടത്തി. ഇതൊന്നും പ്രകാശന്റെ ആരോഗ്യത്തെ പൂർണ്ണമായും തിരിച്ചു കൊണ്ടു വന്നില്ല.

ഒടുവിൽ മെയ്‌ എട്ടിനാണ് പ്രകാശ് വീട്ടിലെത്തിയത്. പ്രാണിയുടെ ആക്രമണത്തിൽ ഒരു കണ്ണിനും കാതിനും സാരമായ കേടുപറ്റിയായിരുന്നു മടക്കം. കിടക്ക വിട്ട് എഴുന്നേൽക്കാൻ പറ്റാതായി. വീൽ ചെയറിലാണു സഞ്ചാരം. ഇതിനകം പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു. പ്രകാശിന് സത്യപ്രതിജ്ഞ ചെയ്യാൻ ചട്ടം അനുവദിക്കില്ലെന്ന് അതോടെ വ്യക്തമായി. സത്യപ്രതിജ്ഞ ചെയ്യാനുള്ള ആരോഗ്യാവസ്ഥ പ്രകാശിന് ഇല്ലായിരുന്നു. ഇക്കാര്യം പാർട്ടിയെ ബന്ധുക്കൾ അറിയിച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു.

ബിജെപി നേതൃത്വം എഴുപത്തഞ്ചുകാരനായ പിതാവ് തങ്കപ്പൻ പിള്ളയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രകാശിന്റെ ജനപിന്തുണയ്ക്ക് തെളിവായി അച്ഛനും ജയിച്ചു. ഇനി അച്ഛന്റെ സത്യപ്രതിജ്ഞ.