പത്തനംതിട്ട: മറ്റൊരുവന്റെ ഭാര്യയുമായി ഒളിച്ചോടിയ യുവാവ് അകത്തായി. വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈസിയായി കേസിൽ നിന്നൂരിപ്പോകേണ്ടിയിരുന്ന കാമുകൻ അകത്തായത് ബൈക്ക് മോഷണക്കേസിലാണെന്നു മാത്രം. കാമുകിക്കൊപ്പം സുഖജീവിതം സ്വപ്നം കണ്ട യുവാവിനെ റിമാൻഡിലാക്കിയത് പൊലീസിന്റെ സമയോചിതമായ ഇടപെടലായിരുന്നു. കള്ളക്കാമുകന്റെ പൂർവ ചരിത്രം അന്വേഷിച്ചപ്പോൾ ആൾ നിരവധി മോഷണക്കേസിലെ പ്രതി. കാമുകിയെ പൊലീസ് മഹിളാ മന്ദിരത്തിലാക്കി.

റാന്നിയിലെ മൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ഉഴത്തിൽ തടത്തിൽ ഷിനു (20) വാണ് ജയിലിലായത്. താൻ ജോലി ചെയ്തു വന്ന കടയുടെ സമീപത്ത് തയ്യലിനെത്തിയ യുവതിയുമായിട്ടാണ് ഇയാൾ അടുപ്പത്തിലായത്. ഒരാഴ്ച മുമ്പ് ഇരുവരും നാടുവിട്ടു. മൊബൈൽ ഫോണുകൾ സ്വിച്ചോഫ് ചെയ്ത് യാത്ര സേഫാക്കി. കേരളം വിട്ട ഇവർ തെങ്കാശിയിൽ ലോഡ്ജിൽ മുറിയെടുത്തു മധുവിധു ആരംഭിച്ചു. കൈയിൽ കൂടുതൽ കാശില്ലാതിരുന്നതിനാൽ മധുവിധു വെട്ടിച്ചുരുക്കേണ്ട ഗതികേടുണ്ടായി. ലോഡ്ജിലെ റൂംബോയിയുടെ കാരുണ്യത്താൽ അയാളുടെ വീട്ടിൽ രണ്ടു ദിവസം താമസിച്ചു. ഗതികേട് കൊണ്ട് ഇതിനിടെ മൊബൈൽ ഫോൺ ഓൺ ചെയ്യേണ്ടി വന്നു.

ഫോൺ ഓണായതും സൈബർ സെൽ ചാടിപ്പിടിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ മനസിലാക്കി പൊലീസ് ഇരുവരേയും പൊക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ കാമുകനോടൊപ്പം പോകാനായിരുന്നു യുവതിയുടെ തീരുമാനം. എന്തായാലും യുവാവിന്റെ നല്ലനടപ്പിനെപ്പറ്റി അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. ഇയാൾ ഉപയോഗിച്ചുവന്ന ഹോണ്ടാ ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. വള്ളിക്കോട് കോട്ടയം വാലുതുണ്ടിയിൽ റിനു ബാബുവിന്റെ പേരിലുള്ള 2011 ലെ കെ.എൽ.3 യു-5823 രജിസ്ട്രേഷനിലുള്ള ബൈക്ക് താൻ മലയാലപ്പുഴ സ്വദേശിയിൽ നിന്നും സെക്കൻഡ് ഹാൻഡ് വാങ്ങിയതാണെന്നായിരുന്നു ഷിനു പൊലീസിനോടു പറഞ്ഞത്.

അടുത്ത ദിവസം ഇയാളെ കൂട്ടി സ്റ്റേഷനിൽ എത്താൻ പറഞ്ഞെങ്കിലും വണ്ടി നൽകിയവൻ സ്ഥലത്തില്ലെന്നും ആറു മാസം കഴിഞ്ഞേ വരികയുള്ളുവെന്നും പറഞ്ഞ് ഷിനു രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് വിട്ടില്ല. രജിസ്ട്രേഷനിലുള്ള അഡ്രസുടമ റിനുവിനെ വിളിച്ചുവരുത്തിയപ്പോഴാണ് കഥ മാറിയത്. ജൂലൈ 23 ന് പത്തനംതിട്ട ആലുക്കാസിന്റെ മുമ്പിൽ വച്ചിരുന്ന തന്റെ ബൈക്ക് ആരോ മോഷ്ടിച്ചിരുന്നുവെന്നും പരാതി നൽകിയിരുന്നെന്നും ഇയാൾ പൊലീസിൽ മൊഴി നൽകി. അന്ന് മോഷണ വിവരത്തിന് പത്തനംതിട്ട പൊലീസ് കേസ് എടുത്തിരുന്നില്ല. റിനുവിന്റെ വിശദീകരണം കേട്ടതോടെ ഷിനുവിന്റെ കള്ളങ്ങൾ പൊളിഞ്ഞു. മുമ്പും അടൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നും ഇയാൾ ബൈക്കു മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കാമുകിയോടൊപ്പം പോകാൻ കാത്തിരുന്ന ഷിനുവിനെ പൊലീസ് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ഭർതൃ വീട്ടുകാരും ഉപേക്ഷിച്ചതോടെ യുവതിയെ മഹിളാ മന്ദിരത്തിലേക്കും അയച്ചു. വിവാഹേതര ലൈംഗിക ബന്ധം നേരത്തെ ക്രിമിനൽ കുറ്റമായിരുന്നു. കഴിഞ്ഞ ദിവസം ഈ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. അതുകൊണ്ട് തന്നെ ഭാര്യയുടെ ഒളിച്ചോട്ടത്തിൽ പൊലീസിന് കേസെടുക്കാനാകില്ല. എന്നാൽ പ്രതി മോഷ്ടാവയതുകൊണ്ട് മാത്രമാണ് ഷിനുവിന് അകത്തു പോകേണ്ടി വന്നത്.