പാലക്കാട്: വയനാട്, പത്തനംതിട്ട പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളിൽ കടന്നുകയറിയ വാനാക്രൈ വൈറസിന്റെ ആക്രമണം റെയിൽവെ കംപ്യൂട്ടർ ശൃംഖലയിലേക്കും. പാലക്കാട് സതേൺ റെയിൽവെ ഡിവിഷണൽ ഓഫീസിലെ 23 കംപ്യൂട്ടറുകളിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. റാൻസംവെയർ ആക്രമണത്തെ തുടർന്ന് പേഴ്‌സണൽ, അക്കൗണ്ട്‌സ് വിഭാഗങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

150 ഓളം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളിൽ കടന്നുകയറിയ വൈറസിന്റെ ആഘാതം എത്രയളവോളം വരുമെന്ന് ഇനിയും തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. കേരളത്തിൽ പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളിൽ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്.

വാനാക്രൈ വൈറസിന്റെ ഈ പതിപ്പിനു പിന്നിൽ ഉത്തരകൊറിയൻ ഹാക്കർ സംഘമാണെന്ന് വിവിധ രാജ്യങ്ങളിലെ സൈബർ സുരക്ഷാ ഏജൻസികൾ കുറ്റപ്പെടുത്തുന്നത്. വാനാക്രൈ വൈറസും ഉത്തരകൊറിയ നടത്തുന്ന സൈബർ ആക്രമണ രീതികളും തമ്മിൽ ഏറെ സാമ്യങ്ങളുണ്ടെന്നാണ് വിവിധ സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം.

അതേസമയം, ചില പഞ്ചായത്തുകളൊഴികെ വാനാക്രൈ ആക്രമണം സംസ്ഥാന സർക്കാരിന്റെ ഒരു വകുപ്പിനെയും ബാധിച്ചിട്ടില്ലെന്ന് ഐടി മിഷൻ നടത്തിയ അതിവേഗ സുരക്ഷാ ഓഡിറ്റിങ്ങിൽ കണ്ടെത്തി. വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പിറ്റേന്നു തന്നെ, മറ്റു കംപ്യൂട്ടറുകളിലേക്കു വിന്യസിക്കുന്ന 445 പോർട്ട് നിർജീവമാക്കിയതാണ് വൻസുരക്ഷാ ഭീഷണിയിൽനിന്നു കംപ്യൂട്ടർ ശൃംഖലയെ രക്ഷിച്ചതെന്നാണ് വിലയിരുത്തൽ.