ലണ്ടൻ: ലോകത്തെ കറുത്തവെള്ളിയാക്കി മാറ്റിയ കഴിഞ്ഞദിവസത്തെ സൈബർ ആക്രമണത്തിന്റെ രണ്ടാം പതിപ്പ് നാളെയുണ്ടാവുമെന്ന് മുന്നറിയിപ്പ് വന്നതോടെ ലോകമാകെ ആശങ്കയിൽ. ഇന്ത്യയിൽ ആന്ധ്രയിലുൾപ്പെടെ ആദ്യഘട്ടത്തിൽ കമ്പ്യൂട്ടർ ശൃംഖലകൾ തകർക്കപ്പെട്ടതോടെ തന്നെ റാൻസംവെയർ എന്ന മാൽവെയർ ആക്രമണം ലോകത്തെ ഭീതിയിലാക്കിയിരുന്നു.

വെള്ളിയാഴ്ചയുണ്ടായ സൈബർ ആക്രമണം ബ്രിട്ടന്റെ ആരോഗ്യ ശൃംഖലയെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്. പുറമെ നൂറോളം രാജ്യങ്ങളിലെ നിരവധി സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിലും വൈറസ് ബാധയുണ്ടായി. ഒരുലക്ഷത്തിലേറെ കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായതായാണ് സൂചന. മലീഷ്യസ് പ്രോഗ്രാമിനാൽ ലോക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് ചില ബ്രി്ട്ടീഷ് ഹോസ്പിറ്റലുകൾ, ജിപികൾ എന്നിവയ്ക്ക് രോഗികളുടെ ഡാറ്റ ആക്‌സസ് ചെയ്യാൻ സാധിച്ചിരുന്നില്ല.

ഫയലുകൾ ഓപ്പൺ ചെയ്യണമെങ്കിൽ പണം നൽകണമെന്നായിരുന്നു ഹാക്കർമാർ ആവശ്യപ്പെട്ടിരുന്നത്. ആക്രമണം നിയന്ത്രണാധീനമായിരുന്നുവെന്നും സർവീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ സാധിച്ചുവെന്നുമാണ് യുകെയിലെ സൈബർ സുരക്ഷ ഏജൻസിയുടെ തലവനായ സിയാറൻ മാർട്ടിൻ പ്രതികരിച്ചിരുന്നത്.

ഈ സൈബർ ആക്രമണത്തിന് സമാനമായതോ ഇതിലും രൂക്ഷമായതോ ആയ ആക്രമണം നാളെ വീണ്ടും ഉണ്ടാകുമെന്നാണ് ഇപ്പോൾ മുന്നറിയിപ്പ് വന്നിട്ടുള്ളത്. ശനിയാഴ്ചത്തെ ആക്രമണത്തെ ഒരു പരിധിവരെ ചെറുക്കാൻ സഹായിച്ച'മാൽവെയർ ടെക്' എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടർ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നൽകിയത്.

'കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ ഞങ്ങൾക്ക് തടയാൻ കഴിഞ്ഞു.ഇനിയും ഇതാവർത്തിക്കാൻ ഇടയുണ്ട്. തിങ്കളാഴ്ചയായിരിക്കും അത്. എന്നാൽ ആ ആക്രമണം തടയാൻ കഴിയണമെന്നില്ല' മാൽവെയർ ടെക് അറിയിച്ചു. ഇതോടെ വീണ്ടും ആശങ്കയിലായിരിക്കുകയാണ് ലോകത്തെ മുൻനിര സ്ഥാപനങ്ങൾ. പൂർണമായും കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ട റെയിൽവെ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ബാധിച്ചാൽ അത് ജനജീവിതത്തെ പോലും സാരമായി ബാധിക്കുമെന്നതാണ് പല വികസിത രാജ്യങ്ങളിലേയും സ്ഥിതി.

ഇന്ത്യയടക്കമുള്ള 99 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബർ ആക്രമണമുണ്ടായത്. കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാൻസംവെയർ വിഭാഗത്തിൽപ്പെടുന്ന മാൽവേറാണ് ആക്രമണത്തിനുപയോഗിച്ചത്. ഇന്ത്യയിൽ ആന്ധ്രാപ്രദേശ് പൊലീസിന്റെ 102 കംപ്യൂട്ടറുകളിൽ ആക്രമണമുണ്ടായി. അമേരിക്കൻ ദേശീയസുരക്ഷാ ഏജൻസിയിൽ (എൻ.എസ്.എ.)നിന്ന് തട്ടിയെടുത്ത 'സൈബർ ആയുധങ്ങളു'ടെ സഹായത്തോടെയാണ് കംപ്യൂട്ടറുകളിൽ ആക്രമണം നടത്തിയതെന്ന് വിദഗ്ദ്ധർ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.

സ്വീഡൻ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് ആദ്യം ആക്രമണമുണ്ടായത്. ബ്രിട്ടനിലെ ആരോഗ്യമേഖലയെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിച്ചത്. വെള്ളിയാഴ്ചയാണ് റാൻസംവേറിന്റെ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതെന്ന് കമ്പ്യൂട്ടർ സുരക്ഷാരംഗത്തെ കമ്പനിയായ അവാസ്റ്റ് പറഞ്ഞു. മണിക്കൂറുകൾക്കകം ലോകമാകെ 75,000 സൈബർ ആക്രമണങ്ങൾ കണ്ടെത്തി.

24 മണിക്കൂറിനിടെ ഒരുലക്ഷത്തിലേറെ കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചതായി മാൽവേയർ ടെക് വ്യക്തമാക്കി. ഇതുവരെ രണ്ടുലക്ഷത്തോളം കമ്പ്യൂട്ടറുകളിൽ വൈറസ് ബാധ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്. ഇത്തരമൊരാക്രമണത്തിന്റെ സാധ്യതയെക്കുറിച്ച് മൈക്രോസോഫ്റ്റ് മാർച്ചിൽ മുന്നറിയിപ്പു നൽകിയിരുന്നു. പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ആക്രമണത്തിനിരയായത്.

വെള്ളിയാഴ്ച എൻഎച്ച്എസിലെ കമ്പ്യൂട്ടർ സിസ്റ്റത്തിന് നേരെ നടന്ന കടുത്ത സൈബർ ആക്രമണത്തിൽ സിസ്റ്റം സമ്പൂർണമായി തകർന്ന് എൻഎച്ച്എസ് വീണ് പോകാതിരുന്നത് ഇംഗ്ലീഷ് സീസൈഡ് ടൗണിൽ താമസിക്കുന്ന 22 കാരൻ സമർത്ഥമായി ഇടപെട്ടതുകൊണ്ടാണെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. വീട്ടിൽ ഇരുന്ന് കമ്പ്യൂട്ടർ പഠിച്ച ഈ യുവാവ് റാൻസം വൈറസിനെ തന്ത്രപരമായി തകർത്തെറിയുകയായിരുന്നു. എന്നാൽ ഈ സൈബർ ആക്രമണത്തിന്റെ തുടർ ആക്രമണം ഉണ്ടാകുമെന്ന വിവരം പുറത്തുവന്നതോടെ ഇക്കാര്യത്തിൽ ആശങ്ക കനക്കുകയാണ്.