- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'83' ഷൂട്ടിങ്ങിനിടെ ക്ലൈവ് ലോയ്ഡ് സെറ്റിലേക്കു കയറിവന്നു; പ്രേതത്തെ നേരിട്ടു കാണുകയാണോ എന്നാണ് എല്ലാവരും അപ്പോൾ ചിന്തിച്ചത്; കബീർ ഖാനോടൊപ്പം ഇരുന്നാണു ലോയ്ഡ് ഷൂട്ടിങ് കണ്ടത്'; അപൂർവ നിമിഷം വിവരിച്ച് രൺവീർ
ന്യൂഡൽഹി: 1983ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയം പ്രമേയമാക്കുന്ന '83' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ, ലോഡ്സ് സ്റ്റേഡിയത്തിന്റെ ഗാലറിയിൽ വിൻഡീസ് ഇതിഹാസ താരം ക്ലൈവ് ലോയ്ഡ് പ്രത്യക്ഷപ്പെട്ട സംഭവം വിവരിച്ച് ബോളിവുഡ് താരം രൺവീർ സിങ്. ദേശീയ മാധ്യമത്തോടാണു രൺവീറിന്റെ വെളിപ്പെടുത്തൽ.
'1983ലെ ക്രിക്കറ്റ് ലോകകപ്പ് ടീം ഇന്ത്യ ഏറ്റുവാങ്ങുന്ന സീനാണു ഷൂട്ട് ചെയ്തിരുന്നത്. ഞങ്ങൾ ലോഡ്സ് സ്റ്റേഡിയത്തിലായിരുന്നു. 1983ൽ ഇന്ത്യയ്ക്കു ലഭിച്ച യഥാർഥ ലോകകപ്പ് തന്നെയാണു ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നത്. ലോഡ്സിലെ ചരിത്ര ബാൽക്കണിയിലായിരുന്നു ഞങ്ങളുടെ സ്ഥാനം. കപ്പ് കൈമാറുന്ന സീൻ സംബന്ധിച്ചു സംവിധായകൻ കബീർ ഖാന് നിർബന്ധമുണ്ടായിരുന്നു. ആഘോഷപ്രകടനം എങ്ങനെ വേണമെന്നതു സംബന്ധിച്ചു ഞങ്ങൾക്കെല്ലാം വ്യക്തമായ ധാരണയും ഉണ്ടായിരുന്നു.
50 മുതൽ 80 ആളുകൾ ബാൽക്കണിയിൽ നിരന്നുനിന്നു. പല ക്യാമറകൾ ഉപയോഗിച്ചുള്ള ഷോട്ടാണ്. ടൈമിങ് ശരിയാക്കുന്നതിനായി എല്ലാ താരങ്ങളും വിഡിയോ ഫുട്ടേജ് ആവർത്തിച്ചു കണ്ടുകൊണ്ടിരുന്നു. പൊടുന്നനെ, മുൻ വിൻഡീസ് നായകൻ ക്ലൈവ് ലോയ്ഡ് സെറ്റിലേക്കു കയറിവന്നു. പ്രേതത്തെ നേരിട്ടു കാണുകയാണോ എന്നാണ് എല്ലാവരും അപ്പോൾ ചിന്തിച്ചത്. അദ്ദേഹത്തിന് ഇവിടെ എന്താണു കാര്യം? ലോകകപ്പ് ഏറ്റുവാങ്ങുന്ന സീൻ ഷൂട്ടുചെയ്യുന്നതു കാണാൻ സെറ്റിലെത്തിയതായിരുന്നു അദ്ദേഹം. കബീർ ഖാനോടൊപ്പം ഇരുന്നാണു ലോയ്ഡ് ഷൂട്ടിങ് കണ്ടത്' രൺവീർ പറഞ്ഞു.
സംഭവത്തെപ്പറ്റി കബീർ ഖാൻ മറ്റൊരു അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെ, 'ഷൂട്ടിങ് കാണാനായി എന്റെ അടുത്തുവന്നിരുന്ന ലോയ്ഡിനോട് ഞാൻ ചോദിച്ചു, അൽപം കൂടി മുന്നോട്ടു കയറി ഇരിക്കണോ എന്ന്. ലോകകപ്പ് നഷ്ടമാകുന്നതു രണ്ടാം തവണയും കാണണോ എന്നായിരുന്നു തമാശ രൂപേണയുള്ള അദ്ദേഹത്തിന്റെ മറുപടി.'
കപിൽ ദേവിന്റെ ബൗളിങ് ആക്ഷനായിരുന്നു 83 സിനിമയിലെ നായകനായപ്പോൾ ഏറ്റവും പ്രയാസമായതെന്ന് രൺവീർ സിങ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.. ഇന്ത്യ മുഴുവനറിയാവുന്ന ആ ശൈലി ഏറെ പണിപ്പെട്ടാണ് സിനിമയ്ക്കായി പരിശീലിച്ചതെന്നും രൺവീർ പറഞ്ഞു.
ഓരോ ചലനത്തിലും ഇതിഹാസതാരത്തെ ഓർമിപ്പിച്ചാണ് രൺവീർ സിങ് കപിൽദേവായി പരകായപ്രവേശം ചെയ്തത്. എൺപതുകളിലെ മുൻനിര ബൗളർമാർക്കൊപ്പം പേരെഴുതാൻ കപിലിന് സഹായകമായ ബൗളിങ് ആക്ഷൻ രൺവീറിനെയും ആദ്യം കുഴക്കിയിരുന്നു.
ഇതിഹാസതാരം സച്ചിൻ ഉൾപ്പെടെയുള്ളവരുടെ ഉപദേശവും സിനിമയ്ക്ക് സഹായമായി. ട്രെയിലർ കണ്ടപ്പോൾ തന്നെ വൈകാരികമായ അനുഭവമെന്നായിരുന്ന കപിലിന്റെ പ്രതികരണം.
1983ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ കഥയാണ് 83 ചിത്രം പറയുന്നത്. തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ രൺവീർ സിങ് എന്ന നടന് പകരം കപിൽ ദേവ് മാത്രമെയുള്ളൂവെന്നാണ് ആരാധകരുടെ ആദ്യ പ്രതികരണം.
ന്യൂസ് ഡെസ്ക്