നായക പരിവേഷത്തിൽ നിന്ന് മികച്ചൊരു നടനിലേക്കുള്ള രൺവീർ സിങിന്റെ മാറ്റമാണ് അടുത്തിടെ വിജയക്കൊടി പാറിച്ച സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവദിൽ നമ്മൾ കണ്ടത്. ചിത്രത്തിന് ശേഷം ബോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി രൺവീർ മാറിയിരിക്കുകയാണ്. വിപണി മൂല്യം കുത്തനെ ഉയർന്ന താരത്തെ ഐപിഎൽ വേദിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ, മാത്രമല്ല മോഹവില കൊടുത്താണ് നടനെ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുതിയ വിശേഷം.

ഏപ്രിലിൽ നടക്കുന്ന ഐ.പി.എൽ 11ആം സീസണിൽ 15 മിനിട്ട് മാത്രം ദൈർഘ്യമുള്ള നൃത്തപരിപാടിക്കായി നടൻ ആവശ്യപ്പെട്ട തുക കേട്ട് സംഘാടകർ പോലും ഞെട്ടിയത്രേ. പരിപാടിക്കായി അഞ്ച് കോടി രൂപയാണത്രെ താരം ആവശ്യപ്പെട്ടത്. പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ് പെർഫോമൻസ് ആയിരിക്കും രൺവീർ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിക്കുക. എന്ത് തന്നയായാലും രൺവീർ തന്നെ ചടങ്ങിൽ വേണമെന്നുള്ളത് സംഘാടകർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ തുക അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്

ദിനംപ്രതി ആരാധകരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് താരത്തിന്. ഇന്ത്യയിൽ മാത്രമല്ല രാജ്യത്തിനുപുറത്തും താരത്തിന് നിരവധി ആരാധകരുണ്ട്. ഐ.പി.എൽ വേദിയിൽ മികച്ച പ്രകടനം കാഴ്ചവക്കാൻ വേണ്ടി തീവ്രമായ പരിശീലനത്തിലാണ് രൺവീർ ഇപ്പോൾ. ഗള്ളി ബോയ്, സിംബ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.