നീണ്ട ഇടവേളയ്ക്ക് ശേഷം ആദിത്യാ ചോപ്ര സംവിധാന രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രമാണ് ബേഫികർ. ഷാരൂഖ് അല്ലാതെ മറ്റൊരു നായകനുമായി ചേർന്ന് ആദിത്യ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ബേഫികറിൽ രൺവീർ സിങാണ് നായകൻ.

എന്നാൽ ഇപ്പോൾ ചിത്രം ചർച്ചയാകുന്നത് മറ്റൊരു കാര്യത്തിന്റെ പേരിലാണ്. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ രൺവീർ സിംഗും നായിക വാണി കപൂറും ചുംബന ബദ്ധരായിരിക്കുന്ന ഹോട്ട് പോസ്റ്ററുകളാണ് റിലീസായത്. താരങ്ങൾ കടൽ തീരത്ത് ചുംബിക്കുന്ന പോസ്റ്ററാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്.

ഏപ്രിലിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ വന്നത്. എല്ലാ പോസ്റ്ററുകളിലും പ്രണയ വിവശരായി ചുംബിക്കുന്ന നായകനും നായികയുമാണ് പ്രധാന ആകർഷണം. സ്വന്തം ചിത്രത്തിൽ ഒരു കിസ്സിങ് സീൻ ആദിത്യ ഉൾപ്പെടുത്തുന്നതും ആദ്യമായി ബേഫികറിലാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളും ശ്രദ്ധ നേടുകയാണ്. പാരിസിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിക്കുക

2008 ൽ ഷാരൂഖ് നായകനായ റബ് നെ ബനാദി ജോഡിയാണ് ആദിത്യ ഒടുവിൽ സംവിധാനം ചെയ്തത്. അച്ഛൻ യഷ് ചോപ്രയുടെ 83ആം പിറന്നാൾ ദിനത്തിലാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ആദിത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചിത്രം ഈ ഡിസംബറിൽ റിലീസ് ചെയ്യും.