ക്ഷിണാഫ്രിക്കയിൽ ടാക്‌സിയിൽ സഞ്ചരിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നുദിവസം കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ മൂന്ന് യുവതികളെ പൊലീസ് തിരയുന്നു. മയക്കുമരുന്ന് കുത്തിവെച്ചശേഷമാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രിട്ടോറിയയിലാണ് 23-കാരനായ യുവാവ് പീഡിപ്പിക്കപ്പെട്ടത്.

വെള്ളിയാഴ്ച കിഴക്കൻ പ്രിട്ടോറിയയിൽനിന്ന് കമ്യൂണൽ ടാക്‌സിയിൽ കയറിയ യുവാവിന് പിന്നീട് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനമാണ്. ടാക്‌സിയിലുണ്ടായിരുന്ന മൂന്ന് യുവതികൾ പരിചയപ്പെട്ട് അടുത്തുകൂടി. യുവാവിനോട് മുന്നിലത്തെ സീറ്റിലേക്ക് ഇരിക്കാൻ ആവശ്യപ്പെടുകയും ടാക്‌സി മറ്റൊരു വഴിയിലൂടെ ഓടാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് യുവതികളിലൊരാൾ മയക്കുമരുന്ന് കുത്തിവെച്ച് യുവാവിന്റെ ബോധം കെടുത്തി.

ഉണർന്നപ്പോൾ പരിചയമില്ലാത്ത സ്ഥലത്ത് മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു താനെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പിന്നീട് നിർബന്ധിച്ച് എനർജി ഡ്രിങ്ക് കുടിപ്പിച്ച യുവതികൾ, ഇയാളെ ഒട്ടേറെത്തവണ കൂട്ടബലാൽസംഗത്തിനിരയാക്കി. പൊലീസ് ഗൗരവത്തോടെയാണ് ഈ സംഭവത്തെക്കാണുന്നതെന്ന് പൊലീസ് സർവീസ് ക്യാപ്റ്റൻ കോൾ വെയ്ൽബാഷ് പറഞ്ഞു.

മൂന്നുദിവത്തിനുശേഷം യുവാവിനെ അർധനഗ്നനായി ഒരു വയലിൽ ഉപേക്ഷിച്ചശേഷം യുവതികൾ കടന്നുകളഞ്ഞു. ഇതുവഴിപോയ കാറിന് കൈകാണിച്ചാണ് യുവാവ് രക്ഷപ്പെട്ടത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും നേരെയുള്ള ബലാൽസംഗം അതിഭീകരമായ നിലയിലാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത്. വർഷം അഞ്ചുലക്ഷം പേരെങ്കിലും ഇവിടെ ബലാൽസംഗം ചെയ്യപ്പെടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ലൈംഗികാതിക്രമങ്ങളിൽ 20 ശതമാനത്തോളം പുരുഷന്മാർക്കുനേരെയാണ് ഉണ്ടാകുന്നതെന്നും കണക്കാക്കിയിട്ടുണ്ട്. പുരുഷന്മാർക്കുനേരെയുള്ള അതിക്രമങ്ങൾ പൊലീസ് ഗൗരവത്തിലെടുക്കില്ലെന്നതിനാൽ, അധികം പേരും പുറത്തുപറയാറില്ല.